കോട്ടയം: വനങ്ങള്‍ ദേശവിരുദ്ധ പ്രവര്‍ത്തകര്‍ ഒളിത്താവളമായി ഉപയോഗിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപികരിച്ച വനമേഖലാ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം നിര്‍ജീവം. ഭീകര പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് രാജ്യ സുരക്ഷ ഉറപ്പാക്കുകകയും വനമേഖലയിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന്റെ സുരക്ഷയും ഉറപ്പാക്കാന്‍ രൂപംകൊടുത്ത സമിതികളാണ് നിര്‍ജീവമായിരിക്കുന്നത്.
വനങ്ങള്‍ കേന്ദ്രീകരിച്ച് മാവോയ്സ്റ്റ് സാന്നിദ്ധ്യം വരെ ഉണ്ടെന്ന് സംശയത്തിന്റെ നിഴലില്‍ നില്ക്കുമ്പോള് സമിതികളെ ഊര്‍ജ്ജിതപ്പെടുത്തേണ്ട സംസ്ഥാന സര്‍ക്കാരിന്റെ നിസ്സംഗത ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമില്‍ കഴിഞ്ഞദിവസം കാട്ടാന ഒരു സ്ത്രീയെ ചവട്ടി കോന്നിട്ടും ജാഗ്രതാസമിതികള്‍ സജീ വമാക്കാനോ, മറ്റ് വനമേഖലകളില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് ആദിവാസി സമൂഹത്തെ സംരക്ഷിക്കാനോ അധികൃതര്‍ക്ക് കഴിയുന്നില്ല.
ജാഗ്രതാസമിതികള്‍ പോലീസ്, റവന്യൂ, വനം, ട്രൈബല്‍ ഡവലപ്പ്മെന്റ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വനം സംരക്ഷണ സമിതികളിലെയും പരിസ്ഥിതി വികസന സമിതികളിലെയും വനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ ഇതര സംഘടനകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ടവയാണ്. സംസ്ഥാനത്ത് ഫോറസ്റ്റ് സ്റ്റേഷന് തലത്തില്‍ 300 വനസംരക്ഷണസമിതികളും റേയ്ഞ്ച് തലത്തില്‍ 100 വനസംരക്ഷണസമിതികളും ജില്ലാ തലത്തില്‍ 14 വനമേഖലാ ജാഗ്രതാ സമിതികളും രൂപീകരിക്കപ്പെട്ടുണ്ട്. എന്നാല്‍ ഇവ പലതും പേരിന് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
വനപ്രദേശങ്ങള്‍ കേന്ദ്രീരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ച് സംശയകരമായ എന്തെങ്കിലും കാണുകയാണെങ്കില്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറേണ്ട ചുമതലയാണ് വനമേഖലാ ജാഗ്രതാ സമിതിക്കുള്ളത്. ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സ്റ്റേഷന്‍തല ജാഗ്രതാ സമിതികള്‍ മാസത്തില്‍ ഒരു തവണയെങ്കിലും യോഗം ചേര്‍ന്ന് പ്രവര്‍ത്തങ്ങള്‍ അവലോകനം ചെയ്ത് റേഞ്ച്തല സമിതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള റേഞ്ച്തല ജാഗ്രത സമിതികള്‍ മൂന്ന് മാസത്തിലൊരിക്കല്‍ ഇവ പരിശോധിക്കേണ്ടതുമാണ്. സ്റ്റേഷന് സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം റിപ്പോര്‍ട്ട് ജില്ലാ സമിതിക്ക് ലഭ്യമാക്കണമെന്നുമാണ് നിയമം.
എന്നാല്‍ പകുതിയിലധികം സമിതികളും യോഗം ചേര്‍ന്നിട്ട് വര്‍ഷങ്ങളായി. യോഗം നടത്തിയാല്‍തന്നെ മേല്‍സമിതിക്ക് കൃത്യമായ റിപ്പോര്‍ട്ടുകളും നല്‍കാറില്ല.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: