വരയ്ക്കുന്ന ചിത്രങ്ങള്‍ പുറംലോകം കാണാതെ കൊണ്ടു നടന്നു, ഒടുവില്‍ അത് ഭര്‍ത്താവ് കണ്ടെത്തി വെളിച്ചം കാണിച്ചപ്പോള്‍ ചിത്രരചനയുടെ ആരും കാണാത്ത മുഖം പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടു. രാജാരവിവര്‍മ്മയുടെ കുലത്തില്‍ പിറന്ന വിനീത അനന്തകുമാറിനെ വരയുടെ ലോകത്തേക്ക് ആകര്‍ഷിച്ചത് പാരമ്പര്യം തന്നെ. വിനീതയുടെ ചിത്രങ്ങളുടെ മാസ്മരികത പുറംലോകം അറിഞ്ഞ് തുടങ്ങിയിട്ട് ഇരുപതുവര്ഷത്തോളമേ ആയിട്ടുള്ളൂ. ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം സുഹൃത്തുമായിട്ട് ചേര്‍ന്ന് ഹസ്സന് മരയ്ക്കാര്‍ ഹാളില്‍ നടത്തിയ ആദ്യചിത്ര പ്രദര്‍ശനം കാണാനെത്തിയവരില്നിന്ന് മികച്ച അഭിപ്രായമാണുണ്ടാക്കിയത്. ആ പ്രദര്‍ശനത്തിലെ പ്രചോദനം ഉള്‍കൊണ്ട് അനേകം വേദികളിലും ചിത്രപ്രദര്‍ശനം നടത്തി. 2000-ല്‍ സൂര്യകാന്തി ആര്‍ട്ട് ഗ്യാലറിയിലും, 2001-ല്‍ കൊച്ചി ലളിത കലാ അക്കാദമിയിലും, 2002-ല്‍ കോവളത്തും, 2003-ല്‍ ലണ്ടനിലെ ഗ്ലോബല്‍ മലയാളി മീറ്റിലും, 2006-ല്‍ ബാംഗ്ലൂര്‍ ചിത്രകലാ പരിഷത്തിലും, 2007ല്‍ കൊല്‍ക്കത്ത ചിത്രകൂട് ആര്‍ട്ട് ഗ്യാലറിയിലും ആ വര്‍ഷംതന്നെ മണാലിയിലെ റോറിക് ആര്‍ട്ട് ഗ്യാലറിയിലും വിനീതയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
രവിവര്‍മ്മയുടെ കുലത്തില്‍ പിറന്നതുകൊണ്ടാകാം എണ്ണച്ചായമാണ് വിനീതയുടെ രചനാ രീതി. ചാര്‍ക്കോളിലും ജലച്ചായത്തിലും വിദഗ്ദ്ധയാണ്. എല്ലാ മാധ്യമങ്ങളും ചേര്‍ത്ത് മിക്സഡ് രചന നടത്തിയും വിനീത അത്ഭുതം സൃഷ്ടിച്ചു.
രാജാരവിവര്‍മ്മയുടെ അനന്തരവനായ രാജരാജവര്‍മ്മയുടെ ചെറുമകളാണ് വിനീത. കുട്ടിക്കാലം തൊട്ടു വരയ്ക്കുമെങ്കിലും ശരിയായ മാര്‍ഗ്ഗദര്‍ശനവും ചിത്രരചനയുടെ ബാലപാഠങ്ങളും പകര്‍ന്നു കൊടുത്തത് അച്ഛന് പെങ്ങളായ ഭാഗീരഥി കൊച്ചമ്മയാണ്. ഭാഗീരഥി കൊച്ചമ്മയുടെ ചിത്രങ്ങളുടെ ആകര്‍ഷണീയതാണ് വിനീതയെന്ന ചിത്രകാരിയെ ഉണര്‍ത്തിയത്. നാഗവള്ളി ആര്.എസ്. കുറുപ്പിന്റെ മേല്‍നോട്ടത്തിലും വിനീത ചിത്രരചന അഭ്യസിച്ചിട്ടുണ്ട്. പക്ഷേ വിനീതയിലെ ചിത്രകാരിക്ക് സാങ്കേതികതത്വം പകര്‍ന്നു നല്കിയ ഗുരു ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തനാണ്. ഇപ്പോഴും ദത്തനില്നിന്ന് ചിത്രരചനാപാഠങ്ങള് അഭ്യസിക്കുകയാണ് വിനീത.
“ഫിഗറേറ്റീവ് അട്രാക്ഷന്” ആണ് കൂടുതല്‍ ഇഷ്ടം. ചിന്തയും കാലവും മാറുന്നതിനനുസൃതമായി ചിത്രരചനാ രീതിയിലും മാറ്റമുണ്ടാക്കികൊണ്ടുള്ള രചനാരീതിയാണ് വിനീത നടത്തുന്നത്. സംഗീതവും ചിത്രരചനയും ബന്ധിപ്പിക്കുന്നതിലും വിനീത വിജയിച്ചിട്ടുണ്ട്. “ആലാപ്” എന്ന ചിത്രപരമ്പര ആസ്വാദകരുടെ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഡ്രീംസ്, റിയാലിറ്റി, റിയലൈസേഷന് എന്ന ചിത്രപരമ്പര, സാമൂഹ്യ പ്രതിബദ്ധത ഉണര്‍ത്തുന്നതായിരുന്നു. ഈ ചിത്രപരമ്പരക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു. മനുഷ്യനെന്ന സാമൂഹ്യജീവിയെ മനസ്സിലാക്കാന്‍ പുറമെ മാത്രം നോക്കിയല്പ്പോര അവന്റെ നിഗൂഢമായ ഉള്ളറിയണം എന്ന സന്ദേശം നല്കുന്ന “ഇന്‍സൈഡ് ഔട്ട്സൈസ്” ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ്.
വെങ്കലത്തില്‍ രൂപങ്ങള്‍ മെനയുന്നതിലും വിനീത നിപുണയാണ്. രവിവര്‍മ്മയുടെ ചിത്രങ്ങള്‍ അതേപടി പകര്‍ത്തുക എന്നത് ഈ ചിത്രകാരിക്ക് ഹരമാണ്.
ഭര്‍ത്താവ് സായിഗ്രാം ഡയറക്ടര്‍ അനന്തകുമാറാണ് വിനീതയുടെ കലാപ്രവര്‍ത്തനങ്ങളുടെ പ്രചോദനം. സായിഗ്രാം നടത്തുന്ന കാരുണ്യ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ അനന്തകുമാറിനു കൂട്ടായി വിനീതയുമുണ്ട്. ഐശ്വര്യ, സായൂജ്യ, അന്നപൂര്‍ണ എന്നിവരാണ് മക്കള്‍. സായൂജ്യ ചിത്രകാരിയാണ്. അമ്മയും മകളും ചേര്‍ന്ന് 2011-ല്‍ ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ വച്ച് ചിത്രപ്രദര്‍ശനം നടത്തിയിരുന്നു. അഞ്ഞൂറില്പരം ചിത്രങ്ങളും ടെറാക്കോട്ട, വെങ്കലം മുതലായവയില്‍ നൂറിലേറെ അത്യപൂര്‍വ ചിത്രങ്ങളും ഈ കലാകാരിയുടെ കരങ്ങളിലൂടെ വിരിഞ്ഞിട്ടുണ്ട്. അനന്തപുരിയിലെത്തുന്ന വിശിഷ്ട വ്യക്തികള്‍ക്ക് വിനീതയുടെ സൃഷ്ടികളാണ് സംഘാടകര്‍ ഉപഹാരമായിട്ട് നല്കുവാന് ആദ്യം പരിഗണിക്കുന്നത്. വരയ്ക്കുന്നതും നിര്‍മ്മിക്കുന്നതുമായ സൃഷ്ടികള്‍ വെളിച്ചം കാണിക്കാതിരുന്ന ഈ കലാകാരി പുരസ്കാരം പ്രതീക്ഷിക്കാത്തതില്‍ അത്ഭുതം ഒന്നുമില്ല.
ഹരി. ജി. ശാര്‍ക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: