മദ്യമാണ് പ്രശ്നം. അല്ലെങ്കില്‍ മദ്യം എന്നാണ്, എപ്പോഴാണ്, എവിടെയാണ് പ്രശ്നമുണ്ടാക്കാത്തത്. മുഖപുസ്തകത്തില്‍ (തന്നെ, നമ്മുടെ ഫെയ്സ് ബുക്ക്) പ്രചരിക്കുന്ന അഞ്ചാറു വാചകങ്ങളുണ്ട്. ഏവരും ആയത് ശ്രദ്ധിച്ച് ജീവിച്ചാല്‍ അവര്‍ക്ക് ഗുണം, അതുവഴി സമൂഹത്തിനും. അച്ഛനില്‍ നിന്ന് മകനെ, ഭാര്യയില്‍ നിന്ന് ഭര്‍ത്താവിനെ…. അങ്ങനെ പോയി ശരീരത്തില്‍ നിന്ന് ജീവനെ നഷ്ടമാക്കുന്നതാണ് മദ്യം എന്നാണ് പറയുന്നത്. ഇതൊക്കെ ആരോര്‍ക്കാന്‍. രണ്ട് പെഗ്ഗിന്റെ സുഖാലസ്യത്തില്‍ അതൊക്കെ ഓര്‍ത്ത് വെറുതെ സമയം കളയണോ എന്നാണ് ഒരു വിധപ്പെട്ടവരുടെയൊക്കെ ചിന്ത. ഏതാണ്ട് അതേ വികാരം തന്നെയാണ് സര്‍ക്കാറിനും. മദ്യവും ലോട്ടറിയും (രണ്ടും ഒരേ നാണയത്തിന്റെ ഇരുപുറങ്ങള്‍) ഇല്ലാത്ത അവസ്ഥയെക്കുറിച്ച് ഭരണകൂടത്തിന് ഓര്‍ക്കാനേ വയ്യ. അതുവഴി കിട്ടുന്ന നാല് പുത്തനാണ് സമൂഹത്തിലെ സകല ഊടുവഴികളും നന്നാക്കാനും മറ്റും ഉപയോഗിക്കുന്നത്. അപ്പോള്‍ സര്‍ക്കാറിനെ അതാത് സമയത്ത് ഉപദേശിക്കേണ്ടയാള് മദ്യത്തിനെതിരെ എടുത്തടിച്ചു നില്‍ക്കുന്നത് ശരിയാണോ? ധീരസുധീരവാക്കുകള് എപ്പോഴും എവിടെയും പാകമാകില്ലെന്ന് ടിയാനെ ആരാണ് പറഞ്ഞ് മനസ്സിലാക്കുക. മദ്യത്തെക്കുറിച്ച് ഒരു തീരുമാനമെടുക്കുംമുമ്പ് ഇത്തിരിയൊന്ന് രുചിച്ചുനോക്കുന്നത് നന്നായിരിക്കും. അനുഭവം ഗുരു എന്നാണല്ലോ പ്രമാണം. ആയതിനാല്‍ സമൂഹത്തിന് ഇത്തിരി പ്രതീക്ഷയുള്ള ധീരഖദറുകാരന് ചുരുങ്ങിയ പക്ഷം ഒരു ബീറെങ്കിലും കഴിച്ചുനോക്കുക. മഹാമദ്യത്തിലേക്കുള്ള തിരനോട്ടമാണല്ലോ മേപ്പടി സാധനം. അതിനുശേഷമാവാം ഈ മദ്യവേട്ടയും മറ്റും; എങ്ങനെ?
ഇക്കാര്യത്തില്‍ കൂടുതല്‍ എന്തെങ്കിലും വിശദീകരിക്കാനുണ്ടെങ്കില്‍ ധീരവീരന് കേരള കൗമുദി (ഏപ്രില്‍ 29)യില്‍ സുജിത് വരച്ചിട്ടത് നോക്കാം. ഭരണക്കാരന്റെയും ഉപദേശിയുടെയും നിലപാടുകള്‍ക്കൊടുവില്‍ എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ വര. സംഗതി ഭാവനയാണെങ്കിലും യഥാര്‍ത്ഥത്തില്‍ സംഭവ്യമാവുന്നതു തന്നെ.
പത്രപ്രവര്‍ത്തനം എന്നതിന് സുന്ദരമായി ഒളിച്ചുവെക്കല്‍ എന്നതു കൂടിയുണ്ട്. വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരു വിവരങ്ങള്‍ നിവൃത്തിയില്ലാതെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ചില അതിമഹാന്മാരുടെ പേരു വിവരങ്ങള്‍ സീല്‍ ചെയ്ത കവറിലും സമര്‍പ്പിച്ചു. ഇതില്‍ ചില മലയാളി ധനാഢ്യരുമുണ്ടായിരുന്നു. മലയാളി ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ഒന്ന് തുമ്മിയാല്‍ പോലും സചിത്ര വാര്‍ത്ത കൊടുക്കുന്ന കോട്ടയം മുത്തശ്ശിയും കോഴിക്കോട് അമ്മൂമ്മയും ഇതൊന്നും കണ്ടതായേ ഭാവിച്ചില്ല. ചെറിയൊരു തിരുത്തുണ്ട്. കോട്ടയം മുത്തശ്ശി പൂര്‍ണമായി അവഗണിച്ചപ്പോള്‍ കോഴിക്കോട്ടെ അമ്മൂമ്മ വിവരം വെണ്ടക്കയില്‍ തന്നെ നിരത്തി. വായില്‍ കൊള്ളാത്ത ചില പേരുകള്‍ പറഞ്ഞ ശേഷം തുടങ്ങി മറ്റു ചിലരും എന്ന് അവസാനിപ്പിച്ചു. ഏതാണീ മറ്റു ചിലര്‍ എന്ന് വായനക്കാര്‍ പത്രാധിപരോട് നേരിട്ട് ചോദിക്കണം പോലും! കോട്ടയം മുത്തശ്ശിയുടെ ചാര്‍ച്ചക്കാരനായ പ്രഗല്ഭന്റെ പേര് കോഴിക്കോട്ടെ അമ്മൂമ്മ മുക്കാന്‍ കാരണമെന്താവാം? നരേന്ദ്രമൊദിയെ തലങ്ങും വിലങ്ങും വെട്ടാന്‍ വടിവാള്‍ മൂര്‍ച്ചകൂട്ടുന്ന തിരക്കില്‍ മറന്നുപോയതാവുമോ? ചിലരെ സുഖിപ്പിക്കുന്നതും മറ്റു ചിലരെ താഡിക്കുന്നതും പുതുപത്രപ്രവര്ത്തനത്തിന്റെ അധുനാധുനമുഖമാണോ ആവോ?
ഇതേ തരത്തില്‍ തന്നെയാണ് ഒരു ഒളിസേവയുടെ കാര്യവും. പണ്ടത്തെ ആചാരത്തിന്റെ ഭാഗമായി നരേന്ദ്രമോദിയെ ചെറുപ്പത്തില്‍ രക്ഷിതാക്കള്‍ വിവാഹം കഴിപ്പിച്ചിരുന്നു. എന്നാല്‍ അവര്‍ കുടുംബജീവിതം നയിച്ചിരുന്നില്ല. അവിടത്തെ നാട്ടാചാരം മാത്രം. എന്നാല്‍ നികേഷിനു പഠിക്കുന്ന ആധുനിക പത്രപ്രവര്‍ത്തക കേമന്മാര് കഥയും കവിതയും ഫീച്ചറുമായി നരേന്ദ്രമോദിയുടെ വിവാഹ വാര്‍ത്തയ്ക്ക് അസാധാരണമായ ഒരു മാനം തന്നെ നല്കി. ഗുജറാത്തില്‍ ബിജെപിയുടെ കടുത്ത എതിരാളിയായ കോണ്‍ഗ്രസ് നേതാവ് ശങ്കര്‍സിംഗ് വഗേല പോലും ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ഇറങ്ങിയില്ല. കാരണം അദ്ദേഹത്തിന് വസ്തുത അറിയാമായിരുന്നു. ഠാവട്ടത്തിലെ പൈങ്കിളി പത്രലേഖകര്‍ കരുതും പോലെയാണ് ഇന്ത്യന്‍ രാഷ്ട്രീയം കറങ്ങുന്നതെന്ന് ധരിച്ചുവശായാല്‍ പിന്നെന്തു ചെയ്യും. ഏതായാലും പത്രപ്രവര്‍ത്തനത്തിന്റെ മഹനീയ മാതൃകയായി നമുക്കതിനെ കാണാമായിരുന്നു മറ്റൊരു കാര്യത്തില്‍ ആത്മാര്‍ത്ഥത കാണിച്ചിരുന്നെങ്കില്‍. എഐസിസി ജനറല്‍ സെക്രട്ടറിയും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയസിങ്ങിന്റെ ഒളിസേവ എങ്ങനെ മറച്ചുവെക്കാം എന്നാണ് പത്രക്കാര് ചിന്തിച്ചത്. ആ വാര്‍ത്തയ്ക്ക് ചിലരൊഴികെ ഒരു പ്രാധാന്യവും കല്‍പ്പിച്ചില്ല. സാമൂഹിക മാധ്യമങ്ങളില്‍ സംഗതി പറന്ന് നടന്നെങ്കിലും അതൊക്കെ വെറുതെ എന്ന നിലപാടായിരുന്നു. കോട്ടയം മുത്തശ്ശി മനസ്സില്ലാ മനസ്സോടെ ആയത് കൊടുത്തു. ഉള്‍പ്പേജില്‍ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ പ്രത്യേകം താല്‍പ്പര്യമെടുത്തിരുന്നു. തലക്കെട്ട് നോക്കുക: ദിഗ്വിജയ്സിങ് പ്രണയക്കുരുക്കില്‍; അമൃതറായിയെ വിവാഹം കഴിക്കും. എങ്ങനെയുണ്ട്. പത്രം ദിഗ്വിജയിനായി പ്രതിരോധം തീര്‍ക്കുന്നതിന് ഇതില്‍പ്പരം ഉദാഹരണം ആവശ്യമുണ്ടോ? കോണ്‍ഗ്രസ് നേതാവിന് കിട്ടേണ്ട മാന്യതയ്ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കരുതെന്ന് ശഠിക്കുന്ന പത്രങ്ങളെന്തേ ആ ആനുകൂല്യം നരേന്ദ്രമോദിക്കും അദ്ദേഹത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിക്കും കൊടുക്കുന്നില്ല. സിപിഎംഅസഹിഷ്ണുതയുടെ ജേര്ണലിസ്റ്റിക്ഫെയ്സ് എന്ന് സുന്ദരമായ ആംഗലേയത്തില്‍ നമുക്കിതിനെ വിശേഷിപ്പിക്കാം. കല്യാണം കഴിക്കാതെ ഒരു വിദേശവനിതയെയും കൊണ്ട് നാടു ചുറ്റുന്ന ഇളമുറത്തമ്പുരാനെയും എത്ര ആദരവോടെയാണ് മാധ്യമസമൂഹം കാണുന്നതെന്നതും കൂടി ഇതിനൊപ്പം ചേര്‍ത്തുവായിക്കുക.
മലയാണ്മയിലേക്ക് പറന്നിറങ്ങിയ ഗാബോയെ മുന്‍നിര്‍ത്തിയുള്ള വിചാര വികാരങ്ങളുടെ വേലിയേറ്റം മലയാളത്തിലും (മെയ് 02) മാധ്യമത്തിലും (ഏപ്രില്‍ 28) കാണാം. കാമ്പുള്ളവ തന്നെ എല്ലാം. നൂറുവര്‍ഷത്തെ ഏകാന്തത (ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എന്ന് വിവരമുള്ളവര്‍)യില്‍ എന്തു സംഭവിക്കുന്നു എന്ന് അനുഭവിച്ച മാര്‍കേസ് മലയാളിയുടെ മനം കവര്‍ന്നതെങ്ങനെ എന്ന് ചോദിക്കുകയാണെങ്കില്‍ ഇ. സന്തോഷ്കുമാര്‍ (വിഷാദം പൂക്കുന്ന വാക്കുകള്‍, മലയാളം) ഇങ്ങനെ വിശകലനം ചെയ്യും: കഥാപാത്രങ്ങളുടെ മനോസഞ്ചാരങ്ങളിലേക്ക് അദ്ദേഹം ശ്രദ്ധിക്കുകയേയില്ല. ദസ്തയേവ്സ്ക്കിയെപ്പോലെയോ ടോള്‍സ്റ്റോയിയെപ്പോലെയോ ചെഖോവിനെപ്പോലെയോ കസാന്‍ ദ്സാക്കീസിനെപ്പോലെയോ മനോവിശകലനങ്ങളിലേക്ക് മാര്‍കേസ് പോകുന്നില്ല. കാഴ്ചയാണ് അദ്ദേഹത്തിന്റെ രീതി. മൂന്നാമതൊരാളുടെ സ്വപ്നങ്ങളിലേക്ക് പോലും കടന്നു ചെന്നു കാണാന്‍ കഴിയുന്ന നിസ്സംഗനായ ഒരു കാണി അദ്ദേഹത്തിന്റെ രചനകളിലെല്ലാം ഉയര്‍ന്നു നില്ക്കുന്നു. ഒരു പക്ഷേ, ആ നിസ്സംഗന്റെ ഉള്ത്തുടിപ്പുകളെയാവുമോ മലയാളി നെഞ്ചിലേറ്റിയത്. ആ പിടച്ചില്‍, അസ്വസ്ഥത, ഉത്കണ്ഠ, ഉണ്മയുടെ കണ്ണുനീര്, പാതിവെന്ത കരളില്‍ നിന്നുള്ള ചൂര്…. അങ്ങനെ എന്തെന്തൊക്കെയോ വികാരങ്ങളാവാം മലയാളിക്ക് മാര്‍കേസ് പ്രിയങ്കരനാവാന്‍ കാരണം.
രാഹുല്‍ രാധാകൃഷ്ണന്റെ നിരീക്ഷണത്തില്‍ മറ്റൊരു തലം കാണാം. മലയാളിയായ മാര്‍കേസ് എന്ന ലേഖനത്തില്‍ നിന്ന്: മാര്‍കേസ് ഒരന്യഭാഷാ എഴുത്തുകാരന് ആണെന്നിരിക്കെത്തന്നെ ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളില്‍, ജീവിത സമരങ്ങളിലെ പോരാട്ടങ്ങളില്‍, വാക്കുകളിലും വരികളിലും ഒളിപ്പിച്ചിരിക്കുന്ന സൂക്ഷ്മരാഷ്ട്രീയ ബോധത്തില്‍, ആകസ്മിക സംഭവങ്ങളില്‍ പോലും ഉണ്ടായിട്ടുള്ള യുക്തിപൂര്‍വ്വമായ നിരീക്ഷണങ്ങളെല്ലാം മലയാളിയുടെ പൊതു സാമൂഹ്യമണ്ഡലത്തിലെ അനുഭവങ്ങളുമായി തന്മയീഭാവം ഉള്ളവയായിരുന്നു. നമുക്ക് ചുറ്റും പറന്നു നടന്ന വര്‍ണച്ചിറകുള്ള ഒരു പൂമ്പാറ്റ നമ്മില്‍ സന്നിവേശിപ്പിച്ച വികാരത്തെ പേരിട്ട് വിളിക്കാന്‍ കഴിയാത്തതുപോലെ മാര്‍കേസ് എന്ന വര്‍ണച്ചിറകുള്ള പൂമ്പാറ്റ നമ്മെ വിട്ട് പറന്നുപോയി. ഓര്‍മ്മയുടെ സുഗന്ധം പരത്തുന്ന ഇതളുകള്‍ സൂക്ഷിച്ചുവെക്കുക. ഏകാന്തതയുടെ ഇനിയെത്രയോ വര്‍ഷങ്ങളിലേക്ക്.
ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍കേസ് മലയാളം സംസാരിക്കുന്നു എന്നാണ് മാധ്യമം ആഴ്ചപ്പതിപ്പിന്റെ തുടക്കം. പി.കെ. പാറക്കടവാല് രചിക്കപ്പെട്ട മേപ്പടി സൃഷ്ടിയില്‍ മാര്‍കേസ് ഉറങ്ങിക്കിടക്കുന്നു. നാലു വരി കണ്ടാലും: ഗബ്രിയേല്‍ ഗാര്സ്യാമാര്കേസ് തന്റെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുമ്പോഴും മാന്ത്രിക രചനകള്‍ വാരിവിതറുമ്പോഴും ലോകത്തിലെ കോടിക്കണക്കിന് ജനങ്ങളോടൊപ്പം മലയാളിയും അവന്റെ മനസ്സിന്റെ വാതിലുകള്‍ തുറന്നിടുന്നു. മാര്‍കേസ് മലയാളം സംസാരിക്കുന്നത് കേള്‍ക്കുന്നു. അതില്‍ ചെറിയൊരു സുഖമില്ലേ?
നേര്‍മുറി
ബാര്‍ പ്രശ്നം: അഭിപ്രായസമന്വയത്തിന് ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി.
അതിന് ഒരു പെഗ്ഗ് വീശേണ്ട കാര്യമല്ലേയുള്ളൂ.
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: