കണ്ണൂര്‍: സിഎംപി ഭരണത്തിലുളള സഹകരണ സംഘങ്ങള്‍ ഒന്നൊന്നായി ജോണ്‍ വിഭാഗത്തിന്റെ കൈകളിലേക്ക്. എല്‍ഡിഎഫിനൊപ്പം പോയ വിമതര്‍ക്കും സിപിഎമ്മിനും ഇത് കനത്ത തിരിച്ചടിയാകുന്നു. ഒരാഴ്ചയ്ക്കുളളില്‍ ജില്ലയിലെ നാല് സഹകരണ സ്ഥാപനങ്ങളുടെ തലപ്പത്തുളള അരവിന്ദാക്ഷന് വിഭാഗം നേതാക്കള്‍ക്കാണ് സ്ഥാനം നഷ്ടപ്പെട്ടത്. പരിയാരം അര്‍ബന്‍ സൊസൈറ്റി പ്രസിഡന്റ് സ്ഥാനം എം.വി.രാഘവന്റെ മകളുടെ ഭര്‍ത്താവ് പ്രൊഫ.ഇ.കുഞ്ഞിരാമന് അവിശ്വസത്തിലെ പരാജയം മുന്‍കൂട്ടി കണ്ട് സ്വയം രാജിവെയ്ക്കുകയായിരുന്നുവെങ്കില് ജില്ലയിലെ മറ്റ് മൂന്ന് സംഘങ്ങളുടെ പ്രസിഡന്റ് സ്ഥാനങ്ങളില്‍ നിന്ന് അരവിന്ദാക്ഷന് വിഭാഗം നേതാക്കളെ അവിശ്വാസത്തിലൂടെ പുറത്താക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് കഴിഞ്ഞ മാസം സിഎംപി ഔദ്യോഗികമായി പിളരുന്നതിനു മുമ്പ് തന്നെ പാര്‍ട്ടിയുടെ ആസ്തി ബാധ്യതകളും പാര്‍ട്ടിയുടെ കയ്യിലുളള സഹകരണ സ്ഥാപനങ്ങളും കൈവശപ്പെടുത്തുന്നതിനുളള നീക്കങ്ങള്‍ ഇരു വിഭാഗങ്ങളുംശക്തമാക്കിയിരുന്നു. പാപ്പിനിശ്ശേരി വിഷ ചികിത്സ കേന്ദ്രമുള്പ്പെടെയുളള ജോണ്‍ വിഭാഗത്തിന്റെ കൈവശമുളള സ്ഥാപനങ്ങള്‍ക്ക് ഭരണത്തിന്റെ മറവില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.പിളര്‍ന്ന ദിവസം തന്നെ സംസ്ഥാന കമ്മിറ്റി ഓഫീസും കണ്ണൂര്‍ നഗരത്തിലുളള സിഎംപിയുടെ ജില്ലാ ആസ്ഥാനം സ്ഥിതി ചെയ്ത കെട്ടിടവും സിപിഎമ്മിന്റെ സഹായത്തോടെ അക്രമത്തിലൂടെ അരവിന്ദാക്ഷന് വിഭാഗം പിടിച്ചെടുത്തിരുന്നു. കണ്ണൂരിലെ ഓഫീസ് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസായി മാറ്റുകയും ചെയ്തു. ആലക്കോട് അര്‍ബന്‍ സൊസൈറ്റി, തളിപ്പറമ്പ് അര്‍ബന്‍ സൊസൈറ്റി, പരിയാരം മെഡിക്കല്‍ കോളേജ് സെന്റര്‍ അര്‍ബന്‍ സൊസൈറ്റി, മട്ടന്നൂര്‍ സഹകരണ അര്‍ബന്‍ സൊസൈറ്റി തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് സ്ഥാനങ്ങളില്‍ നിന്നാണ് അരവിന്ദാക്ഷന് വിഭാഗം നേതാക്കള്‍ അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ടിരിക്കുന്നത്.
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: