ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി 2001-ല്‍ സ്ഥാനമേറ്റപ്പോള്‍ തന്റെ ജീവിതത്തെ സ്വാധീനിച്ച, പ്രചോദനം നല്കിയ ഗുജറാത്തിന്റെ മണ്ണില്‍ വളര്‍ന്നുവന്ന ഒരു സാധാരണക്കാരനെക്കുറിച്ച് നരേന്ദ്ര മോദി എഴുതി. ജ്യോതിഃപുഞ്ജ് എന്ന തലക്കെട്ടിലുള്ള പുസ്തകം ഗുജറാത്തി ഭാഷയിലായിരുന്നു. ഇന്ന് ഇതര ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്ന പുസ്തകത്തിലൂടെ ഗുജറാത്തിലെ സംഘത്തിന്റെ തായ്വേരുകളെയാണ് മോദി ഓര്‍മ്മിപ്പിക്കുന്നത്.
അച്ചടക്കം, ദുരന്തനിവാരണം, ഭരണമികവ് ഇവയെക്കുറിച്ചുള്ള ബാലപാഠങ്ങള്‍ പഠിപ്പിച്ചു തന്ന ഗുരു കാശിനാഥ് ബഗ്വദെയെക്കുറിച്ചായിരുന്നു പുസ്തകം. രാജ്യത്തെ മികച്ച ഭരണാധികാരിയായി മാറുമ്പോള്‍ ആ വ്യക്തി വളര്‍ന്നുവന്ന സംഘടനയും അവരുടെ ആശയങ്ങളും തുല്യ പരിഗണന അര്‍ഹിക്കുന്നുണ്ടെന്ന് പുസ്തകത്തിലൂടെ മോദി ഓര്‍മ്മപ്പെടുത്തുന്നു. മോദിയുടെ വിവരണങ്ങളില്‍നിന്ന്….
മഹാരാഷ്ട്രയിലെ വായ് എന്ന ചെറു ഗ്രാമത്തില്‍ നിന്നാണ് കാശിനാഥ് ബഗ്വദെ എന്ന സാധാരണക്കാരന് ഗുജറാത്തിലെത്തുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് ദേശീയതയ്ക്കുവേണ്ടി വാദിച്ച അന്നത്തെ തലമുറയിലേക്ക് ധൈര്യത്തോടെ അദ്ദേഹം കടന്നുവന്നു. രാജ്യത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന അടങ്ങാത്ത ആഗ്രഹമായിരുന്നു അദ്ദേഹത്തിന്. സംഘടനാപരമായ അടിത്തറയുണ്ടെങ്കില്‍ ഈ ആഗ്രഹം പൂര്‍ത്തീകരിക്കാനാവുമെന്ന് തിരിച്ചറിഞ്ഞ കാശിനാഥ് ആര്‍എസ്എസില്‍ ചേര്‍ന്നു. സംഘ പ്രവര്‍ത്തനത്തിനൊപ്പം സഹോദരങ്ങളുമായി ചേര്‍ന്ന് നാഡിയാഡിലെ തുണിമില്ലില്‍ ജോലിയില്‍ പ്രവേശിച്ചു. ജോലിയ്ക്കും സംഘപ്രവര്‍ത്തനത്തിനുമൊപ്പം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഖേദാ സമരത്തിലും കാശിനാഥ് ബഗ്വദെ പങ്കെടുത്തു.
ചുരുങ്ങിയ കാലംകൊണ്ട് ഗുജറാത്തിലെ ആര്‍എസ്എസിന്റെ വിത്തുകള്‍ കാശിനാഥ് എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ പുഷ്പിച്ചു. ശുദ്ധനായ മനുഷ്യനായിരുന്നു അദ്ദേഹം. യാതൊരുവിധ നിയന്ത്രണങ്ങളും കാശിനാഥിനുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന് നിരവധി പ്രതീക്ഷകളുണ്ടായിരുന്നു. സാമ്പത്തികപരമായും അല്ലാതെയുമുള്ള സഹായങ്ങള്‍ അവര്‍ പ്രതീക്ഷിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ശ്രദ്ധ മറ്റുപലതിലുമായിരുന്നു.
1945ല്‍ ജോലിയില്‍ നിന്ന് രാജിവെച്ച് സഘത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം പിന്നീട് വീടുവിട്ടിറങ്ങി. അടിമത്തത്തിനെതിരെ ഹിന്ദു സമൂഹത്തെ ഒന്നിപ്പിച്ചു. പിന്നെ പ്രചാരകനായ കാശിനാഥ്ജിയെ ഗുജറാത്ത് കണ്ടു തുടങ്ങി. ചുരുങ്ങിയ കാലംകൊണ്ട് ഗുജറാത്തിനെ പഠിച്ച അദ്ദേഹത്തിന്റെ കഴിവും നിഷ്ക്കളങ്കതയും കഠിനാധ്വാനവും എല്ലാം വിദ്യാഭ്യാസ യോഗ്യതയെക്കാള്‍ വലുതായിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഖേദ സത്യഗ്രഹത്തിന്റെ നേതൃത്വം കാശിനാഥിന്റെ കൈകളിലായി. പ്രചാരകനായി ഗുജറാത്തിലെ കച്ചില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചുപോന്നു. കച്ചിലെ ആദ്യ തലമുറയിലെ സ്വയംസേവകര്‍ കാശിനാഥ്ജിയുടെ കഠിനാധ്വാനത്തെ വിസ്മരിക്കില്ല. ഭക്ഷണംപോലും ഇല്ലാതെ രാജ്യത്തിനുവേണ്ടി അദ്ദേഹം അധ്വാനിച്ചു. പുതു തലമുറയിലെ സ്വയംസേവകരും ഇതൊക്കെ കൃതമായി ചെയ്യുമെന്നറിയാം.
ഗുജറാത്തിലെ ആര്‍എസ്എസിന്റെ വികസനം രണ്ട് പ്രധാന സംഭവങ്ങളിലൂടെയാണ് സാധ്യമായത്. ഈ രണ്ട് പ്രധാന സംഭവങ്ങളിലും കാശിനാഥ് എന്ന വ്യക്തിക്ക് വലിയ പങ്കുണ്ടായിരുന്നു. ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരു മണിക്കൂര്‍ ശാഖാപ്രവര്‍ത്തനത്തിനും 23 മണിക്കൂര്‍ രാജ്യത്തിനും സമൂഹത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരാകണം എന്നാണ്. രാജ്യത്തിനുവേണ്ടി സമൂഹത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യാന്‍ ഏത് സമയത്തും തുനിഞ്ഞിറങ്ങുന്നവരാണ് സ്വയം സേവകര്‍.
1956-ല്‍ കച്ചിലെ അന്‍ജാറിലുണ്ടായ ഭൂചലനം വന്‍ ദുരന്തമാണ് വിതച്ചത്. ജവഹര്‍ലാല്‍ നെഹ്രു ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ദുരന്തമേഖലയിലേക്ക് പാഞ്ഞെത്തി. ഈ സമയത്ത് കാശിനാഥ്ജിയും ഒരുപറ്റം സ്വയം സേവകരും രാത്രിയും പകലുമില്ലാതെ ദുരന്തനിവാരണത്തിലേര്‍പ്പെട്ടു. അദ്ദേഹത്തിന്റെ ശ്രമഫലമായി സംഘം ശക്തമായ സംഘടനയായി മാറി. ദുരന്തനിവാരണ പരിപാടികളില്‍ പങ്കെടുക്കാനുള്ള കഴിവ് മാത്രമല്ല അന്നുണ്ടായത്. എന്തും ചെയ്യാന്‍ സാധിക്കുമന്ന തീരുമാനം കൈക്കൊള്ളുവാനുള്ള കഴിവാണ് കാശിനാഥ്ജിയിലൂടെ സംഘത്തിന് ലഭിച്ചത്. ദുരന്തമേഖലയിലെ പുനരധിവാസത്തിന് അദ്ദേഹം മുന്നിട്ടിറങ്ങി. സ്വയംസേവകര്‍ ജനങ്ങള്‍ക്കുവേണ്ടി നിലകൊണ്ടപ്പോള്‍ നെഹ്രു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഫോട്ടോയ്ക്കു മുന്നില്‍ പ്രദര്‍ശനവസ്തുവകാനാണ് ശ്രമിച്ചത്. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത കാശിനാഥ്ജി ദുരിതബാധിതര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. ഭക്ഷണവും വെള്ളവും, വസ്ത്രവും നല്കി ആശ്രിതര്‍ക്ക് ആശ്വാസമായി അദ്ദേഹം. ഫോട്ടോ എടുക്കാനായി ഓടിയെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ അന്ന് കണ്ടത് കാക്കിയിട്ട ഒരുപറ്റം സ്വയം സേവകരെയായിരുന്നു. വിഭജനത്തെ തുടര്‍ന്ന് സിന്ധ് മേഖലയിലേക്ക് കുടിയേറിയവരെയും ദുരന്തസമയത്ത് സഹായിച്ചത് ആര്‍എസ് എസ് ആണ്. ചൈനയുമായുള്ള യുദ്ധത്തിനുശേഷം കാശിനാഥ്ജി അഹമ്മദാബാദിലെ മെഹ്സാനയില്‍ ചുമതലയേറ്റു. അവിടെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആര്‍എസ്എസ് വളര്‍ന്നു. ഇന്ന് ഗുജറാത്തില്‍ ആര്‍എസ്എസിന് മുന്‍തൂക്കമുള്ളത് മെഹ്സാനയിലാണ്. കാശിനാഥ്ജിയുടെ ശ്രമമായിരുന്നു ഇതിന് പിന്നില്‍.
മെലിഞ്ഞ ശരീര ഭാഷയുള്ള അദ്ദേഹത്തെ ഒരിക്കലും ക്ഷീണിതനായി കണ്ടിട്ടില്ല. ശക്തനായ ഭരണാധികാരിയായിരുന്നു. ജീവിതത്തിലൂടെ അത് തെളിയിച്ച് കാണിക്കുകയും ചെയ്തു. എല്ലാത്തിനേക്കുറിച്ചുമുള്ള വിവരങ്ങള്‍ അദ്ദേഹത്തിന് അറിയാമായിരുന്നു. ഉത്തരവാദിത്തങ്ങള്‍ വിഭജിച്ച് നല്‍കാനും അത് കൈകാര്യം ചെയ്യാനുമുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാം കാശിനാഥ്ജിയുടെ കൈകളില്‍ ഭദ്രം. പുലര്‍ച്ചെ നാല് മണിക്ക് എഴുനേല്‍ക്കുന്ന അദ്ദേഹത്തിന്റെ കൈകളില്‍ 50 എഴുത്തുകള്‍ ഉണ്ടായിരിക്കും. വിവിധ കാര്യ കര്‍ത്താക്കളുടെ കൈളില്‍ കത്ത് വിവിധ ഗ്രാമങ്ങളിലേക്ക് കൊടുത്തയക്കാനും അദ്ദേഹം ശ്രമിച്ചു. വ്യക്തവും സൂക്ഷ്മവുമായ എഴുത്തായിരുന്നു അദ്ദേഹത്തിന്റേത്. തുടര്‍ച്ചയായ 30 വര്‍ഷം എഴുതിയ കത്തുകള്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡാണ്.
1964-ല്‍ വിശ്വഹിന്ദുപരിഷത്ത് രൂപീകൃതമായതാണ് രണ്ടാമത്തെ പ്രധാന സംഭവം. ഗുജറാത്തിന്റെ മതപരമായ പ്രതിച്ഛായ ഉറപ്പുവരുത്താന്‍ വിഎച്ച്പി കാരണമായി. സിന്ധ്പൂരിലാണ് ആദ്യത്തെ വിഎച്ച്പി സമ്മളനം നടന്നത്. ഗുരുജി ഗോള്‍വള്‍ക്കര്‍, ശങ്കരാചാര്യ, സന്യാസി ശ്രേഷ്ഠന്മാര്, മതപണ്ഡിതന്മാര് എന്നിവര്‍ അന്നാദ്യമായി ഗുജറാത്തില്‍ വന്നു. 1971ലും-72 ലും കാശിനാഥ്ജിയുടെ നേതൃത്വത്തിലാണ് സമ്മേളനം നടന്നത്. വ്യത്യസ്ത പാരമ്പര്യത്തില്‍ നിന്നും വ്യത്യസ്ത സ്ഥാപനങ്ങളില്‍ നിന്നുമുള്ള സന്യാസിമാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ലക്ഷക്കണക്കിന് വരുന്ന ജനങ്ങളേയും സന്യാസിശ്രേഷ്ഠന്മാരെയും കൈകാര്യം ചെയ്യുക എന്നത് നിസാരമായിരുന്നില്ല. ബുദ്ധിപൂര്‍വ്വം അദ്ദേഹം എല്ലാം നിര്‍വ്വഹിച്ചു. നാല് ദശകത്തിലേറെയായി കാശിനാഥ്ജി സംഘത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. വ്യക്തിപരമായ ജീവിതത്തില്‍ ശ്രദ്ധ നല്‍കാതെ ആര്‍എസ്എസിനും രാജ്യത്തിനുവേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു.
അവസാനകാലഘട്ടം അദ്ദേഹത്തിന് വേദനയുടേതായിരുന്നു. ആരോഗ്യം മോശമായപ്പോഴും മറ്റാരരോടും അതേക്കുറിച്ച് പറഞ്ഞില്ല. സ്വന്തം ശരീരത്തെക്കുറിച്ചായിരുന്നില്ല അദ്ദേഹത്തിന് വേദന. രാജ്യത്തിനുവേണ്ടി ദീര്‍ഘകാലം ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്നായിരുന്നു കാശിനാഥ്ജിയുടെ വേദന.
സംഘടനാശക്തിയിലൂടെ രാജ്യത്തെ സമുന്നതരായ നേതാക്കളായി ഉയര്‍ന്നുവന്നവരാണ് മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയും, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനിയുമൊക്കെ. വ്യക്തിതാല്‍പ്പര്യങ്ങളേക്കാള്‍ രാജ്യതാല്‍പ്പര്യത്തിന് പ്രാധാന്യം നല്കി അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ജനകീയ നേതാക്കളാണ് അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: