കെയ്റോ: ഈജിപ്റ്റില്‍ മുസ്ലീം ബ്രദര്‍ഹുഡ് നേതാവ് മൊഹമ്മദ് ബാദി അടക്കം 683 പേരെ വധശിക്ഷക്ക് വിധിച്ചു. കോടതിയുടെ വിധി കേട്ടയുടന്‍ പുറത്തുണ്ടായിരുന്ന സ്ത്രീകളില്‍ പലരും കുഴഞ്ഞുവീണു. കൂട്ടവിചാരണക്കൊടുവിലാണ് വധശിക്ഷ.
കഴിഞ്ഞ വര്‍ഷം മിനായയിലെ പോലീസ് സ്റ്റേഷന് ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഇവര്‍ വിചാരണ നേരിട്ടത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. മാര്‍ച്ചില്‍ വധശിക്ഷയ്ക്ക് വിധിച്ച 529 പേരില്‍ 492 പേരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. 37 പേരുടെ വധശിക്ഷ കോടതി ശരിവച്ചു. മുര്‍സി അനുകൂലികള്‍ക്കെതിരായ കേസും വേഗത്തിലുള്ള വിചാരണ നടപടികളേയും വിമര്‍ശിച്ച് നേരത്തെ യുഎന്നും വിവിധ മനുഷ്യാവകാശ ഗ്രൂപ്പുകളും രംഗത്തെത്തിയിരുന്നു.
പ്രതിഭാഗം അഭിഭാഷകരെ കേസില്‍ വാദം നടത്താന്‍ അനുവദിച്ചിരുന്നില്ലെന്ന് ഹ്യൂമന്‍ റൈറ്റ് വാച്ച് പറയുന്നു. കേസിലെ വിചാരണ രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന് കഴിഞ്ഞ മാസം യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണ നിര്‍ത്തണമെന്നും യുഎന്‍ അന്ന് ആവശ്യപ്പെട്ടു.
രാജ്യത്ത് അക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് 15,000ത്തോളം മുര്‍സി അനുകൂലികളെ സൈനിക പിന്തുണയോടെ ഈജിപ്റ്റ് ഭരിക്കുന്ന ഇടക്കാല ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: