കയറുപിരിത്താളവും പുഴപ്പാട്ടുമായി ഇത്തിപ്പുഴ സഞ്ചാരികളെ വരവേല്ക്കുമ്പോള് കേരളത്തിന് സമ്പത്തും പ്രശസ്തിയും നല്കുന്ന വില്ലേജ് ടൂറിസത്തിന്റെ മുഖ്യകേന്ദ്രങ്ങളിലൊന്നാവുന്ന പച്ചപ്പിന്റെ ഗ്രാമത്തെക്കുറിച്ച് ദൃശ്യ ഉത്തമന്
ഉണരുന്നത് റാട്ട് സംഗീതം കേട്ട്. സന്ധ്യമയങ്ങുന്നതും ആ സംഗീതത്തിലൂടെ. കയറുപിരിയുടെ താളം ജീവന്റെ കനിയായും കായലിനും കയറിനുമിടയില്‍ ജീവിതമായും ഒരു ഗ്രാമം. ഇത് ഇത്തിപ്പുഴ. പേരുപോലെ ഒരു പുഴയോര സ്ഥലം.
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലാണ് ഇത്തിപ്പുഴ. ജില്ലയുടെ സൂക്ഷ്മം വടക്കുപടിഞ്ഞാറ് എറണാകുളവും ആലപ്പുഴയും അടുത്ത ജില്ലകള്‍. ഒരു ഭാഗത്ത് ഒഴുക്കിന്റെ കണ്ണാടി നോട്ടവുമായി വേമ്പനാട്ടു കായല്‍. കാലില്‍ ചിലങ്ക കെട്ടിയ മൂവാറ്റുപുഴയാറ് മറുഭാഗത്ത്. കൊച്ചിയില്‍നിന്നും ഇത്തിപ്പുഴയ്ക്ക് സുമാര്‍ ഇരുപത്തെട്ട് കിലോമീറ്റര്‍.
പക്ഷേ ഇത്തിപ്പുഴയെ പലര്‍ക്കുമറിയില്ല. അറിയാന്‍ മാത്രം എന്തിരിക്കുന്നുവെന്നാകാം ചോദ്യം. വിദേശികള്‍ ഈ ഗ്രാമത്തെ അറിയും എന്നാകുമ്പോള്‍ എന്തോ ഉണ്ടെന്നും ഉത്തരം കിട്ടും. നേരെ ചൊവ്വേ പറഞ്ഞാല്‍ തനിഗ്രാമം. ഇത്തിപ്പുഴയ്ക്ക് എല്ലാമാകാന്‍ ഇനി എന്തുവേണം.
വില്ലേജ് ടൂറിസത്തിന് കേരളത്തിലുള്ള ഉഗ്രന്‍ സ്പോട്ടുകളിലൊന്നാണ് ഇത്തിപ്പുഴ. വിനോദസഞ്ചാരികള്‍ കേരളക്കാഴ്ചകളിലേക്കു ഇടിച്ചുകേറുമ്പോള് ഇത്തരം ഗ്രാമപച്ചപ്പുകളിലേക്കാണ് നഗര കോണ്‍ക്രീറ്റു കാടുകളില്‍നിന്നും ഓടിയെത്തുന്നത്. കാണാത്ത കാഴ്ചകള്‍ മാത്രമല്ല അനുഭവിക്കാത്ത ജീവിതം കൂടി നെഞ്ചേറ്റിയാണ് ഇവര്‍ മടങ്ങുന്നത്. ഇങ്ങനെ ഗ്രാമ ജീവിതം പഠിക്കാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി ഏറുകയാണ്. തുടക്കമത് ചെറു സംഘങ്ങളായിരുന്നു. പിന്നെ പിന്നെ വന്‍ സംഘങ്ങളായി. വിശേഷിച്ചും വിദേശികള്‍. കയറും കയറുല്‍പ്പന്നങ്ങളും കയറുപിരിയുമായുള്ള ജീവിതം ലോകത്തൊരിടത്തും കാണാത്ത അതിശയമാണവര്‍ക്ക്.
ശരിയാണ്; ഇത്തിപ്പുഴ ഒരു കയറുഗ്രാമമാണ്. ഏതാണ്ടെല്ലാ വീട്ടുമുറ്റത്തും കയറുപിരിയുണ്ട്. ആണുങ്ങളോടൊപ്പം കുടുംബാന്നത്തില് തങ്ങളുടെ അധ്വാനത്തിന്റെ ഉപ്പുരുചി കയറുപിരിച്ചു ചേര്‍ക്കുന്നവരാണ് ഇത്തിപ്പുഴയിലെ പെണ്ണുങ്ങള്. ഓരോ വീട്ടുമുറ്റത്തേയും റാട്ടുതാളം ഈ ഗ്രാമക്കാരുടെ ജീവരാഗമാണ്. ആണുങ്ങള് മറ്റു പണിക്കുപോകുമ്പോള്‍ പെണ്ണുങ്ങള് തങ്ങള്‍ക്കായത് കയറില്‍ നിന്നുമൊപ്പിക്കുന്നു.
കയറുപിരിയുണ്ടെങ്കിലും ഉല്പ്പന്നമാകുന്നതിന്റെ വിവിധഘട്ടങ്ങള്‍ക്ക് കാലമാറ്റം വന്നു. നാടന്‍ റാട്ടിനു പകരം യന്ത്രറാട്ടാണ്. വേഗം കൂടും. പണ്ട് ഇത്തരം കയറുപിരി കേന്ദ്രങ്ങളില്‍ തന്നെയായിരുന്നു തേങ്ങാമടലു തല്ലി ചകിരിയാക്കിയിരുന്നത്. അതും മാറി. തമിഴ്നാട്ടില്‍നിന്നുള്ള ചകിരിയാണിന്ന്. കയറുല്‍പ്പന്നങ്ങള്‍ പിന്നെ ചേര്‍ത്തലയിലേക്ക് കൊണ്ടുപോകും. ചേര്‍ത്തലയും ആലപ്പുഴയും പഴയ മട്ടും മാതിരിയൊന്നുമല്ലെങ്കിലും പേരു പറയാന്‍ ഇപ്പഴും ബാക്കിയുണ്ട് ചില കയറുകമ്പനികള്. കയറുകള്‍ നിറച്ച് വള്ളങ്ങളും വണ്ടികളും ഓടുന്നത് ഇന്ന് ഓര്‍മകളില്‍ മാത്രം. കിഴക്കിന്റെ വെനീസെന്ന് പണ്ട് മറുപേരുള്ള ആലപ്പുഴ കയറിന്റെ നാടായിരുന്നു. എങ്ങും കയര്‍. എവിടെയും കയര്‍ കമ്പനികള്‍. കാണുന്ന പുഴയിലും തോട്ടിലും കയര്‍ കയറ്റിപ്പോകുന്ന വള്ളങ്ങള്‍. കയര്‍ പിരിച്ചു നേടിയ ജീവിതങ്ങള്‍. അതില്‍നിന്നുയര്‍ന്ന രാഷ്ട്രീയം. തകഴി എഴുതിയ ഇതിഹാസ നോവലിന്റെ പേരും കയര്‍. ഇന്ന് ഇത്തിപ്പുഴപോലുള്ള ചില ഇടങ്ങളേയുള്ളൂ കയറിന്റെ ഓര്മത്തുരുത്തായി. ഇവിടേയ്ക്കാണ് വിദേശികളടക്കമുള്ള സഞ്ചാരികളുടെ പ്രവാഹം.
2013 മുതലാണ് ഗ്രാമജീവിതം പഠിക്കാന്‍ വന്‍ സംഘങ്ങള്‍ ഇത്തിപ്പുഴയിലെത്തിത്തുടങ്ങിയത്. വര്‍ഷത്തില്‍ രണ്ടുതവണയാണ് സഞ്ചാരികളുടെ ഇത്തരം സംഘങ്ങള്‍ വരിക. ആദ്യം എത്തിയത് ജര്‍മനിയില്‍നിന്നുള്ള 150 പേരുടെ സംഘമാണ്. പതിവു തെറ്റിക്കാതെ ഈ വര്‍ഷത്തെ സംഘവും മാര്‍ച്ച് 31 നും ഏപ്രില്‍ ഒന്നിനുമായെത്തി. 300 പേരുള്ള ജര്‍മന്‍ സംഘത്തിലെ ഒരു ഗ്രൂപ്പാണ് ഇത്തിപ്പുഴയില്‍ വന്നത്. ഒരു ഗ്രൂപ്പ് കൊച്ചിയില്‍ തങ്ങി. അടുത്ത ഗ്രൂപ്പ് അമ്പലപ്പുഴയ്ക്ക് പോയി. ഫോര്‍ട്ടുകൊച്ചിയിലെ ലോട്ടസ് ട്രാവല്‍ ഏജന്‍സിയാണ് ടൂറിസ്റ്റുകളുടെ യാത്ര തയ്യാറാക്കുന്നത്.
സഞ്ചാരികളെ ഇളനീര് നല്‍കിയാണ് ഇത്തിപ്പുഴക്കാര് വരവേറ്റത്. ആതിഥ്യമര്യാദയുടെ അങ്ങേയറ്റം കണ്ട് അതിഥികള്ക്കുത്സവം. കയറുല്‍പ്പാദനത്തിന്റെ ഓരോ ഘട്ടങ്ങളും സന്ദര്‍ശകര്‍ക്കായി ഗ്രാമക്കാര്‍ നേരില്‍ കാണിച്ചു. തെങ്ങില്‍ കയറി തേങ്ങ ഇടുന്നതും പാരകൊണ്ട് തേങ്ങയുടെ മടല് നീക്കി കയറുല്പ്പാദനത്തിനാവശ്യമായ രീതിയില്‍ കുതിര്‍ത്ത മടല് ചതച്ച് ചകിരിയാക്കുന്നതുമൊക്കെ.
ഓരോന്നും അത്ഭുതത്തോടെയാണ് സഞ്ചാരികള്‍ കണ്ടത്. ഇങ്ങനെയൊക്കെ സാധിക്കുമോയെന്ന്. ഗ്രാമീണര്‍ ചെയ്യുന്ന ഓരോ കാര്യവും ഗൈഡ് ഇംഗ്ലീഷില്‍ പറഞ്ഞു മനസ്സിലാക്കി. ഇംഗ്ലീഷറിയാത്തവര്ക്കായി ജര്‍മന്‍ ഭാഷയില്‍ പരിഭാഷപ്പെടുത്താന്‍ സഞ്ചാരികള്‍ക്കൊപ്പം ജര്‍മനിയില്‍നിന്നും ഗൈഡുണ്ടായിരുന്നു. ചകിരി കയറാകുന്നതിന്റെ വിവിധഘട്ടങ്ങളിലുള്ള സ്ത്രീകളുടെ അധ്വാനം കണ്ട് സ്ത്രീ സഞ്ചാരികള്‍, അധ്വാനിക്കുന്നതു കൂടുതല്‍ സ്ത്രീകളാണെന്ന് പറഞ്ഞ് അഭിമാനിക്കുന്നുണ്ടായിരുന്നു. പിന്നേയും ഉണ്ടായിരുന്നു സഞ്ചാരികള്‍ക്ക് കമ്പം കൊളളാന്‍ ഒരുപിടി കാര്യങ്ങള്‍. തെങ്ങിന് കള്ള് ചെത്തുന്നത്, ഈറ്റകൊണ്ട് കുട്ടയും മുറവും നെയ്യുന്നത്, കൈതോലയാല് പായ നെയ്യുന്നതും ഉരലും ഉലക്കയുമായി നെല്ലു കുത്തി അരിയാക്കുന്നതുമായ പൈതൃക പണിത്തരങ്ങള്‍ കണ്ടുകണ്ട് കൗതുകം മുറുകിയപ്പോള്‍ അതൊക്കെ അനുകരിക്കാനായി സന്ദര്‍ശകരുടെ ശ്രമം. എന്തുചെയ്യാം എല്ലാം വിഫലം.
ഓരോ കാഴ്ചയും ആദ്യം പോലെയായിരുന്നു അവര്‍ക്ക്. അല്ലെങ്കില്‍ കണ്ടു പതിഞ്ഞവയില്നിന്നും ഒന്നു വേറിട്ടപോലെ. സുഗന്ധദ്രവ്യങ്ങളെക്കുറിച്ചും കേരളത്തില്‍ സുലഭമായ പ്ലാവും മാവും കവുങ്ങും തേക്കും ഈട്ടിയും മഹാഗണിയുമടക്കം ചുറ്റുമുള്ള മരങ്ങളെക്കുറിച്ച് പറഞ്ഞു സംവദിച്ചും ചിത്രങ്ങളെടുത്തും പ്രദേശവാസികളോട് കുശലം പറഞ്ഞും അവര്‍ക്കിടയില്‍ അവരായിത്തീര്‍ന്നു സഞ്ചാരികള്‍.
മാനസസരസുപോലെയാണ് പുഴയും തോടുമൊക്കെ വിദേശ സന്ദര്‍ശകര്‍ക്ക്. അവയെ പരിപാലിച്ചം സൗന്ദര്യപ്പെടുത്തിയും പ്രകൃതിയുടെ തുണ്ടായി പറുദീസതീര്ക്കുമവര്. നമ്മളിപ്പോഴും മണ്ണിട്ടു നികത്തുകയാണ് പുഴയും തോടും കുളവുമൊക്കെ. അല്ലെങ്കില്‍ മാലിന്യം സംഭരിക്കാനുള്ള എളുപ്പങ്ങളായിത്തീരുന്നു അവ. വള്ളത്തിലൂടെയും പുഴയിലൂടെയും സഞ്ചരിച്ചപ്പോള്‍ സന്തോഷത്തിന്റെ ഒരു കെട്ടുവെള്ളം ജര്‍മന്‍ സഞ്ചാരികളുടെ ഉള്ളിലും ഒഴുകിയിരിക്കണം.
കേരളത്തിന്റെ തനതു രുചിയുള്ള പതിനെട്ട് കറിയും പപ്പടവും പായസവും അടങ്ങുന്ന സമൃദ്ധമായ സദ്യയുണ്ടും അന്നദാനപ്രഭുവായ വൈക്കത്തപ്പനെ തൊഴുതും വൈക്കം മഹാദേവക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങള്‍ കണ്ടും കൂടിയാണ് വില്ലേജ് ടൂറിസം അവസാനിച്ചത്. ഒത്തിരി നന്ദി പറഞ്ഞും ഇനിയും വരാമെന്നാവേശവും കാട്ടിയുമാണ് അവര്‍ മടങ്ങിയത്. ഇത്തിപ്പുഴയുടെ സ്നേഹക്കൊളുത്തുകള് ഉള്ളിലിരുന്ന് വലിക്കുമ്പോള്‍ അവര്‍ക്കെങ്ങിനെ മടങ്ങിവരാതിരിക്കാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: