ഏപ്രില്‍ 20-ാം തീയതി എറണാകുളം പേരണ്ടൂരിലെ ഭാസ്കരീയം സഭാഗൃഹത്തില്‍ ജനം ടിവിയുടെ ലോഗോ പ്രകാശനം ചെയ്തതോടെ മാധ്യമരംഗത്തെ ദൃശ്യമേഖലയിലേക്കുള്ള സംഘപ്രസ്ഥാനങ്ങളുടെ അരങ്ങേറ്റത്തിന് കേളിക്കൈ മുഴങ്ങിക്കഴിഞ്ഞു. ആ ചടങ്ങില്‍ പങ്കെടുക്കാന്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ മൂലം സാധിക്കാത്തതിന്റെ മനസ്താപം നിലനില്ക്കുന്നു. അതിനും നാലുദിവസങ്ങള്‍ക്ക് മുമ്പ് കൊടകരയ്ക്കടുത്ത് കനകമലയുടെ താഴ്വാരത്ത് ഉയര്‍ന്നുവരുന്ന അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ ഭൂമി പൂജയിലും പങ്കെടുക്കാന്‍ കഴിഞ്ഞില്ല. കേരളത്തിലെ സംഘപ്രസ്ഥാനങ്ങളുടെ പ്രയാണത്തിലെ രണ്ടു സുപ്രധാന അധ്യായങ്ങളെയാണവ സൂചിപ്പിക്കുന്നത്.
ഏപ്രില്‍ 20 സംഘത്തിന്റെ മാധ്യമരംഗത്തെ നിഴലാട്ടങ്ങളുടെ ഒരു സവിശേഷ ദിനമായിരിക്കും. 20 മുതല്‍ 28 വരെയുള്ള ദിവസങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണ് വിശേഷിച്ചു ജന്മഭൂമിയെ സംബന്ധിച്ച്. 1975 ഏപ്രില്‍ 28 നായിരുന്നു സായാഹ്ന പത്രമെന്ന നിലയ്ക്ക് കോഴിക്കോട്ടുനിന്നും ജന്മഭൂമി ആരംഭിച്ചത്. പത്രരംഗത്തെ തലമൂത്തകാരണവന്മാരായ കെ.പി.കേശവമേനോന്, മൂര്‍ക്കോത്തു കുഞ്ഞപ്പ എന്നിവര്‍ അന്ന് കോഴിക്കോട്ട് ടൗണ്‍ഹാളിലെ സമരാംഭചടങ്ങില് ആശംസകള്‍ നേരാന്‍ എത്തിയിരുന്നു. മറ്റൊരു കാരണവരായ പി.വി.കെ.നെടുങ്ങാടിയായിരുന്നു ആ അന്തിപ്പത്രത്തിന്റെ പത്രാധിപര്‍. അന്നുവരെ വാരികയുടെ രംഗത്ത് ഒതുങ്ങിനിന്ന സംഘത്തിന്റെ മാധ്യമരംഗം ദിനപത്രത്തിന്റെ നിരയിലേക്ക് കാലെടുത്തു വെച്ചത് അന്നാണ്. വളരെ ചെറിയൊരു കാല്‍വെപ്പായിരുന്നു അതെങ്കിലും വമ്പിച്ച മുന്നേറ്റത്തിന്റെ ആദ്യപടിയായിത്തീര്ന്നുവെന്ന് നാലുപതിറ്റാണ്ട് തികയാറാവുമ്പോള്‍ എല്ലാവര്ക്കും ബോധ്യമാണ്.
1951 ല്‍ ക്രൗണ്‍ 4 വലിപ്പത്തിലുള്ള ഒരു നോട്ടിനോളം വലിപ്പത്തില്‍ ഇറങ്ങിയ കേസരിവാരികയാണല്ലൊ മാധ്യമരംഗത്തേക്കുള്ള സംഘചിന്തയുടെ ആദ്യത്തെ ശംഖുവിളി ലോകമാന്യതിലകന്‍ തന്റെ ഗര്‍ജനത്തിന് വേദിയാക്കിയ കേസരിയെന്ന പത്രപ്പേരാണ് കേസരിവാരികയുടെ പ്രാരംഭകര്‍ക്ക് പ്രേരണയായതെന്ന് കേട്ടിട്ടുണ്ട്. തുടക്കം മുതലിലെങ്കിലും 1952 മുതല്‍ കേസരി മുടങ്ങാതെ വായിക്കാനുള്ള സൗഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. കേസരി വാരിക എന്തെല്ലാം മഹത്തായ സംരംഭങ്ങള്‍ക്ക് പ്രചോദനം നല്‍കിയെന്ന് പുളകത്തോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയുന്നില്ല. കേരളത്തിലെ ജലസംരക്ഷണത്തിനും നദീസംരക്ഷണ പ്രസ്ഥാനങ്ങള്‍ക്കും പ്രേരണയായത് നിളയുടെ ഇതിഹാസം എന്ന പേരില്‍ കേസരി പുറത്തിറക്കിയ വാര്ഷികപ്പതിപ്പായിരുന്നു. കേരളത്തിലെ മുന്‍നിര എഴുത്തുകാരും ചിത്രകാരന്മാരും ചിന്തകരും കവികളും അതിന് തങ്ങളുടെ സംഭാവനകള്‍ കൊണ്ട് മാറ്റുകൂട്ടി. ഇന്നു ലോകത്തെ മുന്‍നിരയിലുള്ള അംഗീകൃത ബാലപ്രസ്ഥാനമായ ബാലഗോകുലം കേസരിവാരികയുടെ ബാലപംക്തിയായിട്ടാണല്ലൊ പിറവിയെടുത്തത്. അതിന്റെ പ്രവര്‍ത്തനത്തിന്റെ പൂവണിയലായിരുന്നു ഏപ്രില്‍ 16 ന് നടന്നത്. പണ്ടത്തെ ക്രൗണ്നാലിലൊന്നു വലിപ്പത്തിലുള്ള കേസരി ഇന്ന് ബഹുവര്‍ണങ്ങളിലുള്ള അത്യന്തം ചിന്തോദ്ദീപകവും കേരളത്തിലെ ഏറ്റവും പ്രചാരമുള്ളതുമായ വാരികയായി വളര്‍ന്നുകഴിഞ്ഞു. ഔപചാരികമായ പത്രംഗത്തിന് പുറത്ത് സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗങ്ങളിലും അതു കടന്നുവന്നു കഴിഞ്ഞു. കൂടുതല്‍ വൈവിധ്യമാര്‍ന്ന മേഖലയിലേക്ക് കേസരി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
1975 ഏപ്രില്‍ 28 നാണ് ജന്മഭൂമി ദിനപത്രം ആരംഭിച്ചതെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലൊ. അതിന്റെ തുടക്കത്തിന് മുമ്പുള്ള പ്രാരംഭവര്‍ഷങ്ങളില്‍ തന്നെ ഏര്‍പ്പെടാനുള്ള അവസരം ലഭിച്ചത് ഒരു സൗഭാഗ്യം തന്നെയായിരുന്നു. തുടങ്ങി രണ്ടുമാസവും ഏതാനും ദിവസവും ചെന്നപ്പോഴേക്ക് അടിയന്തരാവസ്ഥയെന്ന അശനിപാതം അതിനെ ഞെരിച്ചമര്ത്തിക്കളഞ്ഞു. പ്രസാധകനും പത്രാധിപരും മാനേജരും അടക്കം മിക്ക ജോലിക്കാരും തടവിലാക്കപ്പെട്ട മറ്റൊരു പത്രം അടിയന്തരാവസ്ഥയില്‍ ഉണ്ടായിരുന്നോ എന്നു സംശയമാണ്.
അടിയന്തരാവസ്ഥ അവസാനിച്ച് ജനതാസര്‍ക്കാര്‍ നിലവില്‍ വന്നതിനെത്തുടര്‍ന്ന് ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യം അടിച്ചേല്‍പ്പിച്ചിരുന്ന സ്വാതന്ത്ര്യധ്വംസനങ്ങള്‍ നീങ്ങി, വീണ്ടും ജന്മഭൂമി പ്രസിദ്ധീകരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞുവന്നു. അടിയന്തരാവസ്ഥക്കാലത്തെ സമരത്തിന് നേതൃത്വം നല്കിയ ലോകസംഘര്‍ഷസമിതിയുടെ സംസ്ഥാനാധ്യക്ഷനായിരുന്ന പ്രൊഫസര്‍ എം.പി. മന്മഥന്റെ മുഖ്യപത്രാധിപത്യത്തില്‍ എറണാകുളത്തുനിന്ന് ജന്മഭൂമി പ്രഭാതപത്രമായി പുനരാരംഭിച്ചത് ഒരു സംഭവം തന്നെയായിരുന്നു. ആധുനികമായ അച്ചടിയന്ത്രങ്ങളോ പരിശീലനമുള്ള പത്രപ്രവര്‍ത്തകരോ കൂടാതെ ഒരു പഴയ വാടക കെട്ടിടത്തില്‍ ആരംഭിച്ച ആധുനിക സൗകര്യങ്ങളില്ലാതെ പുരോഗമിക്കാന്‍ സാധ്യമല്ലെന്ന് വന്നപ്പോഴാണ് അതിനുള്ള സാധ്യതകള്‍ ആരാഞ്ഞത്.
അങ്ങനെ എളമക്കരയിലെ സ്ഥലവും അയോധ്യാ പ്രിന്റേഴ്സ് എന്ന അച്ചടിശാലയും ആരംഭിച്ചു. അവിടെനിന്ന് ജന്മഭൂമി പുനര്ജന്മം കൊണ്ടപ്പോള്‍, പത്രാധിപത്യം ഏറ്റെടുത്തത് പ്രശസ്ത പത്രാധിപരായിരുന്ന വി.എം.കൊറാത്ത് ആയിരുന്നു. 1987 ഏപ്രില്‍ 21 നാണ് അയോധ്യാ പ്രിന്റേഴ്സിന്റേയും ജന്മഭൂമിയുടെ നവീകരിച്ച പതിപ്പും പുറത്തിറങ്ങിയത്. മലയാളദിനപത്രങ്ങളില്‍ ആദ്യമായി അച്ചില്ലാത്ത അച്ചടി ഫോട്ടോ കമ്പോസിംഗ് സാങ്കേതിക വിദ്യ നടപ്പാക്കിയ പത്രങ്ങളില്‍ ജന്മഭൂമി ഉള്‍പ്പെടുന്നു. അക്കാലത്ത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ അധ്യക്ഷനും പിന്നീട് ഉപപ്രധാനമന്ത്രിയുമായ ശ്രീലാല്‍ കൃഷ്ണ അദ്വാനിയാണ് ഏപ്രില്‍ 21 ന് പ്രസ്സിന്റെ ഉദ്ഘാടനവും പത്രത്തിന്റെ വിമോചനവും നിര്‍വഹിച്ചത്.
പുതിയ സംവിധാനത്തില്‍ മലയാളത്തിന്റെ ലിപി വിന്യാസം വളരെ പ്രായോഗിക പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. അക്ഷരങ്ങളുടെ ടൈപ്പുകളുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതിന് നടപ്പാക്കപ്പെട്ട ലിപി പരിഷ്കരണത്തിന്റെ ഫലമായി അനേകം ആശയക്കുഴപ്പങ്ങളും പ്രായോഗികബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. പുതിയ ലിപി പരിചയിച്ച പുതുതലമുറക്കാര്‍ക്ക് എളുപ്പമായിരുന്നെങ്കിലും പഴയസമ്പ്രദായക്കാര്ക്ക് അക്ഷരങ്ങളുടെ പിരിച്ചെഴുതലും ചിഹ്നങ്ങളും ഒട്ടേറെ ബുദ്ധിമുട്ടുണ്ടാക്കി. കൂടാതെ കൂടുതല്‍ പത്രസ്ഥലവും വേണ്ടിവന്നു. കമ്പ്യൂട്ടര്‍ സംവിധാനവും ഡിടിപിയും പുരോഗമിച്ചതോടെ കൂട്ടക്ഷരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രയാസമില്ലെന്ന് വന്നു. പുതിയ സംവിധാനങ്ങള്‍ ആ രംഗത്ത് സ്വീകരിക്കാന്‍ മുന്നോട്ടുവന്നവരില്‍ ജന്മഭൂമിയുമുണ്ടായി എന്ന് ഈയിടെ അതു സംബന്ധമായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ഒരു ലേഖന പരമ്പരയില്‍ നിന്നറിയാന്‍ കഴിഞ്ഞു. അച്ചടി സംവിധാനം പൂര്‍ണമായും നൂതന സങ്കേതത്തിലൂടെ നിര്വഹിക്കപ്പടുന്ന ഇക്കാലത്ത് ഇനിയും പഴയ സ്വാഭാവികമായ മലയാള ലിപിവിന്യാസം തന്നെ നിലവില്‍വരാന്‍ കാലതാമസമുണ്ടാവില്ല. പാഠപുസ്തകങ്ങള്‍ കൂടി ഈ രീതിയിലാകുന്നതോടെ മലയാളഭാഷയുടെ എഴുത്തിലും വായനയിലും അച്ചടിയിലും നിലനിന്ന നീണ്ട വിഷ്കംഭത്തിന് അവസാനമുണ്ടാകും. അഞ്ചുകേന്ദ്രങ്ങളില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന ജന്മഭൂമി കേരളത്തിലെ ഹൈന്ദവജനതയുടെ കൈയും നാവുമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഹൈന്ദവജനതക്കെതിരായ ഏതുവിധ ഭീഷണിയേയും യഥാസമയം ചൂണ്ടിക്കാട്ടാനും അവയെ പ്രതിരോധിക്കുന്നതിന്റെ മുന്നണിയില നില്‍ക്കാനും ജന്മഭൂമിയ്ക്ക് കഴിഞ്ഞു. നിലയ്ക്കല്‍ ക്ഷേത്രകയ്യേറ്റവും ശിവഗിരി പ്രശ്നവും ഏഴിമല നാവിക അക്കാദമിയെ അട്ടിമറിക്കാന്‍ നടന്ന നീക്കങ്ങളും ഗുരുവായൂര്‍ ക്ഷേത്രത്തിലെ ബ്രാഹ്മണസദ്യയും അവിടെ ഇന്നും നിലനില്‍ക്കുന്ന പ്രത്യക്ഷവും പ്രച്ഛന്നവുമായ ജാതിവിവേചനങ്ങളും ആറന്മുള ക്ഷേത്രത്തിനും പൈതൃകത്തിനും ഹാനികരമായ വിമാനത്താവള പ്രശ്നവും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിലമതിക്കാനാവാത്ത സമ്പത്ത് കൈവശപ്പെടുത്താന്‍ തത്പരകക്ഷികള്‍ നടത്തുന്ന നീക്കങ്ങളും തത്പരകക്ഷികള്‍ നടത്തുന്ന നീക്കങ്ങളും മാതാഅമൃതാന്ദമയി മഠത്തിനും മറ്റ് ഹൈന്ദവ ആദ്ധ്യാത്മിക സ്ഥാപനങ്ങള്‍ക്കും എതിരെ നടന്നുവരുന്ന നീക്കങ്ങളും തുറന്നുകാണിച്ച് പ്രതിരോധങ്ങള്‍ നടത്തുന്നതില്‍ ജന്മഭൂമി നിര്‍വഹിച്ച പങ്ക് നിസ്തുലമാണ്.
അച്ചടിമാധ്യമരംഗത്ത് എന്നതുപോലെ ദൃശ്യമാധ്യമരംഗത്തും പുതിയൊരു സമരമുഖം ആവശ്യായി വന്നപ്പോഴാണ് ജനം ടിവി എന്ന സംരംഭം മുന്നോട്ടുവന്നിരിക്കുന്നത്. അതിന്റെ നടപടികള്‍ ഒന്നുരണ്ടു വര്‍ഷങ്ങളായി നടന്നുവരികയാണല്ലൊ. കേരളത്തിലെ കലാസാംസ്കാരിക, ചലച്ചിത്രരംഗത്തെ ഒട്ടേറെ പ്രഗത്ഭരുടെ സാന്നിദ്ധ്യത്തില്‍ ‘ജന’ത്തിന്റെ ലോഗോ പ്രകാശനം നടന്നത് ഏപ്രില്‍ 20ന് ആയത് ബോധപൂര്‍വമാണോ എന്നറിയില്ല. അച്ചടിമാധ്യമരംഗത്തേക്ക് സംഘപ്രസ്ഥാനങ്ങള്‍ കാലെടുത്തുവെച്ചതിന്റെ ഓര്മ ഉണര്‍ത്തുന്ന തരത്തില്‍ ഏപ്രില്‍ 20 ന് തന്നെയായത് യാദൃശ്ചികമാവാം. എന്നാല്‍ പുതിയൊരു ദൃശ്യമാധ്യമ സംസ്കാരത്തിന്റെ തുടക്കമാണതെന്ന് തീര്‍ച്ച.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: