കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 15ന് ഹരിയാനയിലെ രവാരിയില്‍ വിമുക്ത ഭടന്മാരുടെ സമ്മേളനത്തില്‍ പ്രസംഗിച്ചുകൊണ്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ തുടക്കം കുറിച്ചത്. അതിനു ശേഷം മെയ് 10 വരെ നിരവധി റാലികളിലും ‘ചായ് പെ ചര്‍ച്ച’കളിലും ത്രിഡി റാലികളിലും പങ്കെടുത്തു. രാജ്യത്തെ ജനങ്ങളെ ഇത്രയധികം നേരില്‍ക്കാണാനും സാധിച്ചു. എന്റെ പ്രസംഗങ്ങളില്‍ 95 ശതമാനവും രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളേപ്പറ്റി മാത്രമായിരുന്നു. രാഷ്ട്രീയ പ്രസ്താവനകള്‍ വളരെക്കുറച്ചു മാത്രമാണ് നടത്തിയത്. അനിയന്ത്രിതമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്നങ്ങള്‍, രാജ്യസുരക്ഷ എന്നിവയാണ് ഞാന്‍ കേന്ദ്രസര്‍ക്കാരിനോട് ഉന്നയിച്ചത്. സാധാരണക്കാര്‍ക്കു വേണ്ടി ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ടായിരുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ യുപിഎ സര്‍ക്കാരിന് സാധിക്കാതെ വന്നതോടെ അവരെ ജനം കയ്യൊഴിഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ് ഇന്ത്യയില്‍ നടന്നത്. എന്നാല്‍ ഭരണത്തിലുണ്ടായിരുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് എപ്പോഴെങ്കിലും വിലക്കയറ്റത്തെപ്പറ്റി സംസാരിച്ചിട്ടുണ്ടോ? കോണ്‍ഗ്രസ് നേതാക്കന്മാരുമായി അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടോ? എന്താ അഴിമതിയും വിലക്കയറ്റവുമൊന്നും യഥാര്‍ത്ഥ പ്രശ്നങ്ങളല്ലായിരുന്നോ? ഈ രാജ്യത്തെ മാധ്യമങ്ങള്‍ക്കെന്താണ് പറ്റിയതെന്നോര്‍ത്ത് നടുക്കമാണെനിക്കുണ്ടാകുന്നത്. ഭരിക്കുന്ന പാര്‍ട്ടിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവണം. കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഗുജറാത്ത് സര്‍ക്കാരിനോട് മാത്രമാണ് എല്ലാ മാധ്യമങ്ങള്‍ക്കും ചോദ്യങ്ങളുണ്ടായിരുന്നത്. 2012ന് ശേഷം മിനുറ്റിനു മിനുറ്റ് ഇത്തരം ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം നല്കിക്കൊണ്ടേയിരുന്നു. അവസാനം എനിക്കുവേണ്ടി ഗുജറാത്തിലെ ജനങ്ങള്‍ ഓരോ തെരഞ്ഞെടുപ്പിലും മാധ്യമങ്ങള്‍ക്ക് ഉത്തരം നല്കി.
സദ്ഭരണത്തിന്റേയും വികസനത്തിന്റെയും ശരിയായ മാര്‍ഗ്ഗം?
മികച്ച ഭരണം നടത്തുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വളരെ കൃത്യമായ രീതികള്‍ ബിജെപി ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. രാജ്യം കോണ്‍ഗ്രസ് സര്‍ക്കാരുകളുടെയും പ്രാദേശിക പാര്‍ട്ടികളുടേയും ഇടതുപാര്‍ട്ടികളുടേയും ഭരണമാതൃകകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം മികച്ചത് ബിജെപി സര്‍ക്കാരുകളുടെ ഭരണമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ദിഗ്വിജയ് സിങ് വളരെക്കാലം മധ്യപ്രദേശ് ഭരിച്ചിരുന്നു. എന്നാല്‍ സംസ്ഥാനം അധോഗതിയില്‍ തന്നെ തുടര്‍ന്നു. പിന്നീട് ശിവരാജ്സിങ് ചൗഹാന് അധികാരത്തിലെത്തിയതോടെ സംസ്ഥാനം വളരെയധികം പുരോഗതി കൈവരിച്ചത് ലോകം തിരിച്ചറിഞ്ഞു. മാവോയിസ്റ്റ് ഭീഷണി ശക്തമായ ഛത്തീസ്ഗഢിലാകട്ടെ സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ രമണ്‍സിങ്ങിന് സാധിച്ചു. വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് ഇന്ത്യ ഒരു രാജ്യമെന്ന നിലയില്‍ ഐക്യത്തോടെ മുന്നോട്ട് പോകാന്‍ തുടങ്ങിയത്. ബിജെപിയുടെ ഭരണഘടനയില്‍ പറയുന്നപ്രകാരമുള്ള സദ്ഭരണമാണ് സര്‍ക്കാരുകള്‍ കാഴ്ചവയ്ക്കുന്നത്.
ജനങ്ങള്‍ക്ക്, പ്രത്യേകിച്ചും യുവജനങ്ങള്‍ക്ക് വേണ്ടത് വികസനമാണ്. കൂടുതല്‍ തൊഴിലവസരങ്ങളാണ്. ജോലിക്കായി കൈക്കൂലി നല്‍കേണ്ട അവസ്ഥയാണ് അവരെ ഏറ്റവുമധികം വെറുപ്പിക്കുന്നത്. ഒരു ഉദാഹരണം പറയാം. ഗുജറാത്തില്‍ 13,000 അധ്യാപകരുടെ ഒഴിവുകള്‍ വന്നു. ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാര്‍ പറഞ്ഞത് ഇത്രമാത്രം. ഓണ്‍ലൈനില്‍ അപേക്ഷാ ഫോറമുണ്ട്, അതു പൂരിപ്പിച്ചു നല്‍കുക. അവരുടെ യോഗ്യത കണക്കാക്കിയതും അര്‍ഹരായവരെ കണ്ടെത്തിയതുമെല്ലാം കംപ്യൂട്ടറാണ്. യാതൊരു വിധത്തിലുമുള്ള ബാഹ്യ ഇടപെടലുകള്‍ അതിലുണ്ടായില്ല. യുവജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇത്തരത്തിലുള്ള സുതാര്യമായ സംവിധാനങ്ങള്‍ ഭരണതലത്തിലുണ്ടാകണമെന്നാണ്.
മതപീഡനം സഹിക്കാനാവാതെ ഇന്ത്യയിലെത്തുന്നവരുടെ പുനരധിവാസം സംബന്ധിച്ച നിലപാട്?
ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാനാണ് നാം തയ്യാറാവേണ്ടത്. ഞാന്‍ പറഞ്ഞത് കോടതി പറയുന്നതു മാത്രമാണ്. 2005 ആഗസ്ത് നാലിന് മമത ബാനര്‍ജി ഇന്ത്യന്‍ പാര്‍ലമെന്റില്‍ പറഞ്ഞ കാര്യങ്ങളാണ്. 1996ല്‍ ആഭ്യന്തരമന്ത്രിയായിരുന്ന ഇന്ദ്രജിത് ഗുപ്ത പറഞ്ഞതാണ് ഞാന്‍ ആവര്‍ത്തിച്ചത്. 1995ല്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന പി.എം. സെയ്ദ് പറഞ്ഞതു മാത്രമാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്.
ലോകത്തിലെ ഏതു രാജ്യവുമാകട്ടെ, ഒരു ഇന്ത്യന്‍ വംശജനെ അവിടെനിന്നും പുറത്താക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ നാം എന്തു ചെയ്യണം. ആഫ്രിക്ക, ഫിജി, സുമാത്ര ഏതുമാകട്ടെ. ആ ഇന്ത്യക്കാരന് എങ്ങോട്ടുപോകും. 100-150 വര്‍ഷങ്ങളായി താമസിക്കുന്ന രാജ്യത്തു നിന്നും ഇന്ത്യന്‍ വംശീയതയുടെ പേരില്‍ പുറത്താക്കപ്പെട്ടാല്‍ പിന്നെ അവരെ നാം സ്വീകരിക്കേണ്ട എന്നാണോ പറയുന്നത്. അവര്‍ ഇന്ത്യ കൊള്ളയടിക്കാനല്ല വരുന്നത്. അവര്‍ക്ക് നീതി നല്‍കേണ്ടത് നമ്മുടെ കടമയാണ്. അവരെ ഇന്ത്യ സംരക്ഷിക്കുക തന്നെ ചെയ്യും.
ബംഗ്ലാദേശില്‍ മതത്തിന്റെ പേരിലാണ് ഹിന്ദുക്കളെ പുറത്താക്കുന്നത്. വിഭജനകാലത്ത് 35 ശതമാനമായിരുന്നു ബംഗ്ലാദേശിയെ ജനസംഖ്യ. ഇന്നത് വെറും ഏഴു ശതമാനമാണ്. ബംഗ്ലാദേശില്‍ നിന്നും ആട്ടിപ്പായിക്കുന്ന ഹിന്ദുക്കള്‍ക്ക് പോകാന്‍ ഈ ലോകത്ത് ഇന്ത്യയല്ലാതെ മറ്റൊരു രാജ്യമില്ല. അവരെ മരിക്കാന്‍ വിടണമെന്ന് പറയുന്നവരുടെ രാഷ്ട്രീയത്തോട് യോജിക്കാന്‍ എനിക്കാവില്ല. ആസാമിലേക്കും ബംഗാളിലേക്കും എത്തുന്ന അവരെ സംരിക്ഷിക്കേണ്ട ചുമതല ഈ രണ്ടു സംസ്ഥാനങ്ങള്‍ക്കും മാത്രമല്ല. ഗുജറാത്തിനും രാജസ്ഥാനുമെല്ലാമുണ്ട്.
നുഴഞ്ഞുകയറ്റക്കാര്‍ക്ക് എല്ലാവിധ സംരക്ഷണവുമൊരുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ജീവരക്ഷയ്ക്ക് ഭാരതത്തിലേക്കെത്തുന്നവരെ സംരക്ഷിക്കാന്‍ തയ്യാറാവാത്തത് വൈരുദ്ധ്യമാണ്. വിഭജന സമയത്ത് ഇന്ത്യയിലേക്കെത്തിയ പാക്കിസ്ഥാന്‍കാരെ ഇനിയും സ്വീകരിക്കാന്‍ രാജസ്ഥാന് തയ്യാറായിട്ടില്ല. ബംഗാളിലൊരു പ്രത്യേകവിഭാഗം ജാതിക്കാരുണ്ട്. 40 വര്‍ഷം മുമ്പ് ഇന്ത്യയിലേക്കെത്തിയതാണ്. എന്നാല്‍ രാഷ്ട്രീയമായി അവര്‍ ശക്തരല്ലാത്തതിനാല്‍ ഇതുവരെ അവര്‍ക്ക് ഇന്ത്യ പൗരത്വം നല്‍കിയില്ല. നുഴഞ്ഞുകയറ്റക്കാര്‍ക്ക് വോട്ടര്‍ ഐ.ഡി കാര്‍ഡും റേഷന്‍ കാര്‍ഡും നല്‍കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്.
ഭീകരവാദത്തേപ്പറ്റിയും ജനസംഖ്യനിയന്ത്രണത്തേപ്പറ്റിയും നുഴഞ്ഞുകയറ്റത്തേപ്പറ്റിയും പറയുമ്പോള്‍ വര്‍ഗ്ഗീയത ആരോപിക്കുകയാണ്. പക്ഷേ എന്റെ രാജ്യത്തെ പറ്റി സംസാരിക്കാന്‍ മറ്റാരു തയ്യാറാകും? എനിക്ക് വോട്ട്ബാങ്ക് രാഷ്ട്രീയം വലിയ കാര്യമല്ല. വോട്ടുകള്‍ വരും പോകും. സര്‍ക്കാരുകള്‍ വരും പോകും. പക്ഷേ എന്റെ രാഷ്ട്രമാണ് എനിക്കു പ്രധാനം. ഈ ലോകത്ത് ഏതു രാജ്യത്ത് താമസിക്കുന്നവരുമാകട്ടെ….അവരുടെ പാസ്പോര്‍ട്ടുകളുടെ നിറം എന്തുമാകട്ടെ. പക്ഷേ അവരുടെ രക്തം ഇന്ത്യന്‍ രക്തമാണെങ്കില്‍ അവര്‍ക്കെല്ലാം ഈ രാജ്യത്തേക്കു സ്വാഗതം.
താങ്കളുടെ പ്രവര്‍ത്തന രീതികള്‍?
മുഖ്യമന്ത്രിയെന്ന നിലയിലുള്ള എന്റെ 14 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് പരിശോധിക്കാം. ഗുജറാത്തിലുണ്ടായ വികസനത്തിന്റെ മേന്മകള് എനിക്ക് ചാര്‍ത്തിത്തരുന്നത് തെറ്റാണ്. ഗുജറാത്തില്‍ നടന്നതു കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ്. മന്ത്രിസഭാംഗങ്ങള്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവുമുണ്ടായിരുന്നു.
എന്നാല്‍ എല്ലാ ആഴ്ചയും ഇരുന്ന് നടന്ന കാര്യങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തു. എല്ലാ ടീമിനും അധികാരമുണ്ടായിരുന്നതുകൊണ്ടാണ് കാര്യങ്ങള്‍ മികച്ച രീതിയില്‍ നടന്നത്. നാലു തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തസമയത്ത് നാലു തരത്തിലാണ് പ്രവര്‍ത്തിച്ചത്. ആദ്യതവണ എല്ലാ കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിവന്നപ്പോള് പിന്നീട് പിന്നീട് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു പോയതോടെ എന്റെ ജോലി ഭാരം വളരെയധികം കുറയുകയായിരുന്നു. മനുഷ്യവിഭവ ശേഷിയെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും ഉപയോഗിക്കുന്നതിലുള്ള വിജയമാണ് വികസനത്തിന്റെ അടിസ്ഥാനം. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ രാജ്യവികസനം നല്ല രീതിയില്‍ നടപ്പാക്കാനാകും.
പഴയ സര്‍ക്കാരുകളെ കുറ്റപ്പെടുത്തുകയല്ല ചെയ്യേണ്ടത്. എല്ലാ സര്‍ക്കാരുകളെല്ലാം കുറേയധികം നല്ല കാര്യങ്ങള്‍ രാജ്യത്തിനു വേണ്ടി ചെയ്തിട്ടുണ്ട്. രാജ്യത്തെ ജനങ്ങള്‍ക്ക് ഒരിക്കലും നിരാശ ഉണ്ടാകാത്ത തരത്തിലുള്ള പ്രവര്‍ത്തനം പുതിയ സര്‍ക്കാരിന് കാഴ്ചവയ്ക്കാന്‍ സാധിക്കണം.
ഇന്ത്യയാണ് ഏറ്റവും പ്രധാനം. ഒരു ഹിന്ദുവാണെന്നതില്‍ അഭിമാനിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ടുതന്നെ ഞാന്‍ എന്റെ രാജ്യത്തെ ഏറ്റവുമധികം സ്നേഹിക്കുന്നു. നിങ്ങള്‍ക്കെന്നെ ദേശഭക്തനെന്ന് വിളിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: