ന്യൂദല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കാന് സുപ്രീം കോടതി മൂന്നംഗ സമിതി രൂപീകരിച്ചു. രാഷ്ട്രീയക്കാരെ വാഴ്ത്തിയുള്ള പരസ്യങ്ങള്‍ നിയന്ത്രിക്കാനാണ് കോടതി ശ്രമം.
ഡയറക്ടറേറ്റ് ഓഫ് ഓഡിയോ വിഷ്വല്‍ പബ്ലിസിറ്റിയുടെ നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇത്തരം പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ പര്യാപ്തമല്ലെന്ന് ചീഫ് ജസ്റ്റീസ് പി. സദാശിവം അധ്യക്ഷനായ കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.
ബാംഗ്ലൂര്‍ നാഷണല്‍ ലോ യൂണിവേഴ്സിറ്റി സ്ഥാപക ഡയറക്ടര്‍ പ്രൊഫ. എന്‍.ആര്. മാധവ മേനോനാണ് സമിതി അധ്യക്ഷന്‍. മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ ടി.കെ. വിശ്വനാഥന്, മുതിര്‍ന്ന അഭിഭാഷകന് രഞ്ജിത് കുമാര്‍ എന്നിവരാണ് അംഗങ്ങള്‍. സമിതിയുടെ യോഗങ്ങള്‍ ഏകോപിപ്പിക്കാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ സെക്രട്ടറിയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കാന് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഭരിക്കുന്ന പാര്‍ട്ടികള്‍ അവരുടെ നേതാക്കളുടെ വലിയ ഫോട്ടോകള്‍ വച്ച് പരസ്യം നല്‍കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോമണ്‍ കോസ് ആന്‍ഡ് സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ നല്കിയ പൊതുതാല്പര്യഹര്ജിയിലാണ് സുപ്രീംകോടതി നടപടി. പൊതുപണമെടുത്ത് നേതാക്കളെ മഹത്വവല്‍ക്കരിക്കുന്നത് ഭരണഘടനയുടെ പതിനാലാം വകുപ്പിന്റെ ലംഘനമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. പരസ്യം വഴി സര്‍ക്കാരിെന്റ പരിപാടികള്‍ ജനങ്ങളെ അറിയിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ നേതാക്കളുടെ ചിത്രങ്ങള്‍ വച്ചുള്ള പരസ്യം രാഷ്ട്രീയ നേട്ടത്തിനാണ്. ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: