ആലപ്പുഴ: മുസ്ലിം പള്ളികളിലെ ഇമാമുമാരില്‍ ബംഗാള്‍ അടക്കമുള്ള അന്യസംസ്ഥാനക്കാര്‍ വര്‍ധിക്കുന്നത് തുച്ഛമായ വേതനം നല്‍കുന്നതിനാലാണെന്ന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ.എ.പൂക്കുഞ്ഞ് പറഞ്ഞു.
‘കേരളത്തില്‍ ബംഗാളി ഇമാമുമാര്‍’ എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പള്ളികളിലെ ജീവനക്കാര്‍ക്ക് ശമ്പളം ഏകീകരണമില്ല. അതത് മഹല്ലുകളിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് പള്ളി കമ്മറ്റികള്‍ ശമ്പളം നിശ്ചയിക്കുന്ന അവസ്ഥയാണുള്ളത്. വേതനം കുറവായതിനാല്‍ യുവതലമുറ ഈ മേഖലയിലേക്ക് കടന്നുവരാന്‍ മടിക്കുകയാണ്. ഇത്തരം വിഷയങ്ങള്‍ ശ്രദ്ധിക്കേണ്ട വഖഫ് ബോര്‍ഡ് നോക്കുകുത്തിയായി മാറി. പള്ളികളെ എ, ബി, സി ഗ്രേഡുകളാക്കി തിരിച്ച് വേതനം നിശ്ചയിക്കണമെന്ന് സുപ്രീം കോടതി, വഖഫ് ബോര്‍ഡിന് നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും പൂക്കുഞ്ഞ് പറഞ്ഞു.
എന്നാല്‍ അന്യസംസ്ഥാനക്കാര്‍ കേരളത്തിലെ മുസ്ലിം പള്ളികളില്‍ ജോലി ചെയ്യുന്നത് സംബന്ധിച്ച് യാതൊരു വിവരവും തങ്ങളുടെ പക്കലില്ലെന്ന് പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇവരുടെ വിവരങ്ങള്‍ എങ്ങനെ ശേഖരിക്കുമെന്നറിയാതെ കുഴങ്ങുകയാണ് പോലീസ്. പള്ളികളില്‍ അന്യസംസ്ഥാനക്കാരുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കുന്നതും രഹസ്യ നിരീക്ഷണം ഏര്‍പ്പെടുത്തുന്നതും കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമോയെന്ന ആശങ്കയും പോലീസിനുണ്ട്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു ജോലികള്‍ക്കും എത്തിക്കുന്ന അന്യസംസ്ഥാനക്കാരുടെ വിവരങ്ങള്‍ പോലീസില്‍ അറിയിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പള്ളികളില്‍ ജീവനക്കാരായെത്തുന്നവരുടെ യാതൊരു വിവരങ്ങളും പോലീസിന് നല്‍കാറില്ല. ഇവരുടെ വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ പോലീസ് തയാറാകാറുമില്ല. ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരടക്കമുള്ളവര് കേരളം താവളമാക്കുന്നതായി വ്യക്തമായ സാഹചര്യത്തില്‍ മുഴുവന്‍ അന്യസംസ്ഥാനക്കാരുടെയും വിശദാംശങ്ങള്‍ അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ അലംഭാവം കാട്ടുന്നു.അതിനിടെ യുഡിഎഫിലെയും മുസ്ലിം ലീഗിലെയും ഭിന്നത മൂലം വഖഫ് ബോര്‍ഡ് പുനസംഘടന വൈകുന്നതും വഖഫ് സ്ഥാപനങ്ങളുടെയും പള്ളികളുടെയും ഭരണത്തെ ബാധിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: