‘മരിച്ചവരൊന്നും നമ്മെ സംബന്ധിച്ച്
മരിച്ചവരല്ല, നമ്മളവരെ മറക്കുന്നതുവരെ’-വിഖ്യാത സാഹിത്യകാരന് ജോര്‍ജ് എലിയറ്റിന്റെ ഈ വരികളിലൂടെ നമുക്ക് ആ പ്രതിഭയുടെ സ്മരണകളിലേക്കു സഞ്ചരിക്കാം. ഒരു മിന്നല്‍പ്പിണറായി നമ്മുടെ കണ്ണുകളെ വിസ്മയിപ്പിച്ചവന്.. ഓര്‍മ്മകളില്‍ ഒരു കാറിന്റെ മൂളിപ്പാച്ചില്‍ അവശേഷിപ്പിച്ച് വിധിയുടെ വളവില്‍വച്ച് നമ്മോടു യാത്ര ചൊല്ലിയകന്നവന്, അയര്‍ട്ടന്‍ സെന്ന. കാല്പ്പന്തുകളങ്ങളോടു ഹൃദയംചേര്‍ത്ത ബ്രസീലിയന്‍ ജനതയെ കാറോട്ടത്തിന്റെ ലഹരിയിലേക്ക് വലിച്ചടിപ്പിച്ചത് സെന്നയിലെ അതിസാഹസികനായിരുന്നു. ബ്രസീലുകാര്‍ക്ക് സെന്ന ഒരു പക്ഷേ പെലെയ്ക്കൊപ്പം നില്ക്കുന്ന ഹീറോ തന്നെ. സെന്നയുടെ റേസ് വിജയങ്ങളുടെ വാര്‍ത്തകളിലേക്കാണ് സാവോപോളോയും റിയോ ഡീ ജനിറോയും ബ്രസീലിയയുമൊക്കെ ഒരുകാലത്ത് മിഴിതുറന്നിരുന്നത്. ഒടുവില്‍ സാന്‍ മാരിനോയിലെ ട്രാക്കില്‍ സെന്ന രക്തപുഷ്പമായ നിമിഷം അങ്ങകലെ ബ്രസീലിയന്‍ തെരുവുകളില്‍ മാരക്കാന ദുരന്ത ദിനത്തിലെന്നപോലെ കണ്ണീര്‍മുത്തുകള്‍ തോരാതെ പെയ്തിറങ്ങി. ആ നൊമ്പരത്തുള്ളികള്ക്ക് വരുന്ന തൊഴിലാളി ദിനത്തില്‍ വയസ് 20. 1994 മെയ് 1 നാണ,് ഫോര്‍മുലാവണ്‍ ചരിത്രത്തിലെ ഇതിഹാസ താരങ്ങളിലൊരാളായ അയര്‍ട്ടന്‍ സെന്ന വേഗവും ദൂരവും കാലവുമൊന്നും അളന്നുമുറിക്കാനാവാത്ത മരണത്തിന്റെ ലോകത്തേക്ക് കാറോടിച്ചു പോയത്.
ഇറ്റാലിയന്‍ നഗരം ഇമോളയില്‍ മൃത്യു ചെക്കേഡ് ഫ്ലാഗുമായി കാത്തുനില്‍പ്പുണ്ടായിരുന്നു. സീസണലിലെ മൂന്നാമത്തെ ഗ്രാന്‍ഡ് പ്രീയായിരുന്നു സാന്‍ മാരിനോയിലേത്. മക്ലാരന്റെ കുപ്പായത്തില്‍ മൂന്നുതവണ ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പ് ഉയര്‍ത്തിയ സെന്ന അത്തവണ വളയംപിടിച്ചത് വില്യംസിനുവേണ്ടിയും. ബ്രസീലിലും ജപ്പാനിലുമായി നടന്ന ആദ്യ രണ്ടു റേസുകളിലും ബെനറ്റന്റെ പുതുമുഖം മൈക്കല്‍ ഷൂമാക്കര്‍ വെന്നിക്കൊടി പാറിച്ചപ്പോള്‍ സെന്നയിലെ ചാംപ്യന്‍ സാന്‍ മാരിനോയിലെ വേഗപ്പന്തയം അഭിമാനപ്രശ്നത്തിന്റെതായി. ഷൂമാക്കറെ കടത്തിവെട്ടാന്‍ മാനസികമായി നല്ല തയ്യാറെടുപ്പു തന്നെ സെന്ന നടത്തി. പക്ഷേ, ഇമോളയിലെ കാഴ്ച്ചകള്‍ നെഞ്ചു നീറ്റിക്കളഞ്ഞു. സെന്നയുടെ സ്വന്തം നാട്ടുകാരനായ യുവതാരം റൂബെന്‍സ് ബാരിക്കെല്ലോ പരിശീലനത്തിനിടെ മരണത്തിന്റെ പിടിയില്‍ നിന്ന് അത്ഭുതകരമായാണ് കുതറിമാറിയത്. ട്രാക്കിനരികിലെ നടപ്പാതയിലിടിച്ച് ബാരിക്കെല്ലോയുടെ കാര്‍ വായുവിലേക്ക് എടുത്തെറിയപ്പെട്ടു. പക്ഷേ, ടയര്‍വാള്‍ താരത്തിന്റെ രക്ഷയ്ക്കെത്തി. മൂക്കും കൈയും പൊട്ടി അബോധാവസ്ഥയിലായ ബാരിക്കെല്ലോയെ മെഡിക്കല്‍ ടീമിന്റെ സമയോചിത ഇടപെടല്‍ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നു. മൃതിയുടെ ദേവത കുരുതികള്‍ക്ക് ദാഹിച്ചു നില്‍ക്കുന്നത് അപ്പോഴും ആരുമറിഞ്ഞില്ല. യോഗ്യതാ റൗണ്ടില്‍ സിംടെക്കിന്റെ ഓസ്ട്രിയന്‍ ഡ്രൈവര്‍ റോളന്റ് റാറ്റ്സെന്‍ബെര്‍ഗറുടെ കാര്‍ കോണ്‍ക്രീറ്റ് മതിലില്‍ ഇടിച്ചു ചിതറി, അരങ്ങേറ്റക്കാരന്റെ ജീവന് അവിടെ പിടഞ്ഞുതീര്‍ന്നു.
ടീം വില്യംസിന്റെ ഗ്യാരേജില്‍ നിന്നകന്ന സെന്ന ഏകാന്തതയുടെ കവചമണിഞ്ഞത് പിന്നത്തെ കാഴ്ച്ച. റാറ്റ്സെന്‍ബെര്‍ഗറുടെ വിയോഗം സെന്നയെ ആകെ തളര്‍ത്തി. പലപ്പോഴും അദ്ദേഹം വിതുമ്പിക്കരഞ്ഞു. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം സെന്ന ദുര്ബലനാണെന്നു തോന്നി. സമ്മര്‍ദ്ദത്തിന്റെ അചലാഗ്രങ്ങളില് അടിപതറിയിട്ടില്ലാത്ത ആ പ്രതിഭാശാലി പരാജിതനെപ്പോലെ തലകുനിച്ചിരുന്നു. റാറ്റ്സെന്‍ബെര്‍ഗര്‍ മരിച്ചുവീണയിടത്തില് സേഫ്റ്റി കാറിലേറി സെന്ന പരിശോധന നടത്തിയിരുന്നു. അതിനേറെ ശാസനകേട്ടു; സ്നേഹമുള്ളവരുടെ ശകാരവും. എഫ് വണ്‍ അധികൃതരെ കണ്ട് സുരക്ഷാ സംവിധാനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാനും ഗ്രാന്‍ഡ് പ്രീ ഡ്രൈവര്‍മാരുടെ സംഘടനയെ പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് സഹഡ്രൈവര്‍ അലൈന്‍ പ്രോസ്റ്റുമായി കൂടിയാലോചിക്കാനും സെന്ന മറന്നില്ല. റാറ്റ്സെന്ബെര്ഗറിന്റെ ഗതി ഇനിയാര്‍ക്കും വരരുതെന്ന് അദ്ദേഹത്തിന് വാശിയുണ്ടായിരുന്നു.
ക്വാളിഫൈയിങ് റൗണ്ടില്‍ വളയം പിടിക്കാന്‍ ഇനി താനില്ലെന്നായി സെന്നയുടെ അടുത്ത പ്രഖ്യാപനം. അയോഗ്യനാക്കപ്പെടുമെന്ന സഹപ്രവര്‍ത്തകരുടെ ഓര്‍മ്മപ്പെടുത്തലിനൊന്നും സെന്ന വഴങ്ങിയില്ല. പിന്നാലെ ഇന്നത്തേക്കു ഡ്രൈവര്‍മാര്‍ പുറത്തിറങ്ങേണ്ടതില്ലെന്ന് അറിയിപ്പുവന്നു. സ്റ്റിയറിങ് തൊടില്ലെന്ന സെന്നയുടെ കടുംപിടിത്തമാണ് നിയമങ്ങള്‍ മാറ്റാന്‍ എഫ് വണ്‍ അധികൃതരെ പ്രേരിപ്പിച്ചത്. അന്നു രാത്രി കാമുകി അഡ്രിയാനെ ഗാലിസ്റ്റുവുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയും റേസിനില്ലെന്ന് സെന്ന ആവര്‍ത്തിച്ചു. എന്നാല്‍ സുഹൃത്തുകള്‍ക്കൊപ്പം അത്താഴം കഴിച്ചുവന്ന സെന്നയ്ക്കുണ്ടായ മാറ്റം ഏവരെയും അത്ഭുതപ്പെടുത്തി. ഭീതിയുടെ, വേദനയുടെ ധൂളികളെ സെന്നയിലെ നിര്‍ഭയനായ പോരാളി കുടഞ്ഞെറിഞ്ഞു. ടീം മേധാവി ഫ്രാങ്ക് വില്യംസിനെ വിളിച്ച് സെന്ന ഇങ്ങനെ പറഞ്ഞു’ കൂടുതല്‍ ശാന്തത തോന്നുന്നു. ഞാന്‍ റേസിനുണ്ട്’., മരണത്തിന് കൈകൊടുത്ത നിമിഷം. പിറ്റേന്നു പ്രഭാതത്തില്‍ ഷൂമാക്കറെ പിന്തള്ളി സെന്ന പോള്‍ പൊസിഷന്‍ സ്വന്തമാക്കി. ഡ്രൈവര്‍മാരുടെ സംഗമത്തില്‍ ഏവരും റാറ്റ്സെന്‍ബെര്‍ഗറുടെ വിധിവൈപരീത്യത്തെക്കുറിച്ചാണ് സംസാരിച്ചത്. സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് എല്ലാവരും ഒരേസ്വരത്തില്‍ അഭിപ്രായപ്പെട്ടു. ഗ്രാന്‍ഡ് പ്രീ ഡ്രൈവേഴ്സ് അസോസിയേഷന്റെ രൂപീകരണത്തില്‍ അതു കലാശിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ ഏറ്റവും സീനിയര്‍ ഡ്രൈവറായ സെന്ന സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.
ഡ്രൈവര്‍മാരുടെ ആകുലതകള്‍ അടിവരയിട്ട് അത്യാഹിതങ്ങളോടെ സാന്‍ മാരിനോയിലെ ചോരയുടെ മണമുള്ള കാറോട്ടത്തിന് കൊടിവീശപ്പെട്ടു. ഒന്നാം ലാപ്പില്‍ ലെതോയുടെ ബെന്നറ്റനും പെട്രോ ലാമിയുടെ ലോട്ടസും കൂട്ടിമുട്ടി. ലാമിയുടെ കാറിന്റെ വലതു വീല്‍ കാണികള്‍ക്കിടയിലേക്ക് തെറിച്ചുവീണു. ഒരു പോലീസുകാരനടക്കം അഞ്ചുപേര്‍ മുറിവേറ്റു നീറി. ലാമിക്ക് കുഴപ്പമൊന്നുമുണ്ടായില്ല; ലെതോയുടെ കൈയ്ക്ക് ചെറിയ പരിക്കേറ്റു. അപ്പോള്‍ ഷൂമാക്കറെ പിന്തള്ളി സെന്ന മൂളിപ്പറക്കുകയായിരുന്നു. ബെര്‍ജറും ഡാമെന്‍ ഹില്ലും ഫ്രെന്റ്സെനും ഹക്കിനനുമെല്ലാം ഷൂമിക്ക് പിന്നാലെയും. അഞ്ചാം ലാപ്പില്‍ വച്ച് ഷൂമാക്കറുമായുള്ള അന്തരം വര്‍ധിപ്പിക്കാന്‍ സെന്ന അപാരവേഗതയില്‍ പാഞ്ഞു. ഏഴാം ലാപ്പില്‍ സെന്നയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ട്രാക്കില്‍ നിന്ന് തെന്നിമാറിയ കാര്‍ കോണ്‍ക്രീറ്റ് ചുമരില്‍ ഇടിച്ചുകയറി. മുന്‍ ചക്രങ്ങള്‍ ഇളകി സെന്നയുടെ തലയ്ക്കടിച്ചു. സെന്ന നിശ്ചലനായി. നിമിഷങ്ങള്‍ക്കകം ഫോര്‍മുലാവണ്‍ ഡോക്റ്റര്‍ സിഡ് വാറ്റ്കിന്‍സ് പ്രിയതാരത്തെ പരിചരിക്കാനെത്തി.
സെന്നയുടെ തല അനങ്ങുന്നതായി ഹെലികോപ്റ്ററില്‍ നിന്നു കിട്ടിയ ദൃശ്യങ്ങളില്‍ വ്യക്തമായി; പ്രതീക്ഷയുടെ ഒരു ചെറുനാളം തെളിഞ്ഞു. അധികംവൈകാതെ സെന്നയെ വായുമാര്‍ഗം ബൊളോഗ്നയിലെ മാഗിയോര്‍ ആശുപത്രിയിലെത്തിച്ചു. സെന്നയുടെ മുറിവിന്റെ ആഴത്തെപ്പറ്റി അധികമാര്‍ക്കും വലിയ ധാരണയുണ്ടായിരുന്നില്ല, മനസാക്ഷി സൂക്ഷിപ്പുകാരിയായ ബെറ്റിസെ അസുപാക്കയ്ക്കുപോലും. പൊടിപടലങ്ങളില്‍ മൂടിയ കാറില്‍ നിന്നിറങ്ങിയ സെന്ന ക്ഷോഭത്തോടെ എന്‍ജിനെയും ടയറിനെയും കാറിനെത്തന്നെയും ശപിച്ചു കരകയറുമെന്നാണ് അവര്‍ വിചാരിച്ചത്. സെന്നയ്ക്കു ചുറ്റും മെഡിക്കല്‍ ടീം വലയം ചെയ്തപ്പോഴും അദ്ദേഹം മരിച്ചെന്ന് ആരും കരുതിയില്ല. സെന്നയുടെ തല ചലിച്ചതായും ജീവനുള്ളതായും ചിലര്‍ അടക്കം പറഞ്ഞു.
ഒടുവില്‍ ആ കറുത്ത സായാഹ്നത്തില്‍, ഫോര്‍മുലാവണ്‍ ട്രാക്കില്‍ തീക്കനല്‍ തീര്‍ക്കാന്‍ സെന്ന ഇനിയില്ലെന്ന വാര്‍ത്ത ലോകം അശ്രുബിന്ദുക്കളോടെ കേട്ടുനിന്നു. സെന്നയുടെ കാറില്‍ നിന്ന് ഒരു ഓസ്ട്രിയന്‍ പതാക കണ്ടെടുക്കുകയുണ്ടായി. റേസ് വിജയത്തിനുശേഷം റാറ്റ്സെന്ബര്ഗറെ ആദരിക്കാന്‍വേണ്ടി കരുതിവെച്ചതായിരുന്നു അത്. സെന്ന മരണത്തെപ്പുല്കിയ റേസില്‍ ഷൂമാക്കര്‍ ഒന്നാമനായി. ജീവിച്ചിരുന്നെങ്കില്‍ റേസിങ് ട്രാക്കില്‍ ഷൂമാക്കറുടെ നിതാന്ത വൈരിയായേനെ സെന്ന; എന്നെന്നും മനസില്‍ തങ്ങുന്ന ഷൂമി- സെന്ന പോരാട്ടങ്ങളും ഏറെ പിറവിയെടുത്തേനെ. എന്നാല്‍ സെന്നയുടെ അകാല വിയോഗം കായിക പ്രേമികള്‍ക്ക് അതിനുള്ള അവസരം നഷ്ടപ്പെടുത്തി. മറ്റൊരപകടത്തിന് ഇരയായ ഷൂമാക്കര്‍ മരണത്തിനും ജീവിതത്തിനുമിടയില്‍ അകപ്പെട്ടതും വിധിയുടെ ചൂതാട്ടത്തിന്റെ ദൃഷ്ടാന്തം. ഫോര്‍മുലാവണ്‍ പുതിയ പച്ചപ്പുകള്‍ തേടിപ്പോയപ്പോള്‍ സാന്‍ മാരിനോയിലെ സര്‍ക്യൂട്ടും മായ്ക്കപ്പെട്ടു. എങ്കിലും സെന്നയുടെ സ്മരണകളുടെ ശകടങ്ങള്‍ അവിടെ ഇന്നും ചെക്കേഡ് ഫ്ലാഗ് തേടിപ്പായുന്നുണ്ട്.
എസ്.പി. വിനോദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: