ഈലേഖന പരമ്പരയില്‍ ഭാരതീയ ഭാഷകള്‍ക്കെതിരായ ആംഗ്ലോ അമേരിക്കന്‍ ലോബിയെക്കുറിച്ചാണ് പറഞ്ഞുവന്നത്. കാനഡ, ആസ്ട്രേലിയ തുടങ്ങി ഇംഗ്ലീഷ് മുഖ്യഭാഷയായുള്ള പ്രദേശങ്ങളും ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങീ യൂറോപ്യന്‍ ഭാഷകള്‍ ഉപയോഗിക്കുന്ന പ്രദേശങ്ങളും ഭാരതീയ ഭാഷകളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന പ്രക്രിയയില്‍ പരോക്ഷമായി പങ്കാളികളാണ്. അവരിലാരും ഭാരതീയരുടെ ശത്രുക്കളല്ല. ഭാരതീയഭാഷകള്‍ക്കും എതിരല്ല.
ഭാരതത്തിന്റെ സമ്പത്തു നിയമവിധേയമായ മാര്‍ഗത്തിലൂടെ കൈവശപ്പെടുത്താനുള്ള വ്യാപാരതന്ത്രങ്ങള്‍ ഭാരതീയ ഭാഷകളുടെ വികസനത്തെയും നിലനില്‍പ്പിനെപ്പോലും തടസ്സപ്പെടുത്തുന്നത് മറ്റാരുടെയും കുറ്റമല്ല. നമുക്ക് ഭാഷാസ്നേഹവും ദേശസ്നേഹവും സ്വാഭിമാനവും ഇല്ലാത്തതാണ് കാരണം.
ഒരു വികസിത ഭാഷയ്ക്ക് അത്യാവശ്യം വേണ്ട ചില അടിസ്ഥാനഗ്രന്ഥങ്ങളുണ്ട്. വ്യാകരണം, നിഘണ്ടു, വിജ്ഞാനകോശം എന്നിവ അവയില്‍ പ്രധാനമാണ്. സ്വതന്ത്രഭാരതം എല്ലാ ഭാഷകള്‍ക്കും ആധുനികവ്യാകരണങ്ങളും നിഘണ്ടുകളും വിജ്ഞാനകോശങ്ങളുമുണ്ടാക്കാനുള്ള പരിശ്രമം ആരംഭിച്ചു. കുറെയൊക്കെ നടപ്പിലാക്കുകയും ചെയ്തു. പക്ഷേ ഇവയൊന്നും ആ ഭാഷകള്‍ സംസാരിക്കുന്ന ജനതയ്ക്ക് പ്രയോജനപ്പെട്ടില്ല. വളരെ സമര്‍ത്ഥമായ ഇടപെടലുകളിലൂടെ അവയെ പ്രയോജനമില്ലാത്തവയാക്കാന് വിദേശശക്തികള്‍ക്കു കഴിഞ്ഞു. തന്ത്രമെന്തെന്നു മനസ്സിലാക്കാന്‍ എളുപ്പം. വിജ്ഞാനകോശങ്ങളുടെ കാര്യത്തിലായതുകൊണ്ട് വിജ്ഞാനകോശങ്ങളുടെ പരാജയം പരിശോധിക്കാം.
ഭാരതത്തിലെ എല്ലാ ഭാഷകളിലും വിജ്ഞാനകോശ നിര്‍മ്മാണം നടക്കുന്നുണ്ട്. പതിനായിരക്കണക്കിന് അവ വിറ്റുപോകുന്നുണ്ട്. പല വാല്യങ്ങള്‍ക്കും പുതിയ പതിപ്പുകളും ഉണ്ടാകുന്നുണ്ട്. പ്രഗല്ഭരായ പണ്ഡിതരാണ് ലേഖനങ്ങള്‍ എഴുതയിട്ടുള്ളത് അച്ചടിയും കെട്ടും മട്ടുമൊന്നും മോശമല്ല. എന്നിട്ടും പ്രയോജനപ്പെട്ടില്ലെന്നോ പരാജയപ്പെട്ടുവെന്നോ പറയുന്നതെന്ത്? മനസിലാക്കാന്‍ എളുപ്പം കേരള സര്‍ക്കാര്‍ നടത്തുന്ന സര്‍വ വിജ്ഞാനകോശത്തിന്റെ വാല്യങ്ങള്‍ പതിശോധിക്കുകയാണ്.
1961ല്‍ പ്രൊഫസര്‍ എന്‍. ഗോപാലപിള്ളയുടെ അധ്യക്ഷതയിലാണ് ഈ വിജ്ഞാനകോശ പ്രവര്‍ത്തനം ആരംഭിച്ചത്. വിവിധ വിജ്ഞാനശാഖകളില്‍ പ്രാവീണ്യമുള്ള നിരവധി പണ്ഡിതന്മാര് ഈ പ്രവര്‍ത്തനത്തില്‍ സഹകരിച്ചു. മുപ്പതിനായിരത്തോളം ശീര്‍ഷകങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ ഈ വിജ്ഞാനകോശത്തില്‍ ഉണ്ടാകുമെന്നാണ് പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. പ്രൊഫ. ഗോപാലപിള്ളയെ തുടര്‍ന്ന് ഡയറക്ടര്‍ സ്ഥാനത്തുവന്നവരും പ്രഗത്ഭരുമായിരുന്ന ശീര്‍ഷകങ്ങളും ലേഖകരുടെ പേരുകളുമൊക്കെ ഏതാണ്ടു തീര്‍ച്ചയായി ലേഖനങ്ങള്‍ പണ്ഡിതന്മാര് എഴുതി തുടങ്ങി. അപ്പോഴേക്കും അശരീരിയായി ഒരു നിര്‍ദ്ദേശം വിജ്ഞാനകോശപ്രവര്ത്തകര്ക്കു ലഭിച്ചു. വളരെ നിര്‍ദോഷവും സൗകര്യപ്രദവുമെന്ന് ആരും സമ്മതിക്കുന്ന നിര്‍ദ്ദേശം “ഓരോ വാല്യമായി പ്രസിദ്ധപ്പെടുത്തുക, ഒരുമിച്ചു പ്രസിദ്ധപ്പെടുത്തുന്നതു പിന്നെയാകാം.” 1985 ഓടുകൂടി ഇരുപതു വാല്യങ്ങള്‍ ഒന്നിച്ചു പ്രസിദ്ധപ്പെടുത്താന്‍ പരിശ്രമിച്ചിരുന്ന പ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി. വാല്യങ്ങള്‍ ഒന്ന്, രണ്ട് എന്ന കൂട്ടത്തില്‍ പുറത്തുവന്നു. ഓരോന്നിനും അനേകം പതിപ്പുകളായി ലക്ഷക്കണക്കിനു വിജ്ഞാനകോശവാല്യങ്ങള് കേരളീയര്‍ വില കൊടുത്തുവാങ്ങി അലമാരകളില്‍ സൂക്ഷിക്കുന്നു. എന്റെ പഠനമുറിയിലും ഒരു ഷെല്‍ഫില്‍ പന്ത്രണ്ടുവാല്യങ്ങളുമുണ്ട്. പക്ഷേ ഒരു വിഷയത്തെക്കുറിച്ച് സമഗ്രമായി അറിയാന്‍ ഈ വിജ്ഞാനകോശം പ്രയോജനപ്പെടുന്നില്ല. ഇംഗ്ലീഷിലുള്ള വിജ്ഞാനകോശങ്ങളെ ആശ്രയിക്കുകയേ വഴിയുള്ളൂ. അതുതന്നെയാണ് നമ്മുടെ ആംഗ്ലോ അമേരിക്കന്‍ ലോബിയുടെ ലക്ഷ്യം.
ഒരു ഉദാഹരണം കൊണ്ട് കുറെക്കൂടി വ്യക്തമാക്കാം. “അണു കേന്ദ്ര റിയാക്ടര്‍” എന്നൊരു ശീര്‍ഷകം സര്‍വവിജ്ഞാനകോശം ഒന്നാം വാല്യത്തിലുണ്ട്. ശാസ്ത്രം പഠിച്ചിട്ടില്ലാത്ത ഞാന്‍ ആ ലേഖനം ശ്രദ്ധിച്ചു പഠിക്കാന്‍ ശ്രമിച്ചു. ഈ ശീര്ഷകത്തിന് മൂന്നു ഘടകങ്ങളുണ്ട്. അണു, അണുകേന്ദ്രം, അണുകേന്ദ്ര റിയാക്ടര്‍. ഈ മൂന്നു ശീര്‍ഷകങ്ങളും വളരെ സ്തുത്യര്‍ഹമായ രീതിയില്‍ സര്‍വ വിജ്ഞാനകോശം വ്യാഖ്യാനിച്ചിട്ടുണ്ട്. ശാസ്ത്രീയത നിലനിറുത്തികൊണ്ട് സാമാന്യ വിദ്യാഭ്യാസം മാത്രമുള്ള ഒരാള്‍ക്ക് സങ്കീര്‍ണമായ ശാസ്ത്രതത്വങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന പ്രതിപാദനം. ലേഖനത്തെ അഭിനന്ദിച്ചുകൊണ്ടുതന്നെ ചോദിക്കട്ടെ, ശാസ്ത്രജ്ഞനല്ലാത്ത റിയാക്ടര്‍ ഉണ്ടാകുമോ. “റിയാക്ടര്‍” എന്ന ലേഖനം കൂടി വായിച്ചാല്‍ ഈ സംശയം മാറും. 1972-ല്‍ ഒന്നാം വാല്യം പ്രസിദ്ധപ്പെടുത്തിയ ഈ വിജ്ഞാനകോശം 2014ലും ‘റ’കാരം കൊണ്ടുതുടങ്ങുന്ന ശീര്‍ഷകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഓരോ വാല്യമായി പ്രസിദ്ധപ്പെടുത്താനുള്ള അശരീരി നിര്‍ദ്ദേശത്തിന്റെ ഉദ്ദേശ്യം വ്യക്തം. ഒന്നാം വാല്യത്തില്‍ അക്ബര്‍ ചക്രവര്‍ത്തിയെക്കുറിച്ച് നല്ല ഒരു ലേഖനമുണ്ട്. പക്ഷേ ഹുമയൂണിനെയോ ബാബറെയോ മുഗള്‍ സാമ്രാജ്യത്തെയോ കുറിച്ചറിയാന്‍ 2003 വരെ സര്‍വ വിജ്ഞാനകോശം സഹായിച്ചില്ല.
ഇത് കേരളത്തിലെ സര്‍വവിജ്ഞാനകോശത്തിന്റെ മാത്രം കാര്യമല്ല. ഭാരതീയ ഭാഷകളിലുണ്ടായ മിക്ക വിജ്ഞാനകോശങ്ങളും അപൂര്‍ണമാണ്. ഓരോ വാല്യമായി പ്രസിദ്ധീകരിക്കുന്ന തന്ത്രം തന്നെയാണ് മിക്കപ്പോഴും പ്രയോഗിച്ചുകാണുന്നത്. അശരീരിയെ അവഗണിച്ച് എല്ലാ വാല്യങ്ങളും ഒരുമിച്ചു പ്രസിദ്ധപ്പെടുത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ മൂന്നോ നാലോ പതിപ്പ് ഉണ്ടാകുമായിരുന്നു എന്ന് കേരളത്തിന്റെ സര്വവിജ്ഞാനകോശത്തെക്കുറിച്ച് ഉറപ്പിച്ചുപറയാം. മറ്റു ഭാരതീയ ഭാഷകളുടെയും കഥ ഇതുതന്നെ. വേറെയും തന്ത്രങ്ങള്‍ പലതും പ്രയോഗത്തിലുണ്ട്. അവ വിശദമാക്കാന്‍ പല കാര്യങ്ങള്‍ പറയണം. അത് തല്ക്കാലം മാറ്റിവയ്ക്കുന്നു.
ഭാരതീയ ഭാഷകളിലെ വിജ്ഞാനകോശങ്ങളെ ഉപയോഗശൂന്യമാക്കിയപ്പോഴുണ്ടായ ശൂന്യതയിലേക്ക് വിദേശഭാഷകളിലെ പ്രമുഖമായി ഇംഗ്ലീഷിലെ വിജ്ഞാനകോശങ്ങള്‍ കടന്നുവന്നു. പല പേരുകളില്‍ പല ഇംഗ്ലീഷ് എന്‍സൈക്ലോപീഡിയകള്‍ ഇപ്പോള്‍ ലക്ഷക്കണക്കിന് ഭാരതീയ ഭവനങ്ങളില്‍ കുടിയേറിക്കഴിഞ്ഞു. ഇംഗ്ലീഷിലെ മിക്ക വിജ്ഞാനകോശങ്ങള്ക്കും ഇന്ത്യയില്‍ പ്രസിദ്ധീകരണശാലകളുണ്ട്. “എന്‍സൈക്ലോപീഡിയാ ബ്രിട്ടാനിക്കാ (ഇന്ത്യാ) പ്രൈവറ്റ് ലിമിറ്റഡ്.” ഉദാഹരണം ഇന്ത്യയ്ക്കുവേണ്ടി പലതരം കോശഗ്രന്ഥങ്ങള്‍ ആംഗ്ലോ ഇന്ത്യന്‍ പ്രസിദ്ധീകരണ ശാലക്കാര്‍ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുന്നുണ്ട്. അവയുടെ വില്പന അധികവും സമൂഹത്തില്‍ പ്രധാനപ്പെട്ട സ്ഥാനമുള്ള വീട്ടമ്മമാരെ ഏജന്റുമാരാക്കിയാണ്.
പരസ്യങ്ങളൊന്നുമില്ലാത്ത ഈ വ്യാപാരത്തില്‍ വില്പനക്കാരുടെ വിഹിതം അമ്പതുശതമാനത്തിലേറെയാണ്. കുട്ടികളെ ലക്ഷ്യമാക്കുന്ന “ചില്‍ഡ്രന്‍സ് എന്സൈക്ലോപീഡിയകളും ബുക്സ് ഓഫ് നോളജുകളു”മാണ് ഇവയിലേറെയും. ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെയാണ് ഇത്തരം പ്രസിദ്ധീകരണങ്ങള്‍ ചൂഷണം ചെയ്യുന്നത്.
നിലവിലുള്ള പ്രസിദ്ധ ആംഗല വിജ്ഞാനകോശങ്ങളുടെ സംഗ്രഹം ഭാരതത്തിലെ പ്രാദേശികഭാഷകളില്‍ പ്രസിദ്ധീകരിക്കാത്തതാണ് മറ്റൊരു തന്ത്രം. പ്രാദേശികഭാഷകളില്‍ നാം നിര്‍മ്മിക്കാന്‍ ശ്രമിച്ച വിജ്ഞാനകോശങ്ങളെ പരാജയപ്പെടുത്തിയത് ഈ വിജ്ഞാനകോശങ്ങളെ പ്രചരിപ്പിക്കാനും കൂടിയാണല്ലോ.
ആധുനിക ജീവിതത്തില്‍ വിജ്ഞാനകോശങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ലോകജനതയുടെ സാമൂഹീകഘടന അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. നിത്യജീവിതത്തില്‍ ശാസ്ത്രജ്ഞാനം ഒഴിവാക്കാനാകാത്തവിധം സാര്‍വത്രികമായിരിക്കുന്നു. ജീവിതത്തിന്റെ സങ്കീര്ണതയില് വ്യക്തികളുടെ അല്ല ജ്ഞാനം അപര്യാപ്തമായിത്തീര്‍ന്നിരിക്കുന്നു. ആര് ഏതുഭാഷയില്‍ പകര്‍ന്നു തന്നാലും വിജ്ഞാനം നമുക്കു കൂടിയേ തീരു. അതുകൊണ്ട് ഭാരതീയ ഭാഷകളെ സജ്ജമാക്കാനുള്ള ഭാഷാസ്നേഹം ദേശമാകെ വ്യാപിക്കുന്നതുവരെയെങ്കിലും നമുക്ക് ഇംഗ്ലീഷിലുള്ള വിജ്ഞാനകോശങ്ങളെയും അവയെ ആധാരമാക്കി ഭാരതത്തിലെ ദേശീയഭാഷകളില്‍ വിദേശികള്‍ വിളമ്പിത്തരുന്ന വിജ്ഞാനത്തെയും സ്വീകരിക്കുകയേ വഴിയുള്ളൂ. പക്ഷേ നമുക്ക് കിട്ടുന്ന വിജ്ഞാനകോശങ്ങള്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നവയാണെന്ന് ഉറപ്പാക്കണം. അതിനായി ഒരു ലഘുപരീക്ഷണം ആര്‍ക്കും നടത്തിനോക്കാം.
ഏതു വ്യക്തിക്കും കുറെ അറിവ് തീര്‍ച്ചയായും ഉണ്ടാകും. ഒന്നും അറിഞ്ഞുകൂടാത്തവരാരുമില്ല. സര്വജ്ഞമായും ആരുമില്ല. ഒരു വിജ്ഞാനകോശം വാങ്ങുന്നതിനുമുന്പ് തനിക്ക് നല്ല അറിവുള്ള നാലഞ്ചു ശീര്‍ഷകങ്ങള്‍ വിജ്ഞാനകോശത്തിലുള്ളവ വായിച്ചു നോക്കുക. അതിലെ പ്രതിപാദനം തൃപ്തികരമാണെങ്കില്‍ ബാക്കിയുള്ളവയും അങ്ങനെയായിരിക്കുമെന്നു വിശ്വസിക്കുക. വിജ്ഞാനകോശം ഉപയോഗിക്കുമ്പോള്‍ കഴിവുള്ളിടത്തോളം മറ്റ് ആധാരഗ്രന്ഥങ്ങളുമായി തട്ടിച്ചുനോക്കുക. ഇപ്പോള്‍ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പല ഉപകരണങ്ങളും നമ്മെ ഇക്കാര്യത്തില്‍ സഹായിക്കും.
ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളെന്ന നിലയ്ക്ക് പല വിജ്ഞാനകോശങ്ങളെക്കുറിച്ചും എനിക്ക് അഭിപ്രായങ്ങളുണ്ട്. അത് രേഖപ്പെടുത്താനാവില്ല.
ഭാരതീയ ഭാഷകളില്‍ ഭാരതീയരുണ്ടാക്കുന്ന വിജ്ഞാന കോശങ്ങള്‍ ഓരോ ഭാഷയ്ക്കും ഉപയോഗപ്പെടത്തക്കവണ്ണം പ്രസിദ്ധീകരിക്കാന്‍ ചുമതലപ്പെട്ടവരെ പ്രേരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍ ചെയ്യാവുന്നത്.
നിഘണ്ടുകളെയും വ്യാകരണങ്ങളെയും കുറിച്ച് തുടര്‍ന്ന് പരിശോധിക്കാം.
(അവസാനിക്കുന്നില്ല)
ഡോ. ബി.സി. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: