കൊച്ചി: എംജി യൂണിവേഴ്സിറ്റി കലോത്സവത്തിന് താരത്തിളക്കത്തോടെ കൊച്ചിയില്‍ തുടക്കം. ചലച്ചിത്ര താരം മമ്മൂട്ടി തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തതോടെയാണ് കേളി 2014 ന് ആരംഭംകുറിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ ഹൈക്കോര്‍ട്ടില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര അഞ്ചുമണിയോടെ ദര്‍ബാര്‍ഹാളില്‍ എത്തി.
കടുവകളിയും, തെയ്യവും, കാവടിയും ഘോഷയാത്രക്ക് കൊഴുപ്പേകിയെങ്കിലും ഘോഷയാത്രയില്‍ വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യം കുറഞ്ഞത് ശ്രദ്ധേയമായി. 5.30ഓടെ മമ്മൂട്ടി വേദിയിലേക്ക് എത്തിയതോടെയാണ് ആഘോഷങ്ങളില്‍ ആരവം കണ്ടുതുടങ്ങിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കേണ്ടിവന്നതിന്റെ പോരായ്മകള്‍ എല്ലായിടത്തും നിഴലിക്കുന്നുണ്ടായിരുന്നു. 23 മുതല്‍ 27 വരെയാണ് കലോത്സവം.
അഞ്ച് വേദികളിലാണ് മത്സരം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിങ് യന്ത്രവും മറ്റും സൂക്ഷിച്ചിരിക്കുന്നതിനാല്‍ ഇക്കുറി പ്രധാന വേദിയായി മഹാരാജാസ് കോളേജ് ഉണ്ടാവില്ല. കേളി 2014 ന്റെ സ്വാഗതം സംഘം ഓഫീസ് മാത്രമാണ് മഹാരാജാസ് കോളേജിലുള്ളത്. ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ട് (നെല്‍സണ്‍ മണ്ടേല ഗൗണ്ട്) ആണ് പ്രധാനവേദി. മഹാരാജാസ് കോളേജ് ഗ്രൗണ്ട് (സുകുമാരിയമ്മ നഗര്‍), സെന്റ് തെരേസാസ് ഓഡിറ്റോറിയം (സുകുമാര്‍ അഴീക്കോട് നഗര്‍), മഹാകവി ജി ഓഡിറ്റോറിയം (മാര്‍ക്ക്വേസ് നഗര്‍), ലോ കോളേജ് (തിലകന് നഗര്‍), ലോ കോളേജ് (സി.എന്‍.കരുണാകരന് നഗര്‍) എന്നിവയാണ് മറ്റു വേദികള്‍. സര്‍വകലാശാല യൂണിയന് ചെയര്‍പേഴ്സണ്‍ അശ്വതി.പി.റ്റി അദ്ധ്യക്ഷത വഹിച്ചു. പി.രാജീവ്.എം.പി, എംജി യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍, കെ.ആര്.വിശ്വംഭരന് ഐഎഎസ്, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, സിന്‍ഡിക്കേറ്റ് അംഗം ജയകുമാര്‍, ഡിഎസ്എസ് ഡോ.ഹരികുമാര്‍ ചങ്ങമ്പുഴ എന്നിവര്‍ പങ്കെടുത്തു. വിഷ്ണു വേണുഗോപാല്‍ സ്വാഗതവും അനീഷ് എം.മാത്യു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: