കൊല്ലം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വിശ്വാസികള്‍ക്ക് കൂടി പ്രാധാന്യമുള്ള ഭരണസംവിധാനമാണ് വേണ്ടതെന്നും ഇതിന് സര്‍ക്കാര്‍ തയ്യാറാകാത്ത പക്ഷം ശക്തമായ ജനകീയപ്രക്ഷോഭത്തിന് ബിജെപി രംഗത്തിറങ്ങുമെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന സംവിധാനത്തോട് വിയോജിക്കുമെന്നും പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളില്‍ വിശ്വാസികളുടെ പണമാണുള്ളത്. വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള ഭരണസംവിധാനത്തിന് പകരം സര്‍ക്കാര്‍ വകുപ്പായി ക്ഷേത്രത്തെ മാറ്റിയെടുക്കുന്നത് ക്ഷേത്രസമ്പത്തില്‍ കയ്യിട്ടുവാരാനാണെന്ന് വ്യക്തമാണ്. ക്ഷേത്രനിയന്ത്രണവും സ്വത്ത് മൂല്യനിര്‍ണയവും സംബന്ധിച്ച കേസ് സുപ്രിംകോടതിയില്‍ നടന്നുവരികയാണ്. ഇതിന്റെ ഇടക്കാല ഉത്തരവ് വ്യാഴാഴ്ച ഉണ്ടാകും. അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ട് പ്രകാരമാണെങ്കില്‍ മൂല്യനിര്‍ണയത്തിനും സുരക്ഷയ്ക്കും സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനത്തില്‍ വീഴ്ച സംഭവിച്ചതായാണ് മനസിലാക്കേണ്ടത്. മൂല്യനിര്‍ണയം നടത്തിയതുമുതലുള്ള സമ്പത്തില്‍ ഒരുഭാഗം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണം. സുപ്രീം കോടതിയില്‍ തങ്ങള്‍ക്ക് ചെയ്യാനുള്ളതെല്ലാം ചെയ്തെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അങ്ങനെയെങ്കില്‍ ക്ഷേത്രകാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത് അന്വേഷിക്കണം. ഭക്തരോടൊപ്പം നിലകൊണ്ടായിരിക്കും ബിജെപിയുടെ സമരം. ക്ഷേത്രത്തില്‍ കണ്ടെത്തിയ സ്വത്ത് ജനങ്ങളുടെ നികുതിപ്പണമാണെന്നും ഇത് എല്ലാവര്ക്കും അവകാശപ്പെട്ടതാണെന്നുമുള്ള പ്രചാരണത്തിന് പിന്നില്‍ സ്ഥാപിതതാല്പര്യക്കാരാണ്. ശ്രീപത്മനാഭക്ഷേത്ര സമ്പത്ത് നികുതിപണമല്ല. അതിന് യാതൊരു രേഖയുമില്ല. നികുതിപ്പണം ഭരിക്കുന്നവര്‍ ഖജനാവിലാണ് രാജകാലത്ത് സൂക്ഷിച്ചിരുന്നത്. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം ക്ഷേത്രവിശ്വാസികള്‍ തിരിച്ചറിയണമെന്നും വി.മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: