ലണ്ടന്‍: 112-ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ഇറ്റാലിയന്‍ മുത്തച്ഛന് അര്‍ടുറോ ലിക്കാറ്റാ മരിച്ചു. പിറന്നാള്‍ ആഘോഷിക്കാന്‍ ഏഴ് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് മരണം. 111 വര്‍ഷവും 357 ദിവസവുമാണ് ലിക്കാറ്റയുടെ ആയുസ്സ്.
റൈറ്റ് സഹോദരന്മാരുടെ ആകാശപ്പറക്കലിനു മുമ്പ് ജീവിച്ചിരുന്ന നാല് വ്യക്തികളില്‍ ഒരാളാണ് അദ്ദേഹമെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എഡിറ്റര്‍ ഇന്‍ ചീഫ് ക്രെയ്ഗ് ഗ്ലെന്‍ഡെ പറഞ്ഞു. 2014 ഫെബ്രുവരി 28നാണ് ലിക്കാറ്റക്ക് ഗിന്നസ് റെക്കോര്‍ഡ് സമ്മാനിച്ചത്. 111 വര്‍ഷവും 302 ദിവസവുമാണ് അന്നത്തെ വയസ്സ്. ഇറ്റലിയുടെ തെക്കന്‍ നഗരമായ എന്നയില്‍ 1902 മെയ് രണ്ടിനാണ് ലിക്കാറ്റ ജനിച്ചത്.
പത്തൊമ്പതാം വയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്ന ലിക്കാറ്റ സര്‍വ്വീസില്‍ നിന്നു വിരമിച്ചതിനു ശേഷം സ്വന്തമായി ബിസിനസ്സ് ആരംഭിക്കുകയായിരുന്നു. എഴ് മക്കളും എട്ട് ചെറുമക്കളും നാല് ചെറുമക്കളുടെ മക്കളുമടങ്ങുന്നതാണ് ലിക്കാറ്റയുടെ കുടുംബം. അദ്ദേഹത്തിന്റെ ഭാര്യ റോസ 1980 ല്‍ മരിച്ചു. അന്ന് 78 വയസ്സായിരുന്നു ലിക്കാറ്റയ്ക്ക്. 115 വയസ്സുള്ള മിസാവോ ഒകാവയാണ് ലോകത്തിലെ ഏറ്റവും പ്രായം ചെന്ന സ്ത്രീ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: