ന്യൂയോര്‍ക്ക്: രാജ്യം കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിന് ഇന്ത്യയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ അഭിനന്ദനം. ഇതിലൂടെ ഇന്ത്യ ലോകത്തിനാകെ മാതൃകയായെന്ന് ഒബാമ പറഞ്ഞു. പുതിയ സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്നും ഒബാമ പ്രസ്താവനയിലൂടെ അറിയിച്ചു.
ജനാധിപത്യത്തോടുള്ള ജനങ്ങളുടെ പ്രതിബദ്ധതയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ ഉയരത്തിലെത്തിയെന്നും ഇത് തുടരാന്‍ പുതിയ സര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ഒബാമ അറിയിച്ചു. ഇരു രാജ്യങ്ങള്‍ക്കും പുരോഗതി ഉറപ്പാക്കുന്ന ശ്രമങ്ങളാണ് വരും വര്‍ഷങ്ങളില്‍ ഉണ്ടാകേണ്ടതെന്നും ഇതിന് കൂട്ടായ ശ്രമം ആവശ്യമാണെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ ഏഴ് മുതല്‍ ഒമ്പത് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പ് മെയ് 12നാണ് അവസാനിച്ചത്. 543 മണ്ഡലങ്ങളിലായി 80 കോടിയിലധികം ജനങ്ങളാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: