നാലംഗകുടുംബത്തിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനിടയില് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ രേണു സുരേഷിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. ബിജെപി എന്ന വലിയൊരു പ്രസ്ഥാനത്തിലൂടെ 1990കള്‍ മുതല്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങളാണ് പുതിയ മേഖലകള്‍ കണ്ടെത്താന്‍ രേണുവിന് പ്രചോദനമായത്. കടന്നുവന്ന വഴികളിലൊന്നും അവര്‍ക്ക് കാലിടറിയില്ല. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളെല്ലാം നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ ചെയ്തുതീര്‍ത്തു. കുടുംബിനിയില്‍ നിന്നും ബിജെപി എന്ന പ്രസ്ഥാനത്തിലേക്കും അവിടെ നിന്നും ഭാരിച്ച ഉത്തരവാദിത്തങ്ങളിലേക്കുമുള്ള രേണുവിന്റെ യാത്ര വലുതായിരുന്നു. നിലവില്‍ പട്ടികജാതി മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയാണ് ഇവര്‍. അതിനു മുമ്പ് മഹിളാ മോര്‍ച്ചയുടെ ജില്ലാകമ്മറ്റിയംഗവും മണ്ഡലം സെക്രട്ടറിയുമായിരുന്നു. 90-കളിലാണ് പാര്‍ട്ടിയില്‍ സജീവമായതെങ്കിലും 93-കാലഘട്ടത്തില്‍ തന്നെ പാര്‍ട്ടിയുടെ ഔദ്യോഗിക പദവികളും വഹിച്ചുതുടങ്ങി. വീട്ടുകാരുടെയും വിശ്വസിക്കുന്ന സംഘടനകളുടെയും സഹപ്രവര്‍ത്തകരുടെയും പരിപൂര്‍ണ്ണ പിന്തുണയാണ് ബിജെപിയുടെ സംസ്ഥാന കമ്മിറ്റിയിലേക്കുള്ള കടന്നുവരവിന് കാരണമായതെന്ന് രേണു പറയുന്നു. ഭാരതീയ വിചാരകേന്ദ്രം പ്രവര്‍ത്തക കുടിയാണ് രേണു. റസിഡന്റ് അസോസിയേഷന് വൈസ്പ്രസിഡന്റ്, കുടുംബശ്രീ എഡിഎസ് ചെയര്‍പേഴ്സണ്‍, കുടുംബശ്രീ റിസോര്‍സ് പേഴ്സണ്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു. കഴിഞ്ഞ ഏപ്രില്‍ വരെ കെപിഎംഎസിന്റെ മഹിളാ യൂണിയന് ഫെഡറേഷന് പ്രസിഡന്റും, ശാഖാ സെക്രട്ടറിയും ജില്ലാകമ്മിറ്റി അംഗവുമായിരുന്നു. സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദി ആഘോഷ സമിതിയില്‍ ജില്ലാ സംയോജകയായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുകയാണ് രേണു.
രേണു ഭര്‍ത്താവ് സുരേഷിനൊപ്പമാണ് ബിജെപിയിലേക്ക് വരുന്നത്. കുടുംബത്തിന്റെ എല്ലാവിധ പിന്തുണയും ഉള്ളതുകൊണ്ടാണ് മുന്നോട്ടുപോകാന്‍ സാധിക്കുന്നതെന്ന് രേണു പറയുന്നു. സംഘടനാ ഭാരവാഹിത്വങ്ങള്ക്കു പുറമെ സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ സ്ഥാപനവും ഇവര്‍ നടത്തുന്നു. 2000-ത്തില്‍ സ്വയം തൊഴിലിനായി കുടുംബശ്രീ വഴിയുള്ള ലോണ്‍ എടുത്താണ് സ്ഥാപനം ആരംഭിച്ചത്. 14 വര്‍ഷം പിന്നിടുമ്പോള്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനം എന്ന നിലയിലേക്ക് ഈ സ്ഥാപനം മാറി.
പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷമായിരുന്നു രേണുവിന്റെ വിവാഹം. പഠനത്തിനോടുള്ള താല്‍പ്പര്യം ഭര്‍ത്താവിന്റെ വീട്ടുകാരോട് പറഞ്ഞപ്പോള്‍ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ഭര്‍ത്താവ് സുരേഷും പൂര്‍ണ പിന്തുണയേകി. ഡിഗ്രി വിദ്യാഭ്യാസവും, പിന്നീടുള്ള നേട്ടങ്ങളുമൊക്കെ വിവാഹശേഷം സമ്പാദിച്ചതാണ്. ഡിഗ്രിക്ക് സാമ്പത്തിക ശാസ്ത്രമായിരുന്നു വിഷയം. എന്നാല്‍ കുട്ടിക്കാലം മുതലുള്ള വായനാശീലം മലയാളഭാഷയിലേക്ക് കൂടുതല്‍ അടുപ്പിക്കുകയായിരുന്നുവെന്ന് രേണു പറഞ്ഞു. ഇപ്പോള്‍ കറസ്പോണ്ടന്‍സായി മലയാളം എംഎയും, ജേര്‍ണലിസവും ചെയ്യുന്നു. സംസ്കൃത ഭാഷയോടുള്ള താല്പര്യം സംസ്കൃത ഭാഷാ പഠനത്തിന് വഴിതെളിയിക്കുകയും പ്രവേശിക കോഴ്സില്‍ ഒന്നാംക്ലാസ്സോടെ പാസ്സാവുകയും ചെയ്തു.
ഭാരിച്ച പല ഉത്തരവാദിത്തങ്ങള്‍ക്കിടയിലും വായന മുടക്കാറില്ല. ഇതിനിടെ ഐതിഹ്യ സംഗ്രഹം എന്നൊരു പുസ്തകവും രേണു എഴുതി. പെരുമ്പാവൂരിലെ അയ്യപ്പ ക്ഷേത്രങ്ങളിലൊന്നായ പുലക്കോട്ട ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിന്റെ ഐതിഹ്യമാണ്ഉള്ളടക്കം. പുസ്തകത്തില്‍ നിന്നും ലഭിച്ച വരുമാനം ക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കു നല്കി രേണു മാതൃകകാട്ടി. സമൂഹത്തിന്റെ വിവിധമേഖലകളില്‍ നിന്നും അംഗീകാരങ്ങളും അഭിനന്ദനങ്ങളും തുടര്‍ന്ന് ഇവരെ തേടിയെത്തി. മലയാള ശ്രേഷ്ഠഭാഷക്കുള്ള അംഗീകാരത്തിന്റെ ഭാഗമായി ഭാരതീയ വിചാരകേന്ദ്രം പെരുമ്പാവൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രേണുവിനെ അനുമോദിക്കുകയും ചെയ്തു.
പെരുമ്പാവൂര്‍ കടുവാള്‍ സ്വദേശിയായ രേണുവിന് അക്ഷയ്, പ്രണവ് എന്ന് രണ്ട് ആണ്മക്കള്. ഭര്‍ത്താവ് സുരേഷ് കെട്ടിടനിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നു. യാത്രകള്‍ ഏറെ ഇഷ്ട്ടപ്പെടുന്ന രേണു രണ്ട് ലേഖനസമാഹാരവും പൂര്‍ത്തിയാക്കി. “എന്റെ പെരുമ്പാവൂര്‍” എന്ന പുതിയ പുസ്തകത്തിന്റെ എഴുത്തിലാണ്് ഇപ്പോള്‍.
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: