ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം വിജയിപ്പിച്ച ആയുധങ്ങളില്‍ പ്രധാനപ്പെട്ട രണ്ടെണ്ണമായിരുന്നു ചര്‍ക്കയും ഹിന്ദിയും. എന്റെ വീട്ടില്‍ മുതിര്‍ന്ന അംഗങ്ങളെല്ലാവരും നൂലുനൂല്ക്കുമായിരുന്നു. ഞാനും നൂലുണ്ടാക്കുന്ന കാര്യത്തില്‍ സമര്‍ത്ഥനായിരുന്നു. എങ്കിലും എന്റെ നിയോഗം ഹിന്ദി പ്രചരിപ്പിക്കലായിരുന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് പലയിടത്തായി പത്തോളം ഹിന്ദിക്ലാസുകള് ഞാന്‍ നടത്തിയിരുന്നു.
മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ വിദേശാധിപത്യത്തിനെതിരായി നടന്ന സമരത്തില്‍ ചര്‍ക്ക ആയുധമായത് ഖാദിവസ്ത്രങ്ങള്‍ മേന്മയേറിവയായതുകൊണ്ടല്ല. പരുത്തികൃഷി ചെയ്യുന്നവര്‍, നൂലുണ്ടാക്കുന്നവര്, നെയ്ത്തുകാര്‍, തുണിവില്‍പ്പനക്കാര്‍, പരുത്തിയെണ്ണ ഉണ്ടാക്കുന്നവര്‍, കാലിത്തീറ്റ ശേഖരിക്കുന്നവര്‍ തുടങ്ങി ബഹുലക്ഷം ഭാരതീയര്‍ക്ക് ജീവനോപായം ആകുമെന്നതുകൊണ്ടാണ്. വിദേശികള്‍ ഭാരതത്തില്‍ തുണി ഇറക്കുമതി ചെയ്ത് സമ്പത്തു കടത്തിക്കൊണ്ടുപോകുന്നത് ചെറുക്കാനും ഈ പദ്ധതിക്ക് ഒരളവുവരെ കഴിഞ്ഞു. നാടിന്റെ നന്മയ്ക്കായി പരുക്കന്‍ വസ്ത്രം ധരിക്കുന്നത് ത്യാഗമായി കരുതിയവരായിരുന്നു അന്നത്തെ ഖാദിപ്രവര്ത്തകര്.
ഹിന്ദി ഭാരതത്തിന്റെ രാഷ്ട്രഭാഷയാകണമെന്ന് തീരുമാനിച്ചത് ഭാരതത്തിലെ ഏറ്റവും നല്ലഭാഷ ഹിന്ദിയാണെന്ന നിലയ്ക്കല്ല. പല ഭാഷകള്‍ സംസാരിക്കുന്ന നിരവധി സമൂഹങ്ങളുള്ള ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയായതുകൊണ്ടാണ്. ഭാരതത്തിന്റെ സാംസ്കാരികമായ ഏകതയ്ക്ക് ഒരു രാഷ്ട്രഭാഷ ആവശ്യമാണെന്ന ഗാന്ധിജിയുടെ അഭിപ്രായത്തെ എല്ലാവരും അനുകൂലിച്ചു. ഉത്തരഭാരതത്തിന്റെ അധികഭാഗത്തും പ്രചരിക്കുന്ന പത്തോളം ഭാഷാഭേദങ്ങളുടെ (ഡയലക്ട്) പരിനിഷ്ഠിതരൂപമാണ് (സ്റ്റാന്‍ഡാര്‍ഡ് ഫോം) ഹിന്ദി. ഉര്‍ദു സംസാരിക്കുന്നവര്‍ക്കും ഹിന്ദി ഒട്ടൊക്കെ മനസ്സിലാക്കാന്‍ കഴിയും. ഇതൊക്കെ കണക്കാക്കിയാണ് ഹിന്ദിയെ രാഷ്ട്രഭാഷയാക്കാന് തീരുമാനിച്ചത്. തെക്കെ ഇന്ത്യയിലെ രാഷ്ട്രീയനേതൃത്വം സന്തോഷത്തോടെ ഈ അഭിപ്രായത്തെ സ്വാഗതം ചെയ്തു. ദക്ഷിണഭാരത് ഹിന്ദി പ്രചാര്‍സഭ എന്നൊരു സ്ഥാപനം അന്നത്തെ മദ്രാസ് പ്രവിശ്യയില്‍ ഉണ്ടായി. അതിന്റെ സ്ഥാപക നേതാക്കള്‍ ദ്രാവിഡ കഴകത്തിന്റെ സ്ഥാപകനായ ഇ.വി. രാമസ്വാമി നായ്ക്കരും സി. രാജേഗോപാലാചാരിയും ആയിരുന്നു. പില്ക്കാലത്ത് തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരും സ്ഥാപകരില്‍ ഒരാളായിരുന്നുവെന്നു കേട്ടിട്ടുണ്ട്. ഹിന്ദി പ്രചാര്‍സഭ നൂറുകണക്കിന് ഹിന്ദി പ്രചാരകരെ ദക്ഷിണഭാരതത്തിന്റെ എല്ലാഭാഗത്തും അയച്ച് ഹിന്ദി പ്രചരിപ്പിച്ചു. ഖദര്‍ ജൂബയും വിനാന്വിതമായ പെരുമാറ്റവുമായി കുഗ്രാമങ്ങളില്‍പോലും അവര്‍ എത്തി. ഹിന്ദിയോടൊപ്പം ഭാരത സ്വാതന്ത്ര്യസമരത്തെക്കുറിച്ചും അവര്‍ പരോക്ഷമായി ജനങ്ങളെ പഠിപ്പിച്ചു. അക്കൂട്ടത്തില്‍ പ്രധാനിയായിരുന്ന എന്‍.പി. ചന്ദ്രശേഖരന്‍നായരായിരുന്നു എന്നെ ഹിന്ദി പഠിപ്പിച്ചത്. ദക്ഷിണഭാരത ഹിന്ദി പ്രചാര്‍സഭ നടത്തിയ എല്ലാ പരീക്ഷകളും ജയിച്ചപ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ട ഗുരുദക്ഷിണ അദ്ദേഹം നടത്തിയിരുന്ന ഏതാനും ഹിന്ദിക്ലാസുകളുടെ ചുമതല ഏല്ക്കുക എന്നതായിരുന്നു. വ്യക്തിപരമായി ഹിന്ദിപഠനം എനിക്ക് ദേശീയതലത്തില്‍ പ്രധാനപ്പെട്ട പല ചുമതലകളും ഏല്‍ക്കാനുള്ള അവസരമുണ്ടാക്കിയെന്നതും പറയാതെവയ്യ.
ഖാദിയും ഹിന്ദിയും നാടാകെ പടര്‍ന്നുവളര്‍ന്ന കാലത്താണ് ഭാരതം സ്വതന്ത്രമായത്. അന്നത്തെ ഭരണാധികാരികളിലും രാഷ്ട്രീയനേതാക്കളിലും പ്രമുഖരായ പലരും ഇംഗ്ലീഷിന്റെയും ആംഗലേയ ജീവിതശൈലിയുടെയും ആരാധകരോ അനുകര്‍ത്താക്കളോ ആയിരുന്നുവെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ ഭരണ സംവിധാനത്തിന്റെ പ്രയോക്താക്കളായിരുന്ന ഐസിഎസ്സുകാരും അവരെ തുടര്‍ന്നുണ്ടായ ഐഎഎസ്സുകാരും ഇംഗ്ലീഷിനോട് ആഭിമുഖ്യമുള്ളവരായിരുന്നു. ഭരണത്തിന്റെ രാഷ്ട്രീയനേതൃത്വവും ഉദ്യോഗപ്രമുഖരും സ്വാധീനത്തിലുണ്ടെന്ന ഉറപ്പോടെ ആംഗ്ലോ അമേരിക്കന്‍ പുസ്തകക്കച്ചവടക്കാരുടെ പ്രതിനിധികള്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു.
രാഷ്ട്രഭാഷയായ ഹിന്ദിയുടെ വളര്‍ച്ചയ്ക്കും വികസനത്തിനുമായി പല സ്ഥാപനങ്ങളും കേന്ദ്രഗവണ്മെന്റ് ഉണ്ടാക്കി സെന്‍ട്രല്‍ ഹിന്ദി ഇന്‍സ്റ്റിറ്റിയൂട്ട്, ഹിന്ദി ഡയറക്ടറേറ്റ് തുടങ്ങി പല സ്ഥാപനങ്ങള്‍ ഇവയൊക്കെ വേണ്ടതരത്തില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഹിന്ദി ലോകഭാഷകളില്‍ പ്രമുഖമാകുമായിരുന്നു. സെമിനാറുകളും വര്‍ക്ക്ഷോപ്പുകളും നിരന്തരമായി നടത്തിയതിന്റെ ഫലമായി ഹിന്ദിക്ക് മണിയോര്‍ഡര്‍ ഫോമിലും കറന്‍സിനോട്ടിലും മുദ്രപത്രങ്ങളിലും അതുപോലെ നാണയങ്ങളിലും ഇംഗ്ലീഷിനടുത്തിരിക്കാനുള്ള അവകാശം കിട്ടിയിട്ടുണ്ട്. ഹിന്ദിയെ രാഷ്ട്രഭാഷയായി വളര്‍ത്താന്‍ സഹായിക്കുന്ന നൂറുനൂറു ശുപാര്‍ശകള്‍ പണ്ഡിതസമിതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അവയൊന്നും നടപ്പിലാക്കിയിട്ടില്ലെന്നുമാത്രമല്ല ഭാരതീയ ഭാഷകള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്തു. നൂറുക്കണക്കിന് ഉദാഹരണങ്ങളുള്ളതില് ഒന്നുമാത്രം മാതൃകയായി എടുത്തുകാട്ടാം.
ഹിന്ദിയെ രാഷ്ട്രത്തിന്റെ ഭാഷയായി വളര്‍ത്താന്‍ സ്വീകരിക്കേണ്ട പരിഷ്ക്കാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ചുമതലപ്പെട്ട ഒരു പണ്ഡിതസമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ ഒന്ന് കേരളീയര്‍ ആരാധിക്കുന്ന എഴുത്തച്ഛന്, തമിഴ് ഭാഷയുടെ പേര് തുടങ്ങിയ പദങ്ങളിലുള്ള ‘ഴ’ എന്ന അക്ഷരം ദേവനാഗരിയില്‍ ഇല്ലാത്തതുകൊണ്ട് സാംസ്കാരികമായി പ്രാധാന്യമുള്ള പല പദങ്ങളും രേഖപ്പെടുത്താന്‍ ഹിന്ദിക്ക് സാധിക്കുന്നില്ല. അതുപോലെ കേരളത്തിലെ വള്ളത്തോള്‍ മഹാകവിയെയും വള്ളംകളിയെയും കുറിച്ചെഴുതാന്‍ സാധിക്കാതെ വരുന്നതുകൊണ്ട് ‘ള’ എന്ന അക്ഷരവും ദേവനാഗരിക്ക് വഴങ്ങുന്നില്ല എന്ന പരാതിക്ക് പരിഹാരമായിട്ടായിരുന്നു. പുതിയ അക്ഷരങ്ങളൊന്നും സമിതി നിര്‍ദ്ദേശിച്ചില്ല. നിലവിലുള്ള ല ( ) എന്ന ലിപിക്ക് രണ്ട് വ്യസ്തസൂചകരേഖകള് (ഉശമരൃശശേരമഹ ാമൃസെ) ആവയശ്യമുള്ളപ്പോള് ചേര്‍ക്കുന്ന കാര്യം പരിഗണിക്കണം എന്ന് മറ്റുപല നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം പറഞ്ഞിരുന്നു.
ഈ ശുപാര്‍ശ ഉപയോഗിച്ച് ഹിന്ദിയുടെ പരിശുദ്ധി നശിപ്പിക്കാന്‍ തമിഴരും മലയാളികളും ശ്രമിക്കുന്നതായി ഒരു പ്രചരണം ഹിന്ദിമേഖലയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രസിദ്ധീകരണ ശാലക്കാരുടെ പ്രതിനിധികള്‍ നടത്തി. അതിന്റെ കൂട്ടത്തില്‍ തമിഴനെയും മലയാളത്തെയും ഇകഴ്ത്തുന്ന പരാമര്‍ശങ്ങളും ഉണ്ടായിരുന്നു. ഈ ആക്ഷേപം തമിഴിലാക്കി തമിഴ്നാട്ടില്‍ പ്രചരിപ്പിച്ചു. കേരളീയര്‍ ഇതൊന്നും കാര്യമായി കരുതിയില്ല. പക്ഷേ തമിഴ്നാട്ടില്‍ ഹിന്ദിക്കെതിരെ വളരെ ശക്തമായ പ്രതിഷേധമുണ്ടായി. എല്ലാ സമൂഹങ്ങളിലും അവിവേകികളും എടുത്തുചാട്ടക്കാരുമായ കുറെപേരുണ്ടാകും. തമിഴ്നാട്ടില്‍ ദ്രാവിഡകഴകത്തിലും ദ്രാവിഡമുന്നേറ്റകഴകത്തിലുംപെട്ട ബോര്‍ഡുകളും റയില്‍വേസ്റ്റേഷനിലും മറ്റുമുള്ള സ്ഥലനാമങ്ങളും കരിപുരട്ടി നശിപ്പിക്കുന്നതുവരെ ഈ വിഭജിച്ചു ഭരിക്കുന്ന ആംഗലേയ വാണിജ്യതന്ത്രം കാര്യങ്ങള്‍കൊണ്ടെത്തിച്ചു. ദ്രാവിഡകഴകങ്ങളുടെ നേതാക്കള്‍ക്ക് അണികളെ പിന്തുണയ്ക്കേണ്ടിവന്നു.
ഈ സംഭവം എനിക്ക് പറഞ്ഞുതന്നത് ദ്രാവിഡകഴകത്തിന്റെ സ്ഥാപകനായ പെരിയോര്‍ ഇ.വി. രാമസ്വാമി നായ്ക്കരായിരുന്നു. അദ്ദേഹം ദക്ഷിണഭാരത് ഹിന്ദിപ്രചാരസഭയുടെ സ്ഥാപക നേതാവായിരുന്നുവെന്നു മുന്‍പ് പറഞ്ഞു. തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രവര്‍ത്തനവുമായി ഒരു ബന്ധവുമില്ലാത്ത എനിക്ക് ഭാഗ്യംകൊണ്ട് അദ്ദേഹത്തെ എന്റെ താമസസ്ഥലത്ത് അതിഥിയായി സ്വീകരിക്കാനും എട്ടുമണിക്കൂറോളം അദ്ദേഹത്തിനൊപ്പം കഴിയാനും സാധിച്ചു. അന്ന് ഭാരതീയ രാഷ്ട്രീയത്തെകുറിച്ചും ഭാഷകളെകുറിച്ചും ദേശാഭിമാനത്തെകുറിച്ചും മാതൃഭാഷ എന്ന ദിവ്യസങ്കല്പത്തെകുറിച്ചും ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹം എന്നോടു പറഞ്ഞു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ഒരു നോട്ടുബുക്കില്‍ കുറിച്ചിട്ടിരുന്നു. തീരെ പ്രതീക്ഷിക്കാതെ ഈ ലേഖനപരമ്പര എഴുതി തുടങ്ങിയപ്പോള്‍ ആ നോട്ടുബുക്ക് പഴയ പുസ്തകങ്ങളുടെ കൂട്ടത്തില്‍ നിന്നു കണ്ടുകിട്ടി. അരനൂറ്റാണ്ടിന് മുന്‍പ് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ആര്ഷനാദംപോലെ സത്യമായിത്തീര്ന്നതായാണു കാണുന്നത്. ആ സന്ദര്‍ശനത്തെക്കുറിച്ച് തുടര്ന്നെഴുതാം.
ഹിന്ദിയിലേക്ക് തിരിച്ചുവരാം. തമിഴ്നാട്ടില്‍ ഹിന്ദിക്കെതിരെ ആംഗ്ലോ അമേരിക്കന്‍ പുസ്തകവ്യാപാരികള്‍ നടത്തിയ പ്രകടനം മഹാരാഷ്ട്രയിലും അവര്‍ ആവര്‍ത്തിച്ചു. തിരക്കഥ തമിഴ്നാട്ടിലേതുതന്നെ. അവിടെ അല്പം രാഷ്ട്രീയവും കൂടെ കലര്‍ത്തി വിദേശികളുടെ ഭാഷ എന്നുകൂടി ഹിന്ദിയെ പറഞ്ഞിരുന്നു. കരിതേയ്ക്കല് അവിടെയും ഉണ്ടായി.
നിഘണ്ടു നിര്‍മ്മാതാക്കളുടെ ദേശീയസംഘടനയായ ലെക്സിക്കോ ഗ്രാഫിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറി എന്നതിലേയ്ക്ക് എല്ലാ ഭാരതീയഭാഷകളോടും അടുത്തബന്ധം പുലര്‍ത്താന്‍ എനിക്കിടയായി. പലഭാഷമേഖലകളിലും ഈ ലോബിയുടെ അദൃശ്യഹസ്തങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ബോദ്ധ്യപ്പെട്ടിട്ടുണ്ട്.
ഹിന്ദിയെ രാഷ്ട്രഭാഷ എന്ന പദവിക്ക് ചേര്‍ന്ന തരത്തില്‍ വളര്‍ത്താന്‍ അനേകം പദ്ധതികള്‍ ആവിഷ്ക്കരിച്ചു. അനേകം കോടികള്‍ അതിനായി ചെലവഴിക്കുകയും ചെയ്തു. അതൊന്നും ഫലപ്രദമാകാതിരിക്കാന്‍ വേണ്ട സ്വാധീനം അണിയറയ്ക്കുള്ളിലിരുന്നു നിയന്ത്രിക്കുന്ന സൂത്രധാരന്മാര്ക്കുണ്ടായിരുന്നു. ഒരു സമഗ്രനിഘണ്ടു ഹിന്ദിക്ക് ഇനിയും ഉണ്ടായിട്ടില്ല. ഭാരതസംസ്കാരത്തെ വിവരിക്കുന്ന ഒരു വിജ്ഞാനകോശം ഇനിയും ഉണ്ടായിട്ടില്ല. ഭാരതീയര്‍ അനുസരിക്കേണ്ട നിയമങ്ങള്‍ ലളിതമായി വിവരിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ ഹിന്ദിയിലോ മറ്റു ഭാരതീയ ഭാഷകളിലോ ലഭ്യമല്ല. പരമോന്നതകോടതിയുടെ ദേശീയ പ്രാധാന്യമുള്ള വിധികള്‍പോലും പൗരന്മാര്ക്ക് അറിയാന്‍ വ്യവസ്ഥയില്ല. നിയമസംവിധാനം പൂര്‍ണമായി ദേവഭാഷയായ ഇംഗ്ലീഷിലാണ്.
പല ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങളുള്ള ഭാരത്തിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ ഐക്യം നിലനിര്‍ത്താന്‍ ഒരു രാഷ്ട്രഭാഷ അത്യാവശ്യമാണ്. ഇംഗ്ലീഷ് ഭാഷയ്ക്ക് അതിനുള്ള യോഗ്യതയില്ല. കുറെ പുസ്തകകച്ചവടക്കാര്‍ പട്ടാളത്തിന്റെയും പോലീസിന്റെയും സഹായമില്ലാതെ അഴിമതിക്കാരായ കുറെപേരുടെ പിന്തുണയോടെ നടത്തുന്ന കയ്യേറ്റത്തെ കുറിച്ച് ചില സൂചനകളെ ഇതുവരെ അവതരിപ്പിക്കാന്‍ കഴിഞ്ഞുള്ളൂ.
(തുടരും)
ഡോ. ബി.സി. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: