ഹൂസ്റ്റണ്‍: മഹാത്മഗാന്ധിയെ ഇനി അമേരിക്കയിലും കാണാം. കറന്‍സി നോട്ടിലും, സര്‍ക്കാര്‍ ഓഫീസുകളിലുമല്ല കേട്ടോ.. അമേരിക്കയിലെ ടെക്സാസ് സ്റ്റേറ്റിലെ ഇര്‍വിങ്ങ് നഗരത്തില്‍ പ്രതിമയുടെ രൂപത്തിലാണ് ഇന്ത്യന്‍ രാഷ്ട്രപിതാവ് തലയുയര്‍ത്തി നില്‍ക്കുന്നത്. വെങ്കലത്തില്‍ നിര്‍മ്മിച്ച പൂര്‍ണകായ രൂപത്തിലുള്ള പ്രതിമയാണ് ഇര്‍വിങ്ങ് നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിച്ചത്.
ഏഴടി പൊക്കവും 30 ഇഞ്ച് വലിപ്പവുമാണ് ഗാന്ധി പ്രതിമയ്ക്കുള്ളത്. ആന്ദ്രാപ്രദേശില്‍ നിന്നും രൂപപ്പെടുത്തിയെടുത്ത പ്രതിമ 6 അടി ഉയരത്തിലുള്ള വേദിയിലാണ് പ്രതിഷ്ഠിച്ചത്. ഗാന്ധിപ്രതിമയുടെ പിന്നിലായി ഗ്രാനൈറ്റില്‍ തീര്‍ത്ത ചുമരില്‍ ഗാന്ധിജിയുടെ വാക്കുകള്‍ക്ക് പുറമെ മാര്ട്ടിന് ലൂദര്‍ കിംഗ്, നെല്‍സണ്‍ മണ്ടേല, ആല്‍ബര്‍ട്ട് ഐന്സ്റ്റീന്, ബരാക്ക് ഒബാമ തുടങ്ങിയവരുടെ വാക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതിമ അനാച്ഛാദന ചടങ്ങ് തോംസണ്‍ ജെഫീര്സണ് പാര്‍ക്കില്‍ മഹാത്മാഗാന്ധി മെമ്മോറിയല്‍ പ്ലാസയിലാണ് സംഘടിപ്പിച്ചത്.
ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ കഴിഞ്ഞ ആഴ്ച്ചയാണ് ഗാന്ധിപ്രതിമക്കായി ധനസമാഹരണം നടത്തിയത്. സൗത്ത് കറോലിയ ഗവര്‍ണര്‍ നിക്കി ഹാലി, ഇര്‍വിങ്ങ് നഗരത്തിലെ മേയര്‍ ബീത്ത് വാന്‍ ഡ്യൂനി, ഹൗസ്റ്റണ്‍ ഇന്ത്യന്‍ കൗണ്‍സിലര്‍ ജനറല്‍ പര്വ്വതാനി ഹരീഷ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു. 500 ഓളം പേര് പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: