വരരുചിപ്പഴമ പേറുന്ന വള്ളുവനാടിന്റെ ഹൃദയവീഥിയിലൂടെ സ്വപ്നധമനികള് നിറച്ചൊഴുകുകയാണ് നിള. കാലത്തിനൊപ്പം. ചരിത്രത്തിന്റെയും മിത്തുകളുടേയും നിഗൂഢ സൗന്ദര്യം പേറിയൊഴുകുന്ന നിളയുടെ തീരങ്ങളില്‍ കഥയും ചരിത്രവുമായി ഇന്നും തലയുയര്‍ത്തി നില്ക്കുന്ന ചില തിരുശേഷിപ്പുകളുണ്ട്. അതിലൊന്നാണ് കൂടല്ലൂരിന്റെ ഗുരുതിപ്പറമ്പ്. നിളയുടെ കഥാകാരനായ എംടിയുടെ ജന്മഗ്രാമമായ കൂടല്ലൂരിന്റെ നിളയോരത്ത് പുഴയുടെ ഭാഗമായി കിട്ടിയതെന്ന് കഥയും ചരിത്രവും പറയുന്ന ഒരു ഗുരുതിപ്പറമ്പ്. ആ ഗുരുതി പറമ്പ് കാക്കാന്‍ ഒരമ്മദൈവവും. സത്യത്തിന്റെ പറമ്പായിരുന്നു കൂടല്ലൂര്ക്കാര്ക്കെന്നും ഗുരുതിപറമ്പ്.
കാക്കിക്കുപ്പായക്കാരുടെയും കോടതിയുടെയും വരവിന് മുമ്പ് നാട്ടുവ്യവഹാരങ്ങള്ക്കും സത്യം തെളിയിക്കലുമെല്ലാം തീര്‍പ്പാക്കിയിരുന്നത് ഗുരുതിപ്പറമ്പില്‍ വെച്ചായിരുന്നു. ഗുരുതിപ്പറമ്പില്‍ കുടിവെച്ച അമ്മദൈവത്തെ സാക്ഷിനിര്‍ത്തി തറയിലൊരു തിരി തെളിച്ച് അതിന് മുകളില്‍ കൈപ്പത്തി നീട്ടിപ്പിടിച്ച് പറയുന്നത് സത്യമാകും. അതാണ് കൂടല്ലൂരിന്റെ തീര്‍പ്പും ഗുരുതിപ്പറമ്പില്‍ വെച്ച് പറഞ്ഞ വാക്ക് അമുകിടമാറാതെ പാലിക്കണമെന്നാണ് നിയമം. നാട്ടു നീതിയുടെ ദേശത്തറയാണ് കൂടല്ലൂരുകാര്‍ക്ക് ഗുരുതിപ്പറമ്പ്. നാടിന്റെ നന്മക്കായി പരസ്പ്പര വിശ്വാസത്തിലും സഹവര്‍ത്തിത്വത്തിലും നാട്ടുകാര്‍ രൂപം കൊടുക്കുന്ന അലിഖിത നിയമങ്ങള്‍. അതുകൊണ്ട് തന്നെ അക്രമത്തിന്റെയും അനീതിയുടേയും അസമാധാനത്തിന്റെയും അസ്വസ്ഥതകള്‍ ഗ്രാമാന്തരങ്ങളെ നോവിച്ചിരുന്നില്ല. അന്നന്നത്തെ അഷ്ടിക്ക് വക തേടുന്ന സാധാരണക്കാരന്റെ ജീവിതമൂല്യങ്ങള്‍ കളങ്കപ്പെടാതെ സംരക്ഷിക്കപ്പെട്ടിരുന്നു. അതിന് കാക്കപ്പടയുടേയോ കോടതിയുടെയോ ആവശ്യമില്ലായിരുന്നു. സാധാരണജനതയുടെ കോടതിയിലെ നീതിയുടെ പാഠങ്ങള്‍ സ്നേഹത്തിലും പരസ്പര വിശ്വാസത്തിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായിരുന്നു. അന്യന്റെ ദുഃഖത്തിന് അവനവന്റെ ദുഃഖത്തിനേക്കാള്‍ അധികം കരുതലും വിലയും നല്കുന്ന കരുണയുള്ള സാധാരണ മനുഷ്യന്റെ ജീവിത തത്വശാസ്ത്രമായിരുന്നു അതിന്റെ അന്തഃസത്ത.
നാട്ടില്‍ ഞാറ്റുപാട്ടും തേക്കുപാട്ടുമായി ഗുരുതിപ്പറമ്പിന്റെ കഥ ഇതള്‍ വിരിയുമ്പോള്‍ സ്ഥലപുരാണമെന്ന സ്വന്തം കഥയിലൂടെ എംടി അതിനെ മലയാള സാഹിത്യ ഭൂമികയില്‍ എഴുതിച്ചേര്‍ത്തു. ഞങ്ങളുടെ കുരുതിപ്പറമ്പിനുള്ള ഞങ്ങളുടെ ഭഗവതിക്ക് കാഴ്ചവച്ചത് ഞങ്ങളുടെ പുഴയായിരുന്നുവെന്ന് എംടി സ്ഥലപുരാണത്തില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മുത്തു വിളയും കുന്നത്ത് അതിരാജന്റെ അമ്പലത്തില്‍ ആറാട്ടു കഴിഞ്ഞ് ഭഗവതിയും അമ്മയും അനുജത്തിമാരും നിലാവിലാറാടി വരുമ്പോള്‍ മൂന്നുംകൂട്ടി മുറുക്കാനും ഒന്നു മുട്ടു മടക്കാനായി പുഴവക്കത്തെ ഇത്തിരി നിഴലിലിരുന്നുവത്രേ. നിളയുടെ വശ്യ സൗന്ദര്യവും പ്രകൃതിഭംഗിയും കണ്ട് ഭഗവതി ഭ്രമിച്ചുപോയി. താളും തകരയും വളരുന്ന നാട്ടില്‍ തനിക്കിരിക്കാന്‍ ഇത്തിരി ഇടം കിട്ടുമോ എന്ന് കാറ്റിനോട് ചോദിച്ചു. കാറ്റ് അത് മലയോട് മൊഴിഞ്ഞു. മലയില്‍ മഴ പെയ്തു. മഴ പുഴ നിറച്ചു. അഞ്ചാലും അരയാലും വളരാനും. മൂന്നാന നിരന്നുനിന്ന് ഉത്സവം നടത്താനുള്ള സ്ഥലം കാഴ്ചവച്ചിട്ട് പുഴ പിന്മാറി. പിറ്റേന്ന് പുലരിയില്‍ കൂടല്ലൂര്‍ക്കാര്‍ പുഴവക്കത്തെ പുതിയ കാഴ്ച കണ്ടു. ഗുരുതി പറമ്പില്‍ കുടിയിരുന്ന ഭഗവതിയുടെ പൊരുളറിഞ്ഞു. ദേശചരിത്രങ്ങളിലും പ്രാദേശിക എഴുത്തുകാരുടെ കഥകളിലും നോവലുകളിലും എന്നും കുരുതിപ്പറമ്പ് തലയുയര്ത്തിനില്ക്കുന്നു.
പുതിയ കാലത്ത് കഥ മാറിയെങ്കിലും നാടിന്റേയും മലകളുടേയും പുഴകളുടേയും കാറ്റിന്റേയും കൃഷിയുടേയും ജലത്തിന്റേയും രക്ഷകയും കാവലാളുമായ അമ്മദേവം ഇപ്പോഴും ഗുരുതിപ്പറമ്പിലുണ്ടെന്നാണ് കൂടല്ലൂരിലെ പഴമക്കാരുടെ വിശ്വാസം. അമ്പലവും ആല്‍ത്തറയും പ്രതിഷ്ഠയുമില്ലാത്ത അമ്മ ദൈവത്തെ തേടി ഇന്നും പല ദേശക്കാരുമെത്തുന്നു. എംടിയുടെ കഥകളിലും നോവലുകളിലും ദര്‍ശിച്ച ഗ്രാമഭംഗിയും നിളയുടെ വിശ്വഭംഗിയിലും നേരില്ക്കാണാനെത്തുന്ന സഹൃദയരും കുരുതിപ്പറമ്പിനെ നമിക്കുന്നു.
ജാതിയും മതത്തിനുമപ്പുറത്ത് നന്മയുടെ ഈ നാട്ടുകഥ. ഇവിടുത്തുകാര്‍ ഇന്നും നെഞ്ചേറ്റി നടക്കുന്നു. മൂന്നാണ്ടൊരിക്കല് എംടിയുടെ ഉത്സാഹത്തില്‍ ഇവിടെ ഗുരുതി കഴിക്കാറുണ്ടായിരുന്നു. നാട്ടുനന്മകള് കെട്ടുപോയിട്ടില്ലാത്ത ഗ്രാമത്തിലേക്ക് എംടിയെത്തുന്ന പ്രധാന ദിവസങ്ങളിലൊന്ന് ഇതായിരുന്നു. കാലവും കര്‍മവും ഗതിമാറ്റിയൊഴുകുമ്പോഴും പറയിപെറ്റ പന്തിരുകുല പെരുമപോലെ, വേര് പടര്‍ത്തി നില്ക്കുന്ന നാട്ടരയാല്പോലെ കൂടല്ലൂരിന്റെ ദേശപ്പെരുമയും കാലയുഗങ്ങള്ക്കപ്പുറത്തേക്ക് പ്രവഹിക്കുകയാണ്.
മണികണ്ഠന് പനങ്കാവില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: