തിരുവനന്തപുരം: പൊതുമരാമത്ത്, ഇറിഗേഷന്‍ വകുപ്പിലെ കരാറുകാര്‍ക്ക് കഴിഞ്ഞ ഒമ്പതു മാസമായി സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക 2500 കോടി. കുടിശിക കിട്ടാതെ പ്രതിസന്ധിയിലായ കരാറുകാരുടെ ബില്ലിന്മേല് 14.5 ശതമാനം വാണിജ്യ നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നു. ഇപ്പോള്‍ മൂന്ന് ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുന്ന സ്ഥാനത്താണ് 14.5 ശതമാനമാക്കി ഉയര്‍ത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞാണ് കരാറുകാരുടെ കുടിശിക സര്‍ക്കാര്‍ നല്‍കാതിരിക്കുന്നത്. വന്‍ പലിശയ്ക്ക് പണം കടമെടുത്തും മറ്റുമാണ് കരാറുകാര്‍ ഇപ്പോള്‍ ജോലികള്‍ ചെയ്യുന്നത്. തുടങ്ങിയ പണികള്‍ പലതും പകുതി വഴിക്കായതിനാല്‍ നിര്‍ത്തി വയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്.
രജിസ്റ്റേര്‍ഡ് വ്യാപാരികളില്‍ നിന്നല്ലാതെ വാങ്ങുന്ന നിര്‍മാണ സാമഗ്രികള്‍ക്ക് 14.5 ശതമാനം വാണിജ്യ നികുതി നല്‍കണമെന്നാണ് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത്. ഇഷ്ടിക, മണല്‍, തടി തുടങ്ങിയ സാമഗ്രികള്‍ രജിസ്റ്റേര്‍ഡ് വ്യാപാരികളില്‍ നിന്നല്ല ഇപ്പോള്‍ കരാറുകാര്‍ വാങ്ങുന്നത്. ഈ രംഗത്ത് രജിസ്റ്റേര്‍ഡ് വ്യാപാരികള്‍ കുറവുമാണ്. കെട്ടിടനിര്‍മാണത്തിന്റെ ടെണ്ടറുകള്‍ എടുക്കുന്ന കരാറുകാരാണ് ഇതുമൂലം കൂടുതല്‍ വലയുന്നത്. ചെറിയ കരാറുകളെടുത്തു പണിനടത്തുന്നവരാണ് പ്രതിസന്ധിയിലാകുന്നത്. ഇപ്പോള്‍ വാങ്ങുന്നതിന്റെ ഇരട്ടിപ്പണം കൊടുത്ത് സാധനങ്ങള്‍ വാങ്ങേണ്ട അവസ്ഥയാണുള്ളത്.
പണികള്‍ നിര്‍ത്തിവച്ച് പ്രതിഷേധിക്കണമെന്നാണ് കരാറുകാരുടെ ആഗ്രഹമെങ്കിലും അതിനും കഴിയാത്ത സ്ഥിതിയാണ്. ലക്ഷങ്ങള്‍ വിലയുള്ള യന്ത്രസാമഗ്രികള്‍ മുന്‍കൂര്‍ വാടക നല്‍കിയാണ് പണി സ്ഥലങ്ങളില്‍ എത്തിച്ചിരിക്കുന്നത്. പണി നിര്‍ത്തിവച്ചാല്‍ ഈ വാടക കൂടി നഷ്ടമാകും. പണി നിര്‍ത്തിയാല്‍ പിന്നീട് തൊഴിലാളികളെ കിട്ടാതിരിക്കുകയും ചെയ്യും. ഇക്കാരണത്താല്‍ കടംവാങ്ങിയും പണികള്‍ മുന്നോട്ടു കൊണ്ടു പോകേണ്ടിവരുന്നു. സര്‍ക്കാര്‍ കുടിശിക നല്കിയാലും പലിശ കൊടുത്ത പണം നഷ്ടമാകുമെന്ന് കരാറുകാര്‍ പറയുന്നു. ഇടതുസര്‍ക്കാരിന്റെ കാലത്ത് പണം കുടിശികയാകുമെന്ന പ്രതീക്ഷയില്‍ കൂടിയ തുകയ്ക്കാണ് പണികള്‍ ഏറ്റെടുത്തത്. കടമെടുക്കുന്ന തുകയ്ക്കുള്ള പലിശ കൂടി വകവച്ചായിരുന്നു ഇത്. എന്നാല്‍ അന്ന് അധികം വൈകാതെ പണം ലഭിച്ചു. ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇത്തവണ കുറഞ്ഞ തുകയ്ക്ക് പണികളെടുത്തത് കൂടുതല്‍ കുഴപ്പമായി. പലിശ കൊടുക്കുന്നവര്‍ വന്‍ സാമ്പത്തിക ബാധ്യതയിലേക്കാണ് നീങ്ങുന്നത്.
പണി മന്ദഗതിയിലായിട്ടുണ്ട്. പണി നിര്‍ത്തി സമരം തുടങ്ങാന്‍ 30 ദിവസത്തെ മുന്‍കൂര്‍ അറിയിപ്പ് വേണം. ഇതിനുള്ള തീരുമാനത്തിലാണ് കരാറുകാര്‍. ഈ മാസം 16ന് ശേഷം യോഗം ചേര്‍ന്ന് സമരപരിപാടികളെ കുറിച്ച് തീരുമാനത്തിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: