ലണ്ടന്‍: ആയിരക്കണക്കിന് ഇറാനി വനിതകള്‍ ഫേയ്സ് ബുക്കിലൂടെ തട്ടം നിയമത്തിനെതിരെ രംഗത്ത്. തട്ടം ധരിക്കാതെയുള്ള തങ്ങളുടെ ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ അപ്ലോഡ് ചെയ്താണ് അവര്‍ പ്രതിഷേധിക്കുന്നത്. 35 വര്‍ഷം മുമ്പ് രൂപീകരിച്ച പ്രാകൃത നിയമത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ കൂടി ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിനെല്ലാം തുടക്കം ‘സ്റ്റെല്‍ത്തി ഫ്രീഡം ഓഫ് ഇറാനിയന്‍ വിമണ്‍’ എന്നു പേരിട്ടിരിക്കുന്ന ഫേയ്സ്ബുക്ക് പേജും.
ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ ജേര്‍ണലിസ്റ്റായ മഷീഹ് അലിനിജാദാണ് ഇത്തരത്തിലുള്ള ഫേയ്സ്ബുക്ക് പേജാരംഭിച്ച് ഭരണകൂടത്തിന്റെ തട്ടം നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ വനിതകള്‍ക്ക് അവസരം നല്‍കുന്നത്. മെയ് മൂന്നിന് ആരംഭിച്ച ഫേയ്സ്ബുക്ക് പേജിന് ഇതിനോടകം തന്നെ 180,000 ലൈക്കുകള്‍ ലഭിച്ചുകഴിഞ്ഞു. തട്ടങ്ങള്‍ ആകാശത്തേക്ക് വലിച്ചെറിയുന്ന ചിത്രങ്ങള്‍ ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ പേജില്‍ അപ്ലോഡ് ചെയ്തുകഴിഞ്ഞു. ഓരോ ഒരു മിനിട്ടിലും നിരവധി ഇ-മെയിലുകളും ഫേയ്സ് ബുക്ക് സന്ദേശങ്ങളും തനിക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് അലിനിജാദ് പറയുന്നു.
‘എന്റെ മുടിയില്‍ വെയിലും കാറ്റും മഴയും ഏല്ക്കണമെന്ന്് എനിക്കും ആഗ്രഹമുണ്ട്. അത് വലിയ അപരാധമാണോ’ തലമുടി അഴിച്ചിട്ട ചിത്രങ്ങള്‍ ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഇറാനിയന്‍ സ്ത്രീകളുടെ ചോദ്യമാണിത്. ഞാന്‍ തട്ടിനെതിരല്ല. പക്ഷേ സ്ത്രീകള്‍ തട്ടം നിര്‍ബന്ധമായും ധരിക്കണമെന്ന നിയമത്തിനെതിരാണെന്നാണ് മറ്റൊരു സ്ത്രീയുടെ പ്രതികരണം. മാധ്യമങ്ങള്‍ സ്റ്റെല്‍ത്തി ഫ്രീഡം ഓഫ് ഇറാനിയന്‍ വിമണ്‍ എന്ന ആശയത്തെ ഏറ്റെടുത്തതോടെ ഫേയ്സ് ബുക്ക് പേജ് ലോകശ്രദ്ധയാര്‍ജിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: