ആയിരത്തി ത്തൊളളായിരത്തി നാല്‍പ്പത്തി ഏഴില്‍ ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടുപോയ സമയത്ത് ലോകത്തെ ഏറ്റവും ദരിദ്രരായ ജനതയാക്കി, ഈ നാട്ടിലെ ജനകോടികളെ മാറ്റിയും അതിപുരാതനമായ ഭാരതവര്‍ഷത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വെട്ടിമുറിച്ചുമാണ് തങ്ങളുടെ രണ്ട് നൂറ്റാണ്ട് കാലത്തെ ഭരണം അവസാനിപ്പിച്ചത്. 1757 ല്‍ റോബര്‍ട്ട് ക്ലൈവ് എന്ന സാഹസിക സേനാ നായകന്, ചതിയിലൂടെ മൂര്‍ഷിദാബാദിലെ നവാബായിരുന്ന സിറാജ് ദൗളയെ പരാജയപ്പെടുത്തി ബംഗാള്‍ കീഴടക്കിക്കൊണ്ടാണ് ബ്രിട്ടീഷ് സാമ്രാജ്യം ഭാരതത്തില്‍ സ്ഥാപിച്ചത്. അക്കാലത്ത് ലോകത്തെ ഏറ്റവും സമ്പന്നമായ ഭാഗമായി ബംഗാള്‍ പ്രശസ്തി നേടിയിരുന്നു. സോനാര്‍ ബംഗളാ, സുവര്‍ണ ബംഗാള്‍ എന്നാണ് തങ്ങളുടെ നാടിനെപ്പറ്റി ബംഗാളി കവികള്‍ പ്രകീര്‍ത്തിച്ചത്.
1665 ല്‍ ദല്‍ഹിയില്‍ ചക്രവര്‍ത്തിയുടെ തിട്ടൂരവുമായി ബംഗാളിലെത്തി ബ്രിട്ടീഷ് കച്ചവടനായകന്മാരും ഡോക്ടര്‍മാരും പാതിരിമാരും ആ നാടിന്റെ ഫലസമൃദ്ധമായ നഗരങ്ങളും വാണിജ്യകേന്ദ്രങ്ങളും തുറമുഖങ്ങളും കണ്ട് അത്ഭുതപ്പെട്ടു. ബംഗാളിലെ സുഗന്ധം വഹിക്കുന്ന അരി(ബസുമതി) പാശ്ചാത്യ രാജ്യങ്ങളിലേയും പശ്ചിമേഷ്യയിലെയും ഇഷ്ടഭോജ്യമായിരുന്നു. അവിടുത്തെ പട്ടുവസ്ത്രങ്ങള്‍ പാശ്ചാത്യ പ്രഭുകുടുംബങ്ങള്‍ക്ക് അത്യധികം പ്രായമായിരുന്നു. വൈവിധ്യമാര്‍ന്ന പരുത്തി വസ്ത്രങ്ങള്‍ ലോകത്തിന്റെ വിസ്മയമായി ഭവിച്ചു. 20 വാര (18 മീറ്റര്‍) വരുന്ന നേര്‍ത്ത മസ്ലിന് തുണി ഒരു പൊടി ഡപ്പിയില്‍ ഒതുക്കാന്‍ കഴിയുമായിരുന്നു. 17-ാം നൂറ്റാണ്ടിലെ സഞ്ചാരി മിര്‍സാ നാഥന് ഒറ്റവസ്ത്രത്തിന് 4000 രൂപ വില്‍ നല്‍കിയതായി രേഖകളുണ്ട്.
ബംഗാളികള്‍ക്ക് ഒന്നും പുറമെ നിന്ന് വാങ്ങേണ്ടതായുണ്ടായിരുന്നില്ല. അവിടെ നിന്നും വ്യാപാരം ആഗ്രഹിച്ചുവരുന്നവര്‍ സ്വര്‍ണമായും വെള്ളിയായും വില നല്കി. ഭക്ഷണവും വസതിയുമില്ലാത്ത ഒരാളും ബംഗാളിലുണ്ടായിരുന്നില്ലെന്ന് സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തി. പുരാണപ്രശസ്തമായ താമ്രലിപ്തിയായിരുന്നു ബംഗാളിലെ പ്രധാന തുറമുഖം. അവിടം ലോകമെങ്ങുമുള്ള വ്യാപാരികളുടെ കപ്പലുകള്‍ തിങ്ങിനിറഞ്ഞിരുന്നു.
ഈസ്റ്റ് ഇന്ത്യ കമ്പനി മുഗള്‍ ചക്രവര്‍ത്തിയില്‍നിന്നും ബംഗാളിലെ വ്യാപാരക്കുത്തകക്കുള്ള അവകാശം സമ്പാദിച്ചതാണ് അധഃപതനത്തിന്റെ ആരംഭം. ചുങ്കം അടയ്ക്കാതെയുള്ള ഈ വ്യാപാരം അധികം താമസിയാതെ കമ്പനി ഉദ്യോഗസ്ഥരുടേയും ദല്ലാളുകളുടേയും അഴിമതിയുടെയും കള്ളക്കച്ചവടത്തിന്റെയും കൂത്തരങ്ങായിത്തീര്‍ന്നു. എതിരാളികളായിരുന്ന ഫ്രഞ്ചുകാരുടെ ആക്രമണത്തില്‍നിന്നും രക്ഷനേടാന്‍ അവര്‍ കൊല്‍ക്കത്തയെ സൈനികകേന്ദ്രമായി കോട്ട കെട്ടിയുറപ്പിച്ചു. നവാബിനെ ധിക്കരിച്ച ഇംഗ്ലീഷുകാരെ സിറാജുദൗളയുടെ ഭടന്മാര് തുറുങ്കിലടച്ചു. കുറേപ്പേര് ശ്വാസംമുട്ടി മരിച്ചു. അതിനുപകരം തീര്‍ക്കാന്‍ നടത്തിയ ബ്രിട്ടീഷുകാരുടെ പ്രത്യാക്രമണമായിരുന്നു 1757 ലെ പ്ലാസിയുദ്ധം. യുദ്ധത്തിനുശേഷം ക്ലൈവ് നടത്തിയ കൊള്ളയില്‍ അന്നത്തെ നിലക്ക് 35 ലക്ഷം പവന് വില വരുന്ന സ്വര്‍ണവും മറ്റുവസ്തുക്കളും ക്ലൈവും കൂട്ടരും സമ്പാദിച്ചു. 200 പത്തേമാരികളിലായി അവയുമായി ഗംഗാനദിയിലൂടെ അവര്‍ ഘോഷയാത്ര നടത്തി.
യുദ്ധച്ചെലവുകള്‍ക്കായി അന്നാരംഭിച്ച കൊള്ളകള്‍ ബംഗാളിനെ ദരിദ്രമാക്കി അഞ്ചുകൊല്ലംകൊണ്ട് ലോകത്തിലെ ഏറ്റവും സമ്പല്‍സമൃദ്ധമായിരുന്ന ബംഗാള്‍ ഭാരതത്തിലെ പരമദരിദ്ര രാജ്യമായി. നൂറ്റാണ്ടുകളായി ബംഗാളിലേക്കൊഴുകിയിരുന്ന സ്വര്‍ണവും വെള്ളിയും മറ്റു മൂല്യവസ്തുക്കളും അതിവേഗം ഇംഗ്ലണ്ടിലേക്ക് പോയിത്തുടങ്ങി. കയറ്റുമതിയുടെ പത്തിരട്ടിയായി ഇറക്കുമതി വര്‍ധിച്ചു. സമ്പത്തു മുഴുവന്‍ പുറത്തേക്കൊഴുകിയതോടെ സുവര്‍ണ ബംഗാള്‍ ദരിദ്രബംഗാളിയായിത്തീര്ന്നു. 1770 ല്‍ കാലവര്‍ഷം ചതിച്ചു. വിശാലമായ നെല്‍പ്പാടങ്ങള്‍ വറ്റിവരണ്ടു. കര്‍ഷകര്‍ വിത്തുകുത്തിയുണ്ടുതുടങ്ങി. എന്നാല്‍ പട്ടാളക്കാര്‍ക്കുവേണ്ടി സര്‍ക്കാര്‍ അതുകൂടി പിടിച്ചെടുത്തു. റവന്യൂ വരുമാനം കുറയുമെന്ന ആശങ്കയില്‍ നികുതി പിരിക്കാന്‍ ജനങ്ങളെ കൊള്ളയടിച്ചു. തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവും വലുതും ആദ്യത്തേതുമായ ക്ഷാമം ബംഗാളിനെ വിഴുങ്ങി. അവിഭക്ത ബംഗാളിലെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന്, (ഒരു കോടിപ്പേരെങ്കിലും) അതില്‍ മരണമടഞ്ഞു. ഹിന്ദുധര്മസ്ഥാപനങ്ങളും സെമീന്ദാരന്മാരും താരതമ്യേന നല്ല വിളവുണ്ടായ ബീഹാറില്‍നിന്നും കാശിയില്‍നിന്നും മറ്റും ധാന്യങ്ങള്‍ വാങ്ങി കപ്പലുകളില്‍ കയറ്റി നദീതീരങ്ങളില്‍ വിതരണം ചെയ്തു ദുരിതത്തിനറുതിവരുത്താന് ശ്രമിച്ചു. അതിനെയും കമ്പനിക്കാര് പിടിച്ചെടുത്തു.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മഴയുണ്ടായിട്ടും കൃഷി ചെയ്യാന്‍ കഴിയാതെ പാടങ്ങള്‍ നശിച്ചു. സുന്ദരവനം എന്നറിയപ്പെടുന്ന ഗംഗയുടെ ഡല്‍റ്റാ മേഖല മുഴുവന്‍ കാടുകയറിത്തുടങ്ങി. ഗ്രാമങ്ങളും ചെറുനഗരങ്ങളും അപ്രത്യക്ഷമായി. അവിടെ കിടന്നു മരിച്ചവരെ തിന്നു ശീലിച്ച കടുവകള്‍ സുന്ദരവനത്തില്‍ അതിവേഗം പെരുകി. തുടര്‍ന്ന് അഞ്ചും ആറും വര്‍ഷങ്ങള്‍ ഇടവിട്ട് ക്ഷാമം ബംഗാളിനെ ഗ്രസിച്ചു.
ബ്രിട്ടീഷുകാര്‍ ഭരണം പിടിച്ചടക്കുന്നതിനുമുമ്പ്, ബംഗാളില്‍ മാത്രം, യൂറോപ്പിലാകെയുണ്ടായിരുന്നതിനെക്കാള് വിദ്യാലയങ്ങളുണ്ടായിരുന്നത്രേ. സര്‍വവിദ്യകളും അവിടെനിന്ന് അഭ്യസിക്കാന്‍ കഴിയുമായിരുന്നു. ദക്ഷിണഭാരതത്തിലെ വിദ്യാഭ്യാസ രീതിയെ മദ്രാസ് സിസ്റ്റം ഓഫ് എഡ്യുക്കേഷന്‍ എന്ന പേരില്‍ ബ്രിട്ടനില്‍ നടപ്പാക്കിയെന്ന് പറയപ്പെടുന്നുണ്ട്. നാട്ടുവിദ്യാഭ്യാസ രീതികളും വ്യവസായങ്ങളും നശിപ്പിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയതും വ്യവസായവിപ്ലവത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ഭാരതത്തെ വിപണിയാക്കിയതും ഇക്കാലത്തായിരുന്നു. സമ്പല്‍സമൃദ്ധമായിരുന്ന ബംഗാളെന്ന മനോഹരവൃക്ഷത്തെ ബ്രിട്ടീഷുകാര്‍ കരിച്ചുണക്കിക്കളഞ്ഞതിനെ മഹാത്മാഗാന്ധി പരാമര്‍ശിക്കുന്നുണ്ട്.
ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരത്തിന്റെ മുന്‍പന്തിയിലും ബംഗാള്‍ ആയിരുന്നല്ലൊ. ബൗദ്ധിക ഭാരതത്തിന് ബംഗാള്‍ നേതൃത്വം നല്കി. എത്രയെത്ര പ്രഗത്ഭമതികളെയാണ് ബംഗാള്‍ ലോകത്തിന് സംഭാവന നല്‍കിയത്. രാമകൃഷ്ണപരമഹംസനും വിവേകാനന്ദനും ടാഗോറും ജെ.സി. ബോസും സത്യേന്ദ്രനാഥ ബോസും സുഭാഷചന്ദ്ര ബോസും അങ്ങനെ എണ്ണിയാല്‍ തീരാത്ത പ്രഗത്ഭര്‍ ആ ബംഗാളിനെ പഴയ സോനാര്‍ ബംഗളാസ്ഥാനത്തെത്തിക്കാന് അനുവദിക്കരുതെന്ന് ബ്രിട്ടീഷുകാര്‍ക്ക് നിര്‍ബന്ധമായിരുന്നു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ക്കിടയിലുള്ള കാലഘട്ടത്തില്‍ ബ്രിട്ടീഷ് നയത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖനായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഭാരതത്തിനെതിരെ നടത്തിയ രഹസ്യനീക്കങ്ങളെ മറമാറ്റുന്ന ഒരു ഗവേഷണ ഗ്രന്ഥം അടുത്തകാലത്ത് വായിക്കാനിടവന്നതില്നിന്നാണത്രയും വിവരിക്കാന്‍ അവസരമുണ്ടായത്.
രണ്ടുയുദ്ധങ്ങളിലും ഇംഗ്ലണ്ടിന്റെ ചെലവുകളില്‍ പ്രമുഖമായ പങ്ക് സാമ്രാജ്യഭരണം ഭാരതത്തെക്കൊണ്ടുവഹിപ്പിച്ചു. 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ നടമാടിയ ക്ഷാമങ്ങളുടെയും കോടിക്കണക്കിന് ജീവഹാനികളുടേയും പ്രധാനകാരണം അതുതന്നെയായിരുന്നു. അതോടൊപ്പം ദുരിതനിവാരണത്തിനായി സര്‍ക്കാര്‍ തലത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നതും നാട്ടിലെ ധര്‍മസ്ഥാപനങ്ങളും സ്വാതന്ത്ര്യസമരക്കാരും നടത്തിയ പരിശ്രമങ്ങള്‍ തടയാന്‍ നടപടിയെടുത്തു.
രണ്ടാം ലോകമഹായുദ്ധക്കാലത്തു പ്രധാനമന്ത്രിയായിരുന്ന വിന്സ്റ്റന് ചര്‍ച്ചില്‍ ഭാരതത്തെയും ഭാരതീയരെയും ഊറ്റിയെടുക്കാന്‍ എടുത്ത നടപടികളെ പ്രത്യേക ഗവേഷണ പഠനങ്ങള്‍ക്കു വിധേയയാക്കിയ മധുശ്രീ മുക്കര്‍ജിയാണ് അതേപ്പറ്റി വിശദവിവരങ്ങള്‍ നല്‍കുന്നത്. ചര്‍ച്ചില്‍, വൈസറായിമാരായിരുന്ന ലിന്‍ലിത്ഗോ, വേവല്‍, ഇന്ത്യാ സെക്രട്ടറി എമറി എന്നിവരുടെ എഴുത്തുകുത്തുകളും ഡയറിക്കുറിപ്പുകളും സര്‍ക്കാര്‍ രഹസ്യരേഖകളും പരിശോധിക്കാന്‍ അവസരം കിട്ടിയ മുഖര്‍ജി ചര്‍ച്ചില്‍ എത്ര നികൃഷ്ടജീവിയായാണ് ഗാന്ധിജിയെ കരുതിയത് എന്നതിന് തെളിവുകള്‍ നിരത്തുന്നുണ്ട്. അര്‍ദ്ധനഗ്നനായ ഫക്കീര്‍ എന്നതിനുപുറമെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തോടനുബന്ധിച്ച് ജയിലിലായിരുന്ന ഗാന്ധിജിയുടെ മടിയില്‍ കിടന്ന് കസ്തൂര്‍ബാ അന്ത്യശ്വാസം വലിച്ചപ്പോഴും 21 ദിവസത്തെ ഉപവാസം നടത്തിയ റിപ്പോര്‍ട്ടും വെറുപ്പും വിഷവും തുപ്പുന്ന വാക്കുകളേ ചര്‍ച്ചിലിനു പറയാനുണ്ടായിരുന്നുളളൂ. “ആ കിഴവന് ഗാന്ധി എന്തേ മരിച്ചില്ല?”
എന്നന്വേഷിച്ചുകൊണ്ട് ചര്‍ച്ചില്‍ വൈസറായിക്കു കമ്പിയടിച്ചതായി വേവല്‍ പ്രഭു ഡയറിയില്‍ കുറിച്ചിട്ടുണ്ട്. കസ്തൂര്‍ബായുടെ മരണത്തില്‍ അനുശോചിക്കാനും പ്രധാനമന്ത്രി തയ്യാറായില്ല. “അങ്ങേയറ്റത്തെ ദുഷ്ടശക്തിയാണയാള്, ഓരോ സിരാതന്തുവിലും നമ്മുടെ ശത്രു നാട്ടുകാരായ സ്ഥാപിതതാല്‍പ്പര്യങ്ങളുടെ പിണിയാള്‍ എന്നൊക്കെ പറഞ്ഞാണ് ഗാന്ധിജിയുമായി ഒരു ചര്‍ച്ചയും പാടില്ലെന്ന നിബന്ധനയോടെ അദ്ദേഹത്തെ മോചിപ്പിക്കാന്‍ ചര്‍ച്ചില്‍ വാര് കൗണ്‍സിലിലിന് അനുമതി നല്‍കിയത്.
യുദ്ധാരംഭത്തില്‍ തന്നെ, അതിന്റെ ചെലവുകള്‍ക്കായി വന്‍ ഭാരം ഭാരതത്തിനുമേല്‍ കെട്ടിവെക്കാന്‍ ചര്‍ച്ചില്‍ ഒരുങ്ങി. 1942 ല്‍ പെരുമഴയെത്തുടര്‍ന്നുണ്ടായ ദുരിതങ്ങള്‍ ഒരിക്കല്‍ കൂടി ബംഗാളിനെ ക്ഷാമത്തിലേക്ക് തള്ളിവിട്ടു. വമ്പിച്ച കൃഷി നാശം സംഭവിച്ചിട്ടും സര്‍ക്കാര്‍ ദുരിതാശ്വാസത്തിനെത്തിയില്ല. അതേസമയം, ഭാരതത്തില്‍നിന്നും ലക്ഷക്കണക്കിന് ടണ്‍ അരിയും ഭക്ഷ്യവസ്തുക്കളും തുണിയും സൈനികാവശ്യങ്ങള്‍ക്കായി യൂറോപ്പിലേക്ക് കൊണ്ടുപോയി. ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്കാവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ മുന്‍കൂട്ടി ശേഖരിച്ചു. ആസ്ട്രേലിയയില്‍നിന്നും അമേരിക്കയില്‍നിന്നും ഗോതമ്പ് വിമോചനാനന്തര യൂറോപ്പിന്റെ ആവശ്യങ്ങള്‍ക്കായി അയച്ചു. ബംഗാളില്‍ ലക്ഷക്കണക്കിനാളുകള്‍ ആഹാരവും വസ്ത്രങ്ങളും ലഭിക്കാതെ അലഞ്ഞുതിരിഞ്ഞു മരിച്ചുകൊണ്ടിരുന്നു. ഗ്രാമങ്ങളില്‍ നിന്നു നഗരങ്ങളിലേക്കുള്ള പലായന മധ്യേ കാട്ടുമൃഗങ്ങള്‍ കൊന്നും പട്ടിണി കിടന്നും മരിച്ച ആയിരക്കണക്കിന് സ്ത്രീ പുരുഷന്മാരുണ്ടായിരുന്നു ദേഹത്ത് ഒരു തുണ്ടു തുണിപോലുമില്ലാതെ.
യുദ്ധകാലത്തു ഭാരതം പത്ത് ലക്ഷം കിലോമീറ്റര്‍ തുണിത്തരങ്ങള്‍ ഉല്‍പ്പാദിപ്പിച്ചിരുന്നു. അതുകൊണ്ട് 41.5 കോടി സൈനിക യൂണിഫോമുകളുടെ വിവിധഭാഗങ്ങളും 20 ലക്ഷം പാരച്ചൂട്ടുകളും നിര്‍മിച്ചു. സാധാരണ ജനങ്ങള്‍ക്കുവേണ്ടി വളരെ കുറച്ചേ അനുവദിച്ചുള്ളൂ. കമ്പിളി ഉല്‍പ്പാദനം പൂര്‍ണമായും സൈനികാവശ്യങ്ങള്ക്കുപയോഗിച്ചു. ഒന്നരക്കോടി ജോടി ബൂട്ടുകളും 50ലക്ഷം ചെരുപ്പുകളും തുകല്‍ വ്യവസായത്തില്‍ നിന്നും പിടിച്ചെടുത്തു. ഓരോ മാസവും രണ്ടുലക്ഷം പാരച്യൂട്ടുകളാണ് സൈന്യത്തിനു നിര്‍മിച്ചു നല്കപ്പെട്ടത്.
ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഈ നിത്യോപയോഗസാധനങ്ങള്‍ക്ക് പൗരജനങ്ങള്‍ക്ക് മുന്‍ഗണന നല്കപ്പെട്ടപ്പോള് ഭാരതത്തിലെ ജനങ്ങള്‍ക്ക് പരിഗണനപോലും നല്കാന് ചര്‍ച്ചില്‍ അനുവദിച്ചില്ല. ബംഗാളില്‍ വരള്‍ച്ചയും ക്ഷാമവും മൂലം 32 ലക്ഷം ജനങ്ങളെങ്കിലും മൃതിയടഞ്ഞപ്പോള്‍ ഭാരതത്തിന്റെ ഭക്ഷ്യവിഹിതത്തില്‍ നിന്ന് മാസം 25000 ടണ്‍ വെച്ചു സിലോണിലേക്കയക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
ബ്രിട്ടീഷ് സാമ്രാജ്യത്തെ പിരിച്ചുവിടാനല്ല ഞാന്‍ ചക്രവര്‍ത്തി തിരുമനസ്സിലെ പ്രധാനമന്ത്രിയായത് എന്ന വാക്കില്‍ ഉറച്ചുനിന്നുകൊണ്ടു തന്നെയാണ് യുദ്ധാവസാനത്തില്‍ സ്ഥാനമൊഴിയുന്നതുവരെ ഭരിച്ചത്. ഭാരതീയരോട് വിശേഷിച്ചും ഹിന്ദുജനതയോട് വെറുപ്പും അവജ്ഞയും അറപ്പും നിറഞ്ഞതായിരുന്നു ചര്‍ച്ചിലിന്റെ ജീവിതകാല സമീപനമത്രയും. ഹിന്ദുസ്ഥാനിലെ ജനങ്ങളെ ലോകയുദ്ധത്തിന്റെ കെടുതികളില്‍ നിന്നും നമ്മുടെ ചെറുദ്വീപ് ചുമലിലേറ്റിയതുപോലെ ലോകത്തെ ഒരു വന്‍ ജനതയും ഫലപ്രദമായി സംരക്ഷിക്കപ്പെട്ടിട്ടില്ല” എന്നതിന്റെ പ്രസിദ്ധവും ആറ് വാല്യങ്ങളുളളതുമായ യുദ്ധചരിത്രത്തില്‍ പ്രസ്താവിക്കുന്നുണ്ട്. എന്നാല്‍ ആ ഗ്രന്ഥത്തിലൊരിടത്തും സംരക്ഷണത്തിന്റെ പരോക്ഷഫലമായി ബംഗാളിലുണ്ടായ 30 ലക്ഷത്തിലേറെപ്പേര്‍ മരിച്ച ക്ഷാമത്തെപ്പറ്റി പരാമര്‍ശം പോലുമില്ല. ഹിറ്റ്ലര്‍ തന്റെ വംശവെറി മൂത്ത് 30 ലക്ഷം യഹൂദരെ കൊല ചെയ്തെങ്കില്‍ താന്‍ നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരുന്ന ഹൈന്ദവരോടുള്ള വെറുപ്പുമൂലം 30 ലക്ഷം പേരുടെ മരണത്തിനിടവരുത്തിയ ചര്‍ച്ചിലിന്റെ മനോഭാവവും അതിലൊട്ടും കുറഞ്ഞതായി കരുതാനാവില്ല. ചര്‍ച്ചിലിന്റെ രാജ്യസ്നേഹ നിര്‍ഭരമായ ആഹ്വാനങ്ങള്‍ ധാരാളം ഉദ്ധരിക്കപ്പെടുന്നു. ഹിറ്റ്ലറുടേത് ഉദ്ധരിക്കാന്‍ ആളുകള്‍ക്ക് ഭയമാണ്. വെള്ളക്കാരന്റെ അഹന്ത നിറഞ്ഞ മനസ്സുതന്നെ ഇരുവര്‍ക്കും.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: