അസ്മിത സദാ നിരീക്ഷണത്തിലാണ്. തനിക്ക് ചുറ്റുമുള്ള എല്ലാറ്റിനെയും നിരീക്ഷിച്ചിരിക്കെ ചിലപ്പോള്‍ അസ്വസ്ഥയാകും. ചിലപ്പോള്‍ ആഹ്ലാദവദിയാകും. കോപം കൊണ്ട് പൊട്ടിത്തെറിച്ചെന്നുമിരിക്കും. ഏതായാലും അതൊക്കെ അക്ഷരങ്ങളാകുന്നു. കവിതകളാകുന്നു. സംഘര്‍ഷങ്ങളുടെയും വിദ്വേഷത്തിന്റെതുമായ വര്‍ത്തമാന കാലത്തെ അക്ഷരങ്ങളിലൂടെ ആവാഹിച്ചാവിഷ്കരിക്കുമ്പോള് ചുറ്റുപാടുകളോടുള്ള കവയത്രിക്കുള്ളിലെ രോഷവും ദുഃഖവും സ്നേഹാഭിമുഖ്യവുമെല്ലാം പലരുമറിയുന്നു. തന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ ആകാശഗംഗയും പുറത്തിറക്കിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കിയിലെ “വലുതാകുന്ന” കവയത്രി.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് ചാലിക്കരയിലെ വന്നാപ്പാടി മീത്തല്‍ മോഹനന്റെയും രമണിയുടെയും മകള്‍ അസ്മിതയുടെ പ്രഥമ കവിതാ സമാഹാരമാണ് കണ്ണാന്തളിപ്പൂക്കള്‍. എരവട്ടൂര്‍ നാരായണവിലാസം എയുപി സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് കണ്ണാന്തളിപ്പൂക്കള്‍ പ്രസിദ്ധീകരിച്ചത്. അധ്യാപകരുടെയും പ്രദേശത്തുകാരുടെയും പിന്തുണയും പ്രോത്സാഹനവുമായിരുന്നു. കണ്ണാന്തളിപ്പൂക്കള്‍ക്ക് പിന്നിലെ ‘സുഗന്ധം’. ഇപ്പോള്‍ നൊച്ചാട് ഹയര്‍ സെക്കന്ററി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അസ്മിതയുടെ അടുത്ത പുസ്തകം ആകാശഗംഗയും പുറത്തിറങ്ങി.
നിസ്സാരനല്ലേ മനുഷ്യന് എന്ന കവിത മുതല്‍ ബാക്കി വരെ ഇരുപതോളം കവിതകളാണ് ആകാശഗംഗയിലുള്ളത്. ആകാശഗംഗയുടെ മുഖമൊഴിയില്‍ അസ്മിത ഇങ്ങനെയെഴുതുന്നു- സ്ഥാനം തെറ്റി ചിതറിക്കിടക്കുന്ന അക്ഷരങ്ങളെ ഞാന്‍ വാക്കുകളും വരികളുമാക്കുകയാണ്. കവിതയോ അക്ഷരക്കൂട്ടമോ എന്ന് നിങ്ങള്‍ തീരുമാനിക്കുക…..
നൊച്ചാട് ഹയര്‍ സെക്കന്ററി സ്കൂളാണ് അസ്മിതയുടെ ആകാശഗംഗ പ്രസിദ്ധീകരിച്ചത്.
എന്‍. ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: