തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടകൊല നടന്ന വീട്ടില്‍ തെളിവെടുപ്പിനായി പ്രതി നിനോ മാത്യുവിനെ ഇന്നലെ കൊണ്ടുവന്നു. വന്‍ സുരക്ഷാ സന്നാഹ മൊരുക്കിയാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പി പ്രതാപന് നായരുടെയും സിഐ അനില്‍കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം നിനോ മാത്യുവിനെ ഇന്നലെ വൈകുന്നേരം നാലുമണിയോടെ എത്തിച്ചത്. തെളിവെടുപ്പിനായി പ്രതിയെ കൊണ്ടുവരുമെന്നറിഞ്ഞ് നൂറുകണക്കിന് നാട്ടുകാര്‍ വീടിനു ചുറ്റും തടിച്ചുകൂടിയിരുന്നു. വന്‍ പോലീസ് സംഘം സ്ഥലത്തെത്തി ഇവരെ അവിടെനിന്നും മാറ്റി സുരക്ഷ ഉറപ്പാക്കിയശേഷമാണ് നിനോയെ അവിടെ എത്തിച്ചത്. നാലുമണിയോടെ നിനോ മാത്യുവിനെ എത്തിക്കുകയും വളരെ ചുരുങ്ങിയ സമയംകൊണ്ട് തെളിവെടുപ്പ് നടത്തി തിരികെ കൊണ്ടുപോകുകയും ചെയ്തു.
വെട്ടേറ്റ ലിജീഷിനെ ഈ സമയത്ത് തുടര്പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയിരുന്നു. പ്രകോപനപരമായ രംഗങ്ങള്‍ ഒഴിവാക്കാനായാണ് പോലീസ് ഈ സമയം തെളിവെടുപ്പിനായി തെരഞ്ഞെടുത്തത്.
എന്നാല്‍ ഭാര്യയെയും ചെറുമകളെയും നഷ്ടപ്പെട്ട ലിജേഷിന്റെ അച്ഛന് തങ്കപ്പന്ചെട്ടിയാര് നിര്‍വ്വികാരനായിട്ട് ഇരിക്കുന്നത് കാണാമായിരുന്നു. പ്രതി നിനോമാത്യുവിനെ കണ്ടിട്ടും ഭാവമാറ്റ മില്ലാതിരുന്ന തങ്കപ്പന് ചെട്ടിയാര്‍ മാധ്യമപ്രവര്‍ത്തകരോട് തന്നെ ദുഃഖം പങ്കുവച്ചു. ഇവനോട് ഞാനെന്തു പറയാനാണ്. യഥാര്‍ത്ഥ തെറ്റുകാരി എന്റെ മോന്റെ ഭാര്യയായിരുന്ന അനുശാന്തിയല്ലെ. രണ്ടുപ്രതികളുടെയും വീട്ടുകാരുടെയും അവരുടെ ഫോട്ടോയോ പത്രത്തില്‍ വന്നിട്ടില്ല. നഷ്ടം സംഭവിച്ചതും തകര്‍ന്നതും നാട്ടുകാര്‍ക്ക് മുന്നില്‍ പരിഹാസ്യരായതും എന്റെ കുടുംബം മാത്രമാണല്ലോ.
മരുമകളുടെ അവിഹിതത്തിന് ജീവന് നഷ്ടപ്പെട്ട രണ്ടാത്മാക്കളുറങ്ങുന്ന മണ്ണില്‍ തങ്കപ്പന് ചെട്ടിയാര്‍ തകര്‍ന്ന ഹൃദയത്തോടെ മകനേയും കാത്തിരുന്നു. പക്ഷേ സ്വസ്ഥികയെന്ന കുരുന്നിനെ കൊലക്കത്തിക്കിരയാക്കുമ്പോള് തന്ത്രങ്ങള്‍ മെനഞ്ഞ അനുശാന്തിയെന്ന കപടമാതൃത്വത്തെ തെളിവെടുപ്പിനായി പിഞ്ചോമനയുറങ്ങുന്ന ഈ മണ്ണിലേക്കുകൊണ്ടു വരല്ലേയെന്നാണ് നാട്ടുകാരുടെ അപേക്ഷ. ആറ്റിങ്ങല്‍ ഡിവൈഎസ്പി പ്രതാപന്‍നായരുടെ നേതൃത്വത്തില്‍ സിഐ അനില്‍കുമാര്‍ എസ്ഐ ബൈജു ചിറയിന്‍കീഴ് എസ്ഐ ഷൈന്‍കുമാര്‍ എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: