മുംബൈ: ഐപിഎല്ലില്‍ ഇന്ന് എലിമിനേഷന് റൗണ്ട്. ബ്രാബണിലെ കളത്തില്‍ അങ്കകച്ച മുറുക്കുന്നത് നിലവിലെ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സും രണ്ടു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്സും. തോല്‍ക്കുന്ന ടീം ടൂര്‍ണമെന്റിന് പുറത്തേക്ക് വഴിതേടും. വിജയികള്‍ രണ്ടാം ക്വാളിഫയറിന് അര്‍ഹരാകും. രാത്രി എട്ടിന് മത്സരാരംഭം.
അവസാന ലീഗ് മത്സരത്തില്‍ രാജസ്ഥാന് റോയല്സിനുമേല് നേടിയ അവിശ്വസനീയ ജയത്തിന്റെ ലഹരിയിലാണ് മുംബൈ ഇന്ത്യന്‍സ്. ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്ക്കുന്ന രോഹിത് ശര്‍മ്മയെയും കൂട്ടുകാരെയും മറികടക്കുകയെന്നതു തന്നെ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലെ സൂപ്പര്‍ കിംഗ്സിനു മുന്നിലെ പ്രധാന വെല്ലുവിളി.
ലീഗിലെ രണ്ടു മുഖാമുഖങ്ങളിലും മുംബൈയെ ചെന്നൈ കീഴടക്കിയിരുന്നു. എന്നാല്‍ റോയല്‍സിനെ മറിച്ചിട്ട മുംബൈയുടെ നെഞ്ചുറപ്പ് ഇത്തവണ ചെന്നൈയ്ക്കു കാര്യങ്ങള്‍ കടുപ്പമാക്കും. യുഎഇയില്‍ നിന്ന് ഐപിഎല്‍ സ്വരാജ്യത്തേക്ക് വിമാനമിറങ്ങിയതു മുതല്‍ മുംബൈ ഇന്ത്യന്‍ അടിമുടിമാറുകയായിരുന്നു.
തുടര്‍ച്ചയായ അഞ്ചു തോല്‍വികള്‍ക്കുശേഷം അവര്‍ ശക്തമായി തിരിച്ചുവരന്നു. ഓപ്പണര്‍മാരായ ലെന്‍ഡല്‍ സിമ്മണ്‍സും മൈക്ക് ഹസിയും മികച്ച ഫോമിലാണ്. മധ്യനിരയില്‍ രോഹിത്തും അമ്പാട്ടി റായിഡുവും താളംകണ്ടെത്തുന്നു. പോരാഞ്ഞിട്ട് കിവി ബാറ്റ്സ്മാന് കോറി ആന്ഡേഴ്സന് കൃത്യസമയത്ത് ഹിറ്റിങ് പവര്‍ പുറത്തെടുത്തതും മുംബൈയ്ക്ക് ആധിപത്യം നല്കുന്നു.
ബൗളിങ്ങില്‍ മുംബൈയെ ചില പ്രശ്നങ്ങള്‍ അലട്ടുന്നുണ്ട്. ലസിത് മലിംഗയുടെ തിരിച്ചുപോക്കും പ്രവീണ്‍ കുമാറിന്റെ പരിക്കും അവയില്‍ പ്രധാനം. ഈ സാഹചര്യത്തില്‍ ശ്രേയസ് ഗോപാലും ഹര്ഭജന് സിങ്ങും ചേര്‍ന്ന സ്പിന്‍ ദ്വയമാണ് മുംബൈയുടെ ആശ്രയം.
മറുവശത്ത്, വലിയ വേദികളില്‍ കഴിവിനൊത്ത് ഉയരാറുള്ള ചെന്നൈയും പ്രതീക്ഷയുടെ ഔന്നത്യങ്ങളില്‍ നിലകൊള്ളുന്നു. ഓപ്പണര്‍മാരായ ഡ്വെയ്ന്‍ സ്മിത്തും ബ്രണ്ടന്‍ മക്കല്ലവും അപാര ഫോമില്‍. സ്മിത്ത് 535 റണ്‍സും മക്കല്ലം 380 റണ്‍സും ഇതിനകം ശേഖരിച്ചുകഴിഞ്ഞു. ഫാഫ് ഡു പ്ലെസിസും മോശമാക്കിയില്ല. ഡേവിഡ് ഹസിയുടെ വരവും സൂപ്പര്‍ കിംഗ്സിന്റെ ബാറ്റിങ് ലൈനപ്പിന്റെ ആഴം വര്‍ധിപ്പിച്ചിട്ടുണ്ട്. മോഹിത് ശര്‍മ്മയും രവീന്ദ്ര ജഡേജയും ധോണിപ്പടയുടെ പന്തേറുകാരിലെ തുറപ്പുചീട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: