കോട്ടയം: വീണ്ടുമൊരു അദ്ധ്യയനവര്‍ഷം ആരംഭിക്കാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സ്കൂള്‍ വിപണി ഉണര്‍ന്നു. വര്‍ണശബളമായ പുതുപുത്തന്‍ ബാഗുകളും കുടകളും നോട്ടുബുക്കുകളും വിപണിയില്‍ നിറഞ്ഞു. പുസ്തകങ്ങളും ബുക്കുകളും കേടു കൂടാതെ സംരക്ഷിക്കുന്നതിനു വേണ്ടി പ്ലാസ്റ്റിക് കവറിംഗുള്ള ക്രാഫ്റ്റ് പേപ്പറുകളും വിവിധ തരത്തിലുള്ള നെയിംസ്ലിപ്പുകളും വിപണിയില്‍ ധാരാളം. വിവിധ കമ്പനികളുടെ പരസ്യാര്‍ത്ഥം ഇറക്കുന്ന നെയിം സ്ലിപ്പുകള്ക്കു പുറമെ കുട്ടുകളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത നെയിം സ്ലിപ്പുകളും താരമാകുന്നു. കുട്ടിയുടെ ചിത്രത്തിനൊപ്പം പേരും സ്കൂളിന്റെ പേരും ക്ലാസ്, ഡിവിഷന്, വിഷയം എന്നിവ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പേപ്പറുകളിലാണ് പുതിയ നെയിം സ്ലിപ്പുകള്‍ ഒരുങ്ങുന്നത്. കമ്പ്യൂട്ടറുകളില്‍ തയ്യാറാക്കുന്ന ഇത്തരം സ്റ്റിക്കറുകള്‍ ഒരു പേപ്പറില്‍ 30 എണ്ണം വീതം തയ്യാറാക്കി ലേസര്‍ പ്രിന്റെടുക്കും. ഇത്തരം സ്റ്റിക്കറുകള്‍ രക്ഷിതാക്കളുടെ താത്പര്യപ്രകാരം അവര്‍തന്നെ മുന്‍കൈയ്യെടുത്ത് രൂപകല്പന ചെയ്യുന്നതാണ്. വരും ദിവസങ്ങളില്‍ സ്കൂളുകള്‍ തന്നെ ഇത്തരത്തിലുള്ള നെയിം സ്ലിപ്പുകള്‍ തയ്യാറാക്കാന്‍ മുന്കയ്യെടുത്തേക്കുമെന്നാണ് സൂചന. എല്‍കെജി, യുകെജി, ഒന്നാം ക്ലാസ് തുടങ്ങിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് തങ്ങളുടെ ബുക്കുകള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ ചിത്രങ്ങള്‍ പതിപ്പിച്ച നെയിംസ്ലിപ്പുകള്‍ സഹായകരമാകുമെന്ന് രക്ഷിതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: