കൊച്ചി: ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി കാര്യക്ഷമമായ മേല്‍നോട്ട സംവിധാനം ഏര്‍പ്പെടുത്താന്‍ സപ്ലൈകോ തീരുമാനിച്ചു. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ടിലെ വ്യവസ്ഥകള്‍ പാലിക്കുന്നതിന് വിതരണക്കാരേയും മില്ലുടമകളെയും പ്രാപ്തരാക്കുകയാണ് ആദ്യഘട്ടം. ഐ.എസ്.ഒ 22000 നിലവാരത്തിലേക്ക് വിതരണ സ്ഥാപനങ്ങളേയും, മില്ലുകളെയും എത്തിക്കുന്നതിനുളള നടപടികളും ഇതോടൊപ്പം സ്വീകരിക്കും.
ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ പൂര്‍ണ്ണമായി സംരക്ഷിക്കുന്നതിനും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമായി, നിലവിലുളള ആഭ്യന്തര ഗുണപരിശോധനാ സംവിധാനവും കൂടുതല്‍ ശക്തിപ്പെടുത്തും. ഭക്ഷ്യ സംസ്ക്കരണ ശാലകളില്‍ വൃത്തിയും ശുചിത്വവും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐ.എസ്.ഒ 22000 നിലവാരത്തിലേയ്ക്ക് എത്തുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സബ്സിഡികള്‍ ലഭ്യമാക്കുന്നതിനുള്ള അവസരവും സപ്ലൈകോ ഒരുക്കും. ഉപഭോക്താക്കളുമായുളള ആശയവിനിമയ പ്രക്രിയയും സജീവമാക്കും. സപ്ലൈകോയ്ക്ക് കീഴില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്.ആര്.ഡി കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ഭക്ഷ്യപരിശോധനാ ലാബുകളിലൊന്നാണ്. ഉച്ചഭക്ഷണ പദ്ധതി പ്രകാരമുളള അരിയും, വിഭവങ്ങളും വിതരണം ചെയ്യുന്നതിലും ഗുണനിലവാര പരിശോധന കര്‍ശനമാക്കും.
വിതരണക്കാര്‍ക്കും, മില്ലുടമകള്ക്കുമായുളള സപ്ലൈകോയുടെ ഏകദിന ശില്‍പ്പശാല മെയ് രണ്ടിന് നെടുമ്പാശ്ശേരി ഫ്ലോറ എയര്‍പോര്‍ട്ട് ഹോട്ടലില്‍ നടക്കും.
രാവിലെ 10 ന് സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ജി.ലക്ഷ്മണ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. ജനറല്‍ മാനേജര്‍ ജേക്കബ് ജോസഫ് അധ്യക്ഷനാകും. സി.എഫ്. ആര്.ഡി. ഡയറക്ടര്‍ ഡോ. മുകുന്ദന്, ഗ്രേസ് ബേബി എന്നിവര്‍ ക്ലാസുകളെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: