വളരെക്കാലത്തെ പഠന മനനങ്ങള്‍ക്കുശേഷം സ്വര്‍ഗീയ ദീനദയാല്‍ ഉപാധ്യായ കണ്ടെത്തിയ ഏകാത്മ മാനവദര്‍ശനം സമഗ്രമായ രൂപത്തില്‍ ഭാരതീയ ജനസംഘത്തിന്റെ അഖിലഭാരതീയതലത്തിലുള്ള കാര്യകര്‍ത്താക്കള്‍ക്ക് മുമ്പാകെ അവതരിപ്പിച്ചിട്ട് അര നൂറ്റാണ്ട് തികയുകയാണ്. 1964 ലാണ് ഗ്വാളിയറില്‍ ചേര്‍ന്ന 500 ഓളം പ്രവര്‍ത്തകരുടെ നാലുദിവസത്തെ ചിന്തന്‍ ശിബിരത്തില്‍ ദീനദയാല്‍ജി തന്റെ സിദ്ധാന്തം അവതരിപ്പിച്ചത്. തന്റെ പ്രബോധനമോരോന്നും കഴിഞ്ഞ് അതെപ്പറ്റി പ്രവര്‍ത്തകരുടെ അഭിപ്രായങ്ങളാരാഞ്ഞ് അവയ്ക്ക് വിശദീകരണം നല്കുന്ന ശൈലിയാണദ്ദേഹം സ്വീകരിച്ചത്.
ഏകാത്മമാനവ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതീയ ജനസഘത്തിന്റെ നയലക്ഷ്യങ്ങള്‍ അടങ്ങുന്ന തത്വവും നയവും തയ്യാറാക്കി അടുത്തവര്‍ഷം വിജയവാഡായില്‍ നടന്ന ഭാരതീയ പ്രതിനിധിസഭയില്‍ അദ്ദേഹം അവതരിപ്പിക്കുകയും അതിലെ ഓരോ വാചകവും ചര്‍ച്ചകള്‍ക്കും വിശദീകരണങ്ങള്‍ക്കുംശേഷം സഭ അംഗീകരിക്കുകയും ചെയ്തു. തത്വവും നയവും (സിദ്ധാന്ത് ഔര്‍ നീതി) കരടുരൂപം തയ്യാറാക്കി രാജ്യമെങ്ങുമുള്ള പ്രമുഖവ്യക്തികള്‍ക്ക് (ബുദ്ധിജീവികള്‍, പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയ ചിന്തകര്‍ തുടങ്ങിയവര്‍ക്ക്) ജനസംഘ പ്രവര്‍ത്തകര്‍ എത്തിച്ചകൊടുത്ത്, അവരുടെ അഭിപ്രായങ്ങള്‍ അറിയാനും ദീനദയാല്‍ജി ശ്രദ്ധിച്ചിരുന്നു. ഏറ്റവും ജനാധിപത്യപരമായ വിധത്തിലാണ് ഈസിദ്ധാന്തം ഔദ്യോഗികമായി സ്വീകരിക്കപ്പെട്ടത്. തുടര്‍ന്നും മുംബൈയില്‍ ചേര്‍ന്ന പ്രമുഖ വ്യക്തികളുടെയും ചിന്തകന്മാരുടെയും സദസ്സില്‍ നാലുദിവസത്തെ ഒരു പ്രഭാഷണ പരമ്പരയിലൂടെ ദീനദയാല്‍ജി ഏകാത്മമാനവാദത്തെ വിശദീകരിച്ചു. ആ പരമ്പരയിലെ പ്രഭാഷണങ്ങള്‍ ക്രോഡീകരിച്ചു പുസ്തകരൂപത്തിലാക്കിയതാണ് ഏകാത്മമാനവാദമെന്നും ഏകാത്മമാനവദര്ശനമെന്നും അറിയപ്പെടുന്ന പ്രബന്ധം.
അതിനുമുമ്പുതന്നെ ജനസംഘത്തിന്റെ സ്ഥാപനകാലത്തു പാശ്ചാത്യരീതിയനുസരിച്ചുള്ള രാഷ്ട്രീയ, ഭരണ, രീതികളില്‍നിന്നു വ്യത്യസ്തമായി ഭാരതീയ പാരമ്പര്യത്തിനനുസൃതമായി ഇവിടത്തെ പ്രതിഭയ്ക്കും തനിമയ്ക്കും യോജിച്ചതും ആധുനികയുഗത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോന്നതുമായ ഒരു രീതിക്കായി ദീനദയാല്‍ജി ചിന്തിച്ചു തുടങ്ങിയിരുന്നു. സംഘത്തിന്റെ ദ്വിതീയ സര് സംഘചാലക് ശ്രീ ഗുരുജി ഗോള്‍വള്‍ക്കര്‍, മുതിര്‍ന്ന പ്രചാരകനും ചിന്തകനുമായിരുന്ന ദത്തോപന്ത് ഠേംഗ്ഡി, ജനസംഘ സ്ഥാപകാധ്യക്ഷന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങിയവരുമായി നിരന്തര ചര്‍ച്ചകള്‍ നടത്തിയാണ് ദീനദയാല്‍ജി ഈ ശ്രമത്തെ മുന്നോട്ടു നയിച്ചത്. അക്കാലത്തെ സംഘശിക്ഷാവര്‍ഗില്‍ അദ്ദേഹം ചെയ്യാറുണ്ടായ ബൗദ്ധിക്ക് വ്യക്തി, സമാജം അവ തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആഴത്തില്‍ ഉള്‍ക്കാഴ്ച നല്കുന്നവയായിരുന്നു. പ്രകൃതി, സംസ്കൃതി, വികൃതി, ചിതി, വിരാട് മുതലായ വിഷയങ്ങളെ അത്യന്തം ലളിതമായ വിധത്തിലാണ് അദ്ദേഹം വിശദീകരിച്ചത്. അതിവിദൂരമായ ഭാവിയിലേക്കുള്ള തെളിമയാര്‍ന്ന വീക്ഷണമായിരുന്നു അത്.
ദീനദയാല്‍ജി ഔപചാരികമായി തന്റെ ദര്‍ശനം അവതരിപ്പിച്ചിട്ട് അരനൂറ്റാണ്ടു തികഞ്ഞു. അദ്ദേഹത്തിന്റെ ജന്മശതാബ്ദിയിലും രണ്ടുവര്‍ഷത്തിനുള്ളില്‍ ആഗതമാകും. ഈ അന്‍പതാം വര്‍ഷത്തില്‍ ദീനദയാല്‍ജിയുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കുന്നതിന് തുടക്കം കുറിക്കാമെന്ന പ്രതീക്ഷ നല്കുന്ന ഒരു ഭരണകൂടം നിലവില്‍ വരുമെന്ന പ്രത്യാശയിലാണ് നാമൊക്കെ.
ഏകാത്മമാനവദര്‍ശനത്തെപ്പറ്റി ധാരാളം പഠനങ്ങളും അതിന്റെ ഫലമായി ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകൃതങ്ങളായിട്ടുണ്ട്. സംഘവൃത്തങ്ങള്ക്ക് പുറത്ത് സിപിഐ അനുഭാവിയും സാമ്പത്തികശാസ്ത്രജ്ഞനുമായ ഡോ.എം.ജി. ബൊക്കാറെ, ദത്തോപന്ത് ഠേംഗ്ഡിയുമായുണ്ടായ സമ്പര്‍ക്കം മൂലം തന്റെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടായി, ഭാരതത്തിന്റെ തനതായ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ഹിന്ദു ഇക്കണോമിസ്റ്റ് എന്നൊരു പ്രബന്ധം തന്നെ തയ്യാറാക്കി. ദീനദയാല്‍ജിയാകട്ടെ 1967 ല്‍ കോഴിക്കോട്ട് സമ്മേളനത്തില്‍ ദേശീയാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം, ആദ്യത്തെ ബദ്ധപ്പാടുകള്‍ തീര്‍ന്ന്, മുംബൈയില്‍ ഏതാനും നാള് ഏകാന്ത വിശ്രമത്തില്‍ കഴിഞ്ഞ്, ഏകാത്മമാനവ ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശദമായൊരു പ്രായോഗിക കാര്യപദ്ധതി തയ്യാറാക്കാന്‍ നിശ്ചയിച്ചിരുന്നു. കോഴിക്കോട്ട് സമ്മേളനത്തിന്റെ ചുമതല വഹിച്ച രാംഭാവുഗോഡ്ബോലെ അതിനു പൂര്‍ണമായ വ്യവസ്ഥകളും ചെയ്തിരുന്നു. പക്ഷേ വിധി വിഹിതം മറ്റൊന്നായി. ഏകാത്മമാനവ ദര്‍ശനത്തിന്റെ വിവിധവശങ്ങളെ വിശദീകരിക്കുന്ന 10 വാല്യങ്ങളുള്ള ഒരു പരമ്പര ദല്‍ഹിയിലെ സുരുചി പ്രകാശന് ഇംഗ്ലീഷിലും ഹിന്ദിയിലും പുറത്തിറക്കിയതൊഴികെ കാര്യമായ പഠനങ്ങള്‍ ഉണ്ടായിട്ടില്ല എന്നുതോന്നുന്നു.
അടിയന്തരാവസ്ഥയെത്തുടര്‍ന്നുണ്ടായ കീഴ്മേല്‍ മറിച്ചിലില്‍ ജനസംഘം തന്നെ ജനതാപാര്‍ട്ടിയില്‍ ലയിക്കുകയും പിന്നീട് ആ ജനതാ പരീക്ഷണം തകര്‍ന്ന് ഭാരതീയ ജനതാ പാര്‍ട്ടി പിറവിയെടുക്കുകയും ചെയ്തപ്പോള്‍ ഏകാത്മമാനവ ദര്‍ശനത്തിന് കാലാനുസൃതമായ വ്യാഖ്യാനങ്ങള്‍ ആവശ്യമായി വന്നു. കാലാതിവര്‍ത്തിയും ജീവമാനവുമായ ഒരു സിദ്ധാന്തമാണത് എന്ന വസ്തുതയുടെ വെളിച്ചത്തില്‍ പഠനങ്ങളും വ്യാഖ്യാനങ്ങളും വിലയിരുത്തലുകളും ആവശ്യമായിരുന്നു. അതുവേണ്ടവിധം നടന്നുവോ എന്നു സംശയമാണ്. മാനവ സമുദായത്തിന്റെ സകല പ്രശ്നങ്ങള്‍ക്കും അന്തിമമായ പരിഹാരമാണെന്നു കൊട്ടിഘോഷിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി മുക്കാല്‍ നൂറ്റാണ്ടു തികയ്ക്കാനാവാതെ തകര്‍ന്നുതരിപ്പണമായതിന് 20-ാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ചു. ലോകത്തില്‍ വികസിച്ചുവരുന്ന പ്രവണതകളെ ഉള്‍ക്കൊണ്ട്, ഒരു ചെടി വളരുന്നതുപോലെ മണ്ണില്‍ നിന്ന് ജീവനം വലിച്ചെടുത്ത് വികസിച്ചുവരേണ്ടതാണ് രാഷ്ട്രജീവിതം.
മറ്റു ഭാഷകളില്‍ ഏകാത്മമാനവ ദര്‍ശനത്തെക്കുറിച്ച് എത്ര പഠനങ്ങള്‍ നടന്നുവെന്ന് അറിയില്ല. മലയാളത്തില്‍ അത്രയൊന്നും നടന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഇവിടുത്തെ അക്കാദമിക ബുദ്ധിജീവി വര്‍ഗത്തിന്റെ ഇടതുപക്ഷ ചായ്വാകാം അതിനു കാരണം. ഭാരതീയ സംസ്കാരത്തിലും പാരമ്പര്യത്തിലും ചിന്തയിലും നിന്ന് ഒട്ടും നന്മ പ്രതീക്ഷിക്കേണ്ടതില്ല എന്നതാണല്ലൊ അക്കൂട്ടരുടെ ഉറച്ച ശാഠ്യം. ഈ പശ്ചാത്തലത്തിലാണ് വാഴൂര്‍ എന്‍എസ്എസ് കോളേജില്‍നിന്ന് വിരമിച്ച പ്രൊഫ.വിജയകുമാര്‍ ധര്മരാജ്യനിര്മാണത്തില് ഏകാത്മമാനവദര്‍ശനത്തിന്റെ പങ്ക് എന്നതിനെപ്പറ്റി ഗവേഷണ പ്രബന്ധം തയ്യാറാക്കിയത് വായിക്കാനിടയായി. റഷ്യയിലെ അല്‍മ അത്തായില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചതാണ് പ്രബന്ധം. അതിന്റെ തയ്യാറെടുപ്പു സമയത്തു തന്നെ, പ്രൊഫ.വിജയകുമാര്‍, പരാമര്‍ശങ്ങള്‍ക്കായി സമീപിക്കുകയും ദീനദയാല്‍ജിയുമായി അടുത്തു ബന്ധപ്പെട്ട നേതാക്കന്മാരെയും സ്ഥലങ്ങളെപ്പറ്റിയും അന്വേഷിക്കുകയും ചെയ്തിരുന്നു. പരമേശ്വര്‍ജിയും ഠേംഗ്ഡിജിയും ദീനദയാല്‍ജിയുമായി ആത്മബന്ധമുണ്ടായിരുന്ന രാ. വേണുഗോപാലിനെയും സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ ഉപദേശിച്ചു.
പ്രസ്തുത പ്രബന്ധം മലയാളത്തിലും തയ്യാറാക്കിയെന്നതാണ് പ്രൊഫ. വിജയകുമാര്‍ ചെയ്ത ശ്ലാഘനീയ കൃത്യം. മനുഷ്യസമൂഹത്തില്‍ മാനവവാദം രൂപം കൊണ്ടതിന്റെയും ഓരോ രാജ്യത്തും സംസ്കാരത്തിലും അത് വളര്‍ന്നു വികസിച്ചതിന്റെയും സംക്ഷിപ്ത പഠനം അദ്ദേഹം നടത്തി. പാശ്ചാത്യ നാഗരീതികളുടെ മേല്‍ യഹൂദമതത്തിനും ക്രിസ്തുമതത്തിനും അവരുടെ മാനവതയെപ്പറ്റിയുള്ള വീക്ഷണത്തില്‍ എങ്ങനെ സ്വാധീനവും നിയന്ത്രണവും ചെലുത്താന്‍ കഴിഞ്ഞുവെന്നു അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ചീനയിലും ഭാരതത്തിലും നിലനിന്ന വീക്ഷണങ്ങളും വിശ്വാസങ്ങളും പ്രവണതകളും നിരീക്ഷണ വിധേയമാക്കുന്നു.
ഭാരതത്തിലെ ആദിമ മഹര്‍ഷിമാരുടെ ദര്‍ശനത്തില്‍ത്തന്നെ മാനവികതയുടേയും സര്‍വസൃഷ്ടിസമാവേശത്തിന്റെയും സാന്നിദ്ധ്യം കാണുന്നതിനെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ദീനദയാല്‍ജി ആധുനികയുഗത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ തന്നെ ദര്‍ശനത്തെ ആവിഷ്ക്കരിച്ചവതരിപ്പിച്ചതെന്ന് പ്രൊഫ. വിജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
ദീനദയാല്‍ജി തന്റെ ദര്‍ശനം അവതരിപ്പിച്ചതിന്റെ അന്‍പതാം വര്‍ഷത്തില്‍ ഏകാത്മമാനവ ദര്‍ശനം സിദ്ധാന്തവും പ്രയോഗവും പ്രസിദ്ധീകരിക്കുന്നത് അദ്ദേഹത്തിന് നല്കാവുന്ന ഉത്തമമായ ആദരാഞ്ജലിയായിരിക്കും.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: