അര്‍ച്ചന രാമസുന്ദരം
സിബിഐ അഡീഷണല്‍ ഡയറക്ടറായി ചുമതലയേറ്റ ആദ്യ വനിതയാണ് അര്‍ച്ചന രാമസുന്ദരം. വ്യാഴാഴ്ച്ചയാണ് ഇവര്‍ ചുമതലയേറ്റത്. സിബിഐയില്‍ ചുമതലയേല്‍ക്കുന്നതിനുമുമ്പ് സംസ്ഥാനത്തു പാലിക്കേണ്ട നടപടിക്രമങ്ങളില്‍ വീഴ്ച്ച വരുത്തിയെന്നു ചൂണ്ടിക്കാട്ടി ചുമതലയേറ്റ ദിവസം തന്നെ അര്‍ച്ചനയെ സസ്പെന്റ് ചെയ്തു. തമിഴ്നാട് ആഭ്യന്തര വകുപ്പാണ് സസ്പെന്റ് ചെയ്തത്.
അര്‍ച്ചന രാമസുന്ദരത്തിന്റെ നിയമനം തടയണമെന്നും സംസ്ഥാന ആഭ്യന്തര വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് ആഭ്യന്തര സെക്രട്ടറി ആ ദിവസം തന്നെ കേന്ദ്രസര്‍ക്കാരിന് കത്തയക്കുകയും ചെയ്തു. തമിഴ്നാട് യൂണിഫോംഡ് ഡിജിപിയായിരിക്കുമ്പോഴാണ് അഡീഷണല്‍ ഡയറക്ടറായി അര്‍ച്ചന നിയമിതയായത്.
സിബിഐയില്‍ ഈ പദവിയിലെത്തുന്ന ആദ്യ വനിതയായ അര്‍ച്ചന മുമ്പ് ആദ്യ വനിതാ ജോയിന്റ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അധ്യക്ഷതയിലുള്ള കേന്ദ്രമന്ത്രിസഭാ നിയമന സമിതിയാണ് ഇവരുടെ നിയമനത്തിന് അനുമതി നല്‍കിയത്. എന്നാല്‍ ഒരു വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്തുനിന്ന് ഒരു വനിതയ്ക്ക് ഇങ്ങനെയൊരു സര്‍വീസ് ദുരനുഭവം ഉണ്ടാകുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: