കൊച്ചി: സ്ത്രീ ശാക്തീകരണത്തിന്റെ പേരുപറഞ്ഞ് ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്കഗാന്ധി നടത്തിയ തരംതാണ വിമര്‍ശനം കോണ്‍ഗ്രസിന് തിരിച്ചടിയാവുന്നു. കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെട്ട സ്ത്രീപീഡനക്കേസുകള്‍ പ്രിയങ്കയുടെ മോദിവിമര്ശനത്തോടെ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
യൂത്ത് കോണ്‍ഗ്രസ് നേതാവും ദല്‍ഹിയിലെ കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്ന സുശീല്‍ ശര്‍മ്മയുടെ ഭാര്യ നൈനാ സാഹ്നിയെ കൊന്ന് മൃതദേഹം തുണ്ടം തുണ്ടമാക്കി തന്തൂരി അടുപ്പിലിട്ട് വേവിച്ചിരുന്നു. സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ നമ്പര്‍ 10 ജന്പഥില്നനിന്ന് നടന്നെത്താവുന്ന ദൂരം മാത്രമാണ് നൈനയുടെ മൃതദേഹം ചുട്ടെരിച്ച ഹോട്ടലിലേക്കുള്ളത്.
രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന മഹിപാല്‍ മദേര്‍ന നഴ്സായിരുന്ന ബന്‍വാരി ദേവിയെ ലൈംഗികമായി ചൂഷണം ചെയ്തശേഷം കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയാണ്. കേസ് അന്വേഷണം അട്ടിമറിച്ച് മദേര്നയെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ഗെഹ്ലോട്ട് ശ്രമിച്ചത്.
താനുമായി അവിഹിതബന്ധമുണ്ടായിരുന്ന ജ്യോതി എന്ന യുവതിയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ രാംകുമാര്‍ ചൗധരി അറസ്റ്റിലാവുകയുണ്ടായി. യുവതി താഴ്ന്നജാതിയിലുള്ളവളാണെന്ന് പറഞ്ഞാണ് ചൗധരി അവരെ തിരസ്കരിച്ചതും കൊലപ്പെടുത്തിയതും. കല്പ്പനാഗിരി എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ മഹാരാഷ്ട്രയിലെ ലാത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മഹേന്ദ്ര വിക്രംസിംഗ് ചവാന്, സമീര്‍ കില്ലാരികര് എന്നിവര്‍ അറസ്റ്റിലാവുകയുണ്ടായി. കല്പ്പനാഗിരിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം തടാകത്തില്‍ തള്ളുകയായിരുന്നു.
ചില സ്ത്രീകളുമായി രാജ്ഭവനില്‍ അവിഹിതബന്ധം പുലര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് ആന്ധ്ര ഗവര്‍ണര്‍സ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് നേതാവ് എന്‍.ഡി. തിവാരി രാജിവെക്കേണ്ടിവന്നത്. മറ്റൊരു സ്ത്രീയില്‍ തനിക്കുണ്ടായ മകനെ നീണ്ട നിയമയുദ്ധത്തിനുശേഷമാണ് യുപി മുഖ്യമന്ത്രികൂടിയായിരുന്ന തിവാരി അംഗീകരിച്ചത്.
ഒരു മജിസ്ട്രേറ്റുമായി അവിഹിതവേഴ്ചയില്‍ ഏര്‍പ്പെടുന്ന ദൃശ്യം പുറത്തായതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവായ അഭിഷേക് സിംഘ്വിക്ക് പാര്‍ട്ടി വക്താവ്സ്ഥാനത്തുനിന്ന് മാറിനില്‍ക്കേണ്ടിവന്നു.
പ്രിയങ്കയുടെ മോദി വിമര്‍ശനത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഈ സംഭവങ്ങളൊക്കെ വീണ്ടും ചര്‍ച്ചയാവുന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: