ഇന്ന് ലോക പുസ്തക ദിനം
മട്ടാഞ്ചേരി: ഏപ്രില്‍ 23, ഇന്ന് ലോക പുസ്തകദിനം. തളരാത്ത വായനയില്‍ ജീവന്റെ തുടിപ്പുമായി പുസ്തകങ്ങള്‍ ജീവിക്കുന്നു. ദൃശ്യമാധ്യമങ്ങളും ഇന്റര്‍നെറ്റും തുടങ്ങിയ ആധുനിക സാങ്കേതിക ശൃംഖലകള്‍ക്കിടയിലും പുസ്തകലോകം സജീവമാണ്. കോമിക്സുകള്‍ മുതല്‍ ആഗോള സാഹിത്യ-ചരിത്ര രചനകള്‍ വരെ പുസ്തകവിപണികളെ സജീവമാക്കുന്നു. പുസ്തകശാലകളും വായനക്കളരികളും മേളകളും വഴിയോര വാണിഭക്കാരുമെല്ലാം വായനക്കാരായ പുതുതലമുറകള്‍ക്കിടയില്‍ പുസ്തകലോകത്തെ സജീവമാക്കുന്നു. ആഗോളരചനകള് മുതല്‍ പ്രാദേശികരചനകള് വരെയുള്ള പുസ്തകങ്ങളുടെ ശേഖരങ്ങളും വിപണികളും പഠനരംഗത്തോടൊപ്പം വിശകലന-വിവരണ-ഗവേഷണ രചനകളായി വായനക്കാരിലെത്തുന്നത് പുസ്തകങ്ങളെ ജീവസുറ്റതാക്കി നിലനിര്‍ത്തുകയാണ്.
മലയാളികളുടെ വായനാശീലം കേരളക്കരയില്‍ പുസ്തകലോകത്തെ ശ്രദ്ധേയമാക്കിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളുടെ മാതൃകയില്‍ മാറുന്ന പുസ്തകവില്പ്പന-വിപണന കേന്ദ്രങ്ങളാണ് ആധുനിക കാലഘട്ടത്തില്‍ പുസ്തകലോകത്തെ മാറ്റങ്ങളായി കണ്ടുവരുന്നത്. ചെറുതും വലുതുമായ പുസ്തകമേളകളും ഡിസ്കൗണ്ട് ശാലകളും വായനക്കളരികളും പുസ്തകവായനാലോകത്തേക്ക് പുതുതലമുറകളെ ആവേശകരമായ വരവേല്‍പ്പാണ് സൃഷ്ടിക്കുന്നത്. ആധുനിക കാലഘട്ടങ്ങളിലും പഴയകാല സാഹിത്യരചനകളിലാണ് പുതുതലമുറക്ക് പ്രിയമെന്ന് കൊച്ചിയിലെ സ്പെയ്സ് ബുക്ക്മേള സംഘാടകരായ കെ. വേണുഗോപാലും എച്ച്. സിറാജുംപറഞ്ഞു. ചരിത്രം, സാംസ്കാരികം, സാഹിത്യം, സാങ്കേതികവിദ്യാ പുസ്തകങ്ങള്‍ക്കൊപ്പം പഴയകാല സൃഷ്ടികളും പുസ്തകമേളയില്‍ ഏറെ വിറ്റഴിക്കപ്പെടുന്നുണ്ട്. പ്രാദേശിക-ദേശീയ പുസ്തകപ്രസാധകര്ക്കൊപ്പം വിദേശപുസ്തകങ്ങളും വായനക്കാര്‍ക്ക് പ്രിയങ്കരമാണ്. കലാനുബന്ധ വിഷയപുസ്തകങ്ങളും സാഹിത്യരചനകളുമാണ് കൊച്ചിക്കാര് ഏറെ ഇഷ്ടപ്പെടുന്ന പുസ്തകങ്ങള്‍. ഓരോ ഘട്ടങ്ങളിലും മാറിമാറി വരുന്ന വായനക്കാരുടെ താല്പര്യങ്ങള്ക്കനുസരിച്ച് പുസ്തകപ്രസാധലോകത്തും മാറ്റങ്ങള്‍ സംഭവിക്കുന്നത്. പത്ത് രൂപ മുതല്‍ 2500 രൂപവരെയുള്ള പുസ്തകങ്ങളാണ് കൊച്ചിയിലെ മേളയില്‍ സ്പെയ്സ് ബുക്ക്സ് ഒരുക്കിയിരിക്കുന്നത്.
നല്ല പുസ്തകങ്ങള്‍ക്ക് എക്കാലത്തും വായനക്കാരുണ്ടെന്നും നേര്‍വഴി കാട്ടാന്‍ സാംസ്കാരികത വളര്‍ത്തുന്ന പുസ്തകങ്ങള്‍ക്കേ കഴിയൂ എന്ന് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ജനറല്‍ കണ്‍വീനറും കുരുക്ഷേത്ര പ്രകാശന് ജനറല്‍ മാനേജര്‍ ഇ. എന്‍. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.
എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: