തിരുവനന്തപുരം: സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങള്‍ മുതല്‍ ഉന്നതതല തീരുമാനം ആവശ്യമായ വികസന പദ്ധതികളുടെ വരെ നാലുലക്ഷത്തോളം ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്നു. സെക്രട്ടറിയേറ്റില്‍ ലഭിക്കുന്ന ഫയലുകളില്‍ ഉദ്യോഗസ്ഥര്‍ തീര്‍പ്പാക്കുന്നത് നാമമാത്രമായവ മാത്രം.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്ക് ചര്‍ച്ചയ്ക്കുവന്നു. നൂറു ദിവസത്തിനുള്ളില്‍ ഫയലുകള്‍ തീര്‍പ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തെങ്കിലും ഫയല്‍ തീര്‍പ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്നാണ് അറിയുന്നത്. ഇത്രയധികം ഫയലുകള്‍ ഭരണ സിരാകേന്ദ്രത്തില്‍ കെട്ടിക്കിടക്കുന്നത് ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഈ വര്‍ഷം ഫെബ്രുവരിവരെ സെക്രട്ടറിയേറ്റില്‍ 2,30,711 ഫയലുകള്‍ ലഭിച്ചതില്‍ 56,878 ഫയലുകള്‍ മാത്രമാണ് തീര്‍പ്പാക്കിയത, 25 ശതമാനം. 1,73,833 എണ്ണത്തില്‍ തീരുമാനം നീളുകയാണ്. ഇതിനു പുറമേയാണ് വിവിധ വകുപ്പ് തലവന്മാരുടെ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍. വകുപ്പദ്ധ്യക്ഷന്മാരുടെ മുന്നില്‍ 2,55,862 ഫയലുകളാണ് ഈ വര്‍ഷം ഫെബ്രുവരി വരെ എത്തിയത്. അതില്‍ 41,225 എണ്ണത്തില്‍ മാത്രമാണ് തീരുമാനമെടുത്തത്. 2,14,637 ഫയലുകള്‍ തീര്‍പ്പാക്കാനുണ്ട്.
ഫയല്‍ കെട്ടിക്കിടക്കുന്നത് ഗുരുതരമായ ഭരണ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ക്യാബിനറ്റ് തീരുമാനങ്ങള്‍ വിശദീകരിച്ച മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. മൂന്നു കൊല്ലത്തിലധികമായി കെട്ടിക്കിടക്കുന്ന ഫയലുകളും ഇക്കൂട്ടത്തിലുണ്ട്.
മൂന്നു വര്‍ഷത്തിലധികമായി കെട്ടിക്കിടക്കുന്ന ഓരോ ഫയലിലും നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും മന്ദീഭവിപ്പിക്കാനുമുദ്ദേശിച്ച് ജീവനക്കാര്‍ മനപ്പൂര്‍വ്വമായി ഫയലുകള്‍ക്കു മുകളില്‍ അടയിരിക്കുകയാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തലെങ്കിലും അതു പുറത്തു പറയുന്നില്ല. പ്രതിപക്ഷ ആഭിമുഖ്യമുള്ള ജീവനക്കാര്‍ മനപ്പൂര്‍വ്വമായി നികുതി പിരിവില്‍ അലംഭാവം കാട്ടി സര്‍ക്കാരിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ഇപ്പോള്‍ ഫയല്‍ തീര്‍പ്പാക്കുന്നതിലും വേഗം കുറച്ചിരിക്കുന്നത്.
സെക്രട്ടറിയേറ്റില്‍ ഭരണ പ്രതിസന്ധി സൃഷ്ടിക്കാന്‍ ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ സാധിക്കും. ഇപ്പോള്‍ സെക്രട്ടറിയേറ്റില്‍ നടന്നുകൊണ്ടിരിക്കുന്നത് അതാണെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: