ഫാസിസം എന്താണെന്ന് അറിയാത്ത ആരെങ്കിലുമുണ്ടെങ്കില്‍ ദയവു ചെയ്ത് നമ്മുടെ ചാനല്‍ കുട്ടന്മാരെയും (കുട്ടിമാരെയും) ചര്‍ച്ചയ്ക്ക് വരുന്ന മഹിതാശയന്മാരെയും ശ്രദ്ധിച്ചാല്‍ മതി. നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ ഇമ്മാതിരിയുള്ള സകലവിദ്വാന്മാര്‍ക്കും സമനില തെറ്റിയിരിക്കുകയാണ്. തലയില്‍ ഇടിത്തീ വീണ് ചില ദേശീയകക്ഷികളുടെ പപ്പുംപൂടയും കരിഞ്ഞുപോയിട്ടും വടിയും കുത്തിനിന്ന് മോദിക്കെതിരെ കല്ലേറ് നടത്തുന്നു. കെഇഎന്‍, മാധവന്‍കുട്ടി, സന്തോഷ്കുമാര്‍ പ്രഭൃതികള്‍ ശരീരത്തില്‍ നായ്ക്കുരുണപൊടി വീണതുപോലെ ചൊറിച്ചിലോട് ചൊറിച്ചിലാണ്. ചാനല്‍ സുന്ദര(രി)ന്മാരാണെങ്കിലോ തങ്ങളാണ് ഈ ബ്രഹ്മാണ്ഡം മൊത്തം നിയന്ത്രിക്കുന്നതെന്ന നിലയിലും. ബിജെപി നേതാക്കന്മാരെ ചര്‍ച്ചയ്ക്കു വിളിക്കുമെങ്കിലും അവര്‍ പറയുന്നത് മുഴുവന്‍ പ്രേക്ഷകരെ കേള്‍പ്പിക്കാതെ മറ്റുള്ളവരുടെ വായിലേക്ക് മൈക്കു തിരുകിവെക്കുന്നു. നികേഷിനു പഠിക്കുന്നവരും ഷാനിക്കു പഠിക്കുന്നവരും ഒരേപോലെ. മുഖമടച്ച് രണ്ട് കൊടുക്കാന്‍ തോന്നുന്ന തരത്തിലാണ് മിക്ക ചാനല്‍ സുന്ദര(രി)ന്മാരുടെയും പ്രകടനം. അങ്ങനെ ചെയ്താല്‍ കൈ ചീത്തയാവുമെന്ന് കരുതുന്നതു കൊണ്ടാവാം ഒന്നും സംഭവിക്കാത്തത്. ജനങ്ങള്‍ കൊടുത്ത മാന്‍ഡേറ്റിനെ ഇങ്ങനെ വ്യഭിചരിക്കാന്‍ ഇവര്ക്കാരാവാം ലൈസന്‍സ് കൊടുത്തത്? ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് കയറും മുമ്പ് നരേന്ദ്രമോദി പാവനകവാടത്തിന്റെ പടികളില്‍ തലമുട്ടിച്ച് വന്ദിച്ചതും തുടര്‍ന്ന് വൈകാരികമായി സംസാരിച്ചതും നാടകമെന്നത്രേ ചില ചര്ച്ചിതന്മാരുടെ പക്ഷം. ഇതിനൊന്നും മറുപടിയില്ല. ഒറ്റ സംഗതി മാത്രം. ഫാസിസ്റ്റ് പ്രവണത എന്താണെന്ന് ചോദിച്ചാല്‍ ദാ, ധൈര്യമായി മേപ്പടി വിദ്വാന്മാരുടെ കോപ്രായങ്ങള്‍ കാണിച്ചുകൊടുക്കുക.
ഭാരത പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ ജനകോടികള്‍ അനുഗ്രഹിച്ച് പാര്‍ലമെന്റിലേക്ക് അയച്ചതിനെ ഒരു കാര്‍ട്ടൂണിസ്റ്റ് എങ്ങനെ നോക്കിക്കാണുന്നു, അദ്ദേഹത്തിന്റെ പത്രം എങ്ങനെ വിലയിരുത്തുന്നു എന്നതിനെക്കുറിച്ച് അറിയണമെങ്കില്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ കാണുക; മെയ് 20ന്. രവിശങ്കറിന്റെ ആ വരയില്‍ ഇന്ത്യന്‍ മനസ്സിന്റെ കടലിരമ്പവും ആഹ്ലാദവും കാണാം. ഉത്തരവാദിത്തത്തിന്റെ ഹിമാലയന്‍ ശൃംഗങ്ങള്‍ കാണാം. എങ്ങനെയാണ് ഭാരതം നരേന്ദ്രമോദിക്ക് ബ്ലാങ്ക് ചെക്ക് കൊടുത്തതെന്ന് അറിയാത്ത വങ്കന്മാര് ഇപ്പോഴും ചര്‍ച്ചയും ഗവേഷണവുമായി അരങ്ങു തകര്‍ക്കുകയാണ്. നടക്കട്ടെ, അവസാനമില്ലാത്ത ഫാസിസ്റ്റ് വൈറസുകള്‍ സജീവമായ അത്തരം മസ്തിഷ്കങ്ങള്‍ക്ക് ഇന്ത്യന്‍ മനസ്സിലേ സ്ഥാനമുള്ളൂ. ഭാരതത്തിന്റെ സ്വത്വത്തിലേക്ക് അടുക്കാന്‍ പറ്റില്ല.
ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം സാധാരണക്കാരന് മുന്നില്‍ പ്രത്യാശയുടെ കിരണം ഉയര്‍ന്നിരിക്കുന്നുവെന്നതാണ്. എല്ലാത്തിനും ഒടുവില്‍ ആര്‍ക്കുവേണ്ടിയാണ് ഭരണം. പാവങ്ങള്‍ക്കുവേണ്ടി. പുതിയ സര്‍ക്കാര്‍ പാവങ്ങളുടെ ക്ഷേമത്തില്‍ പ്രതിജ്ഞാബദ്ധരായിരിക്കും. കോടിക്കണക്കിന് യുവാക്കളുടെയും അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയ്ക്കും ഗ്രാമങ്ങളിലും മറ്റുമുള്ള അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടിയായിരിക്കും ഈ സര്‍ക്കാര്‍. പാവങ്ങള്‍ക്ക് വേണ്ടിയായിരിക്കും ഈ സര്‍ക്കാര്‍ ചിന്തിക്കുക, കേള്‍ക്കുക, ജീവിക്കുക. സാധാരണക്കാരന്റെ വികാരം തൊട്ടറിഞ്ഞ ഒരാള്‍ക്കേ ഇതു പറയാനാകൂ. അങ്ങനെ പറയുന്നതും പ്രവര്‍ത്തിക്കുന്നതും നാടകമാണെങ്കില്‍ മഹാത്മാഗാന്ധിജിയുടെ വാക്കും പ്രവൃത്തിയും നാടകമാണെന്ന് പറയേണ്ടിവരും.
രാജ്യത്തങ്ങോളമിങ്ങോളും തലങ്ങും വിലങ്ങും സഞ്ചരിച്ച് പട്ടിണിക്കാരന്റെ, ഉടുതുണിക്ക് മറുതുണിയില്ലാത്തവന്റെ, ഒരു നേരമെങ്കിലും വയറുനിറച്ച് ആഹാരം കഴിക്കാന്‍ പറ്റാത്തവന്റെ, മുഖ്യധാരയില്‍ നിന്ന് പല കാരണങ്ങളാല്‍ അകറ്റിനിര്ത്തപ്പെട്ടവന്റെ കണ്ണീരുകണ്ട ഒരു വ്യക്തിയുടെ വികാരവിചാരങ്ങളില്‍ നാടകം കാണുന്നവര്‍ ഇതാ ഇതും കൂടി അറിയുക: മുന്‍കാലങ്ങളിലെ മോശം അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അശുഭകരമായ പ്രതീക്ഷകളുടെ ആവശ്യമില്ല. അത്തരം ചിന്തകള്‍ നമുക്ക് ഒന്നും നേടിത്തരുന്നില്ല. ഞാന്‍ ശുഭാപ്തി വിശ്വാസമുള്ള മനുഷ്യനാണ്. ശുഭാപ്തിവിശ്വാസമുള്ള ഒരാള്‍ക്ക് മാത്രമേ രാജ്യത്ത് ശുഭപ്രതീക്ഷകള്‍ കൊണ്ടുവരാന്‍ കഴിയൂ. അശുഭപ്രതീക്ഷകളേ നിങ്ങള്ക്കുള്ളൂവെങ്കില് എന്തിലും നിഷേധ മുഖമേ ദര്‍ശിക്കാനാവൂ. പകുതി തുറന്ന വാതിലാണെങ്കിലും അത് പാതിയടഞ്ഞ വാതിലെന്നേ പറയൂ. ചാനലുകളിലെ ഒരുവിധപ്പെട്ട ചര്ച്ചിതന്മാരൊക്കെ തുറന്ന വാതിലിനു മുന്നില്‍ അസ്തപ്രജ്ഞരായി നില്ക്കട്ടെ. വിശ്വവിജയം നേടിയ ഒരു നരേന്ദ്രന് വിവേകാനന്ദനായി നമ്മുടെ വികാരവിചാരങ്ങളില്‍ തേന്മഴ പെയ്യിക്കുമ്പോള്‍ മറ്റൊരു നരേന്ദ്രനിതാ ദിഗ്വിജയത്തിന്റെ വഴിയില്‍ തയ്യാറെടുക്കുന്നു. അഭിമാനമില്ലെങ്കില്‍ കൂടി അപമാനിക്കാന്‍ കോപ്പുകൂട്ടരുതെന്നേ തല്‍പ്പരകക്ഷികളോട് പറയാനുള്ളൂ.
മക്കള്‍ക്ക് അവരുടെ അച്ഛനമ്മമാര്‍ യഥാര്‍ത്ഥ രക്ഷിതാക്കള്‍ ആണെന്ന് അനുഭവപ്പെട്ടാല്‍ ജീവിതാവസാനം വരെ ആ രക്ഷാകര്‍തൃത്വത്തിന്റെ സുവര്‍ണപാതയിലൂടെ യാത്ര ചെയ്യാം. ചെറുപ്പത്തില്‍ രക്ഷിതാക്കളായവരെ പ്രായത്തില്‍ രക്ഷിക്കാന്‍ മക്കള്‍ സ്വമേധയാ ഇറങ്ങിത്തിരിച്ചിരിക്കും. അത് കടമയെന്ന മൂന്നക്ഷരത്തില്‍ തളച്ചിടുന്നതല്ല. കൃതാര്‍ഥാഭരിതമായ മനസ്സിന്റെ പൂര്‍ണാവസ്ഥയാണ്. പക്ഷേ, രക്ഷിതാക്കള്‍ അക്ഷരംപ്രതി രക്ഷിതാക്കളായിരിക്കണം. അങ്ങനെയുള്ള രക്ഷിതാക്കളെയാണ് തിരുവനന്തപുരത്തെ ലക്ഷ്മിക്കും പാര്‍വതിക്കും കിട്ടിയിരിക്കുന്നത്. നിര്‍ഭാഗ്യം കൊണ്ട് ശബ്ദങ്ങളുടെ ലോകം അവര്‍ക്ക് അന്യമാണ്. കുട്ടികള്‍ക്ക് ശബ്ദത്തിന്റെ ലോകം അന്യമായതോടെ മധുരതരമായ അനുഭവങ്ങളും വേണ്ടെന്നുവെച്ചു അവരുടെ അമ്മ രമ. നന്നായി പാടുകയും പാട്ട് ആസ്വദിക്കുകയും ചെയ്യുമായിരുന്ന അധ്യാപികയായ രമ എന്നന്നേക്കുമായി അതുപേക്ഷിച്ചു. മ്യൂസിക് സിസ്റ്റം പോലും വീട്ടില്‍ വേണ്ടെന്നു വെച്ചു. മക്കള്‍ക്ക് അന്യമായ ലോകം തങ്ങള്‍ക്കും വേണ്ടെന്നായി ആ രക്ഷിതാക്കള്‍. മിടുക്കികളായ അവരുടെ വിവാഹം അടുത്തുതന്നെ നടക്കുകയാണ്.
കുഞ്ഞുനാളുമുതലുള്ള അവരുടെ ജീവിതത്തെ നോക്കിക്കണ്ട അനുഭവം വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുന്നു മലയാള മനോരമ (മെയ് 18)യുടെ ഞായറാഴ്ച. സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗം ജി. വിജയരാഘവന്റെയും രമയുടെയും മക്കളായ ഇരട്ടകള്‍ ലക്ഷ്മിയും പാര്‍വതിയും എല്ലാ സൗഭാഗ്യങ്ങളുമുള്ള മറ്റുള്ളവരേക്കാള്‍ ഭംഗിയായി കാര്യങ്ങള്‍ ഇന്നു ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും ആ രക്ഷിതാക്കള്‍ക്കാണ്. കുഞ്ഞുനാളില്‍ കുട്ടികളുടെ ബധിരതയെക്കുറിച്ച് അറിയാന്‍ സംവിധാനമില്ലാഞ്ഞതുകൊണ്ടാണ് നിര്‍ഭാഗ്യം രക്ഷിതാക്കളെ പിടികൂടിയത്. വിജയരാഘവന്റെ അനുഭവ തീവ്രതയും കര്‍മ്മശേഷിയും ഭരണകൂടത്തിന്റെ അളവില്ലാത്ത കൈത്താങ്ങും കൊണ്ട് തിരുവനന്തപുരത്തെ ആക്കുളത്ത് ബധിരര്‍ക്ക് വേണ്ടി നിഷ് എന്ന പേരില്‍ പ്രശസ്തമായ ഒരു സ്ഥാപനവും ഉയര്‍ന്നു. ലോകം കേള്‍ക്കട്ടെ എന്ന തലക്കെട്ടില്‍ ജോണ്‍ മുണ്ടക്കയം ഹൃദയസ്പൃക്കായി ലക്ഷ്മിയുടെയും പാര്‍വതിയുടെയും ജീവിതം നമുക്ക് മുമ്പില്‍ കോറിയിടുന്നു. അഞ്ചാറുവരി കണ്ടാലും: രമയ്ക്ക് പാട്ട് വലിയ ഇഷ്ടമായിരുന്നു. പക്ഷേ, ലക്ഷ്മിക്കും പാര്‍വതിക്കും പാട്ടു കേള്ക്കാനാവില്ലെന്നറിഞ്ഞശേഷം രമ പാട്ടു കേട്ടിട്ടില്ല; മൂളിയിട്ടുപോലുമില്ല. കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ കഴിയാത്തതു തങ്ങള്‍ക്കും വേണ്ടെന്നു വിജയരാഘവനും തീരുമാനിച്ചു. ആ വീട്ടില്‍ ഒരിക്കലും മ്യൂസിക് സിസ്റ്റം വാങ്ങിയില്ല. തന്റെ ശബ്ദത്തിന്റെ ലോകത്തുനിന്ന്, കുട്ടികളുടെ മൗനത്തിന്റെ ലോകത്തിലേക്ക് രമ സ്വയമറിയാതെ മാറി. അവര്‍ക്കിടയില്‍ ശബ്ദം കാഴ്ചയായി. ചുണ്ടനക്കുന്നതു നോക്കി കുട്ടികള്‍ രമയെ കേട്ടു; രമ കുട്ടികളേയും.
രക്ഷാകര്‍തൃത്വത്തിന്റെ വാത്സല്യപൂര്‍ണമായ മഹാകാശത്ത് പാറിപ്പറന്നുല്ലസിക്കുന്ന ആ മക്കളുടെ മനസ്സ് എത്ര ഹൃദയഹാരിയായിരിക്കും. ഇന്ന് സര്വസൗകര്യങ്ങളുടെയും ലോകത്ത് കുട്ടിയെ ഒരുപകരണം മാത്രമായി കണ്ട് പ്രചാരണഘോഷങ്ങളില് മതിമറക്കാന്‍ ദമ്പതികള്‍ 11 മാസം പ്രായമുള്ള പൊന്നുമോളെ കണ്ണൂരില്‍ പാരാസെയിലിംഗിന് അയച്ചതുകൂടി ചേര്‍ത്തു വായിക്കുക. അതിനൊപ്പം മക്കളുടെ കഴിവില്‍ അരിശംപൂണ്ട് കഴിയുന്നവരെയും ഓര്‍ക്കുക.
ഹിന്ദുവിശ്വ (മെയ്-ജൂണ്‍) മാസികയുടെ ഇത്തവണത്തെ കവര്‍ എത്ര ദീപ്തം! സമൂഹത്തിന്റെ ഒച്ചയനക്കങ്ങളില്‍ നിന്ന് മാറി നില്ക്കുന്ന ഋഷിതുല്യനായ ഒരു പണ്ഡിതന്. ഒരുപാടുപേരുടെ പ്രചോദനകേന്ദ്രം. അറിവിന്റെ അസൂയാവഹമായ അനുഭവ സമ്പത്തുണ്ടെങ്കിലും വിനീത വിധേയമായ പെരുമാറ്റം.
സാരള്യത്തിന്റെ വേര്‍തിരിച്ചെടുക്കാനാവാത്ത ഭാവം. ഇതൊക്കെ ചേര്‍ന്നാലും പിന്നെയും മനസ്സിലാക്കാന്‍ പറ്റാത്ത എന്തെന്തൊക്കെയോ സവിശേഷതകള്‍ ചേര്‍ന്ന വ്യക്തിത്വം. അതാണ് സാമൂഹിക പ്രവര്‍ത്തകനായ എം.എ. കൃഷ്ണന്; ആദരവോടെ എല്ലാ ഹൃദയങ്ങളും മന്ത്രിക്കുന്ന എം.എ. സാര്‍. ആര്‍എസ്എസ് പ്രാന്തകാര്യാലയമായ കൊച്ചി എളമക്കരയിലെ മാധവനിവാസില്‍ ഒരു നറുനിലാവായി അദ്ദേഹം പ്രിയപ്പെട്ടവരുടെ മുമ്പില്‍ സൗമ്യമായി നില്ക്കുന്നു; താനൊന്നുമല്ലെന്ന ഭാവത്തില്‍. എം.എ. സാറുമായി ഹിന്ദുവിശ്വ പത്രാധിപര്‍ കെ. സുനീഷ് നടത്തിയ അതിമനോഹരമായ സംഭാഷണം ഈ ലക്കത്തില്‍ വായിക്കാം. കേരളത്തിലെ സംഘപ്രവര്‍ത്തനത്തിലെ സാംസ്കാരിക- കലാംശങ്ങള്‍ ഈ സംഭാഷണത്തില്‍ ചടുലതാളമായുണ്ട്. കാലികവട്ടത്തിന്റെ വെളിച്ചങ്ങളില്‍ അഗ്രിമസ്ഥാനത്തുള്ള എം.എ. സാറിനെ അറിയാത്തവര്‍ക്ക് അക്ഷരം കൊണ്ടുള്ള ഒരു നേര്‍പാതയാണ് സുനീഷ് വെട്ടിയൊരുക്കുന്നത്.
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: