പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിനായി സര്‍ക്കാര്‍ കോടികള്‍ ചെലവാക്കിയപ്പോഴും പ്രതിഫലം ലഭിക്കാതെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍. വോട്ടര്‍പട്ടിക പുതുക്കുന്നതുമുതല് തെരഞ്ഞെടുപ്പിന് സമ്മതിദായകര്‍ക്ക് വോട്ടിംഗ് സ്ലിപ്പ് വീടുകളില്‍ എത്തിക്കുന്നതടക്കമുള്ള ശ്രമകരമായ ജോലി പൂര്‍ത്തിയാക്കിയെങ്കിലും ഇവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിഫലം ഇതുവരെ ലഭിച്ചിട്ടില്ല.
സംസ്ഥാനത്ത് ഒന്ന് രണ്ട് ജില്ലകള്‍ മാത്രമാണ് ഇതില്‍ നിന്നും വ്യത്യസ്തമായത്. തെരഞ്ഞെടുപ്പിനായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാന്‍ ജില്ലകളിലെ തെരഞ്ഞെടുപ്പ് വിഭാഗം അനാസ്ഥകാട്ടിയതാണ് പ്രശ്നത്തിന് കാരണമെന്നാണ് ആക്ഷേപം. ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞവര്‍ഷംവരെ മൂവായിരം രൂപയാണ് ഓണറേറിയമായി നല്‍കിയിരുന്നത്. 2013 -14 വര്‍ഷത്തില്‍ ഇത് ആറായിരം രൂപയായി വര്‍ദ്ധിപ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരുന്നു.
എന്നാല്‍ ഫണ്ട് ലഭിക്കാത്തതിനാല്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് പലജില്ലകളിലേയും തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറെ പ്രധാനപ്പെട്ട ചുമതലകളാണ് ബൂത്ത്ലെവല്‍ ഓഫീസര്‍മാര്‍ വഹിക്കുന്നത്. സെപ്തംബറില്‍ വോട്ടര്‍പട്ടിക പുതുക്കുമ്പോള്‍ മുതല്‍ തെരഞ്ഞെടുപ്പുകളില്‍ എല്ലാബൂത്തുകളിലും ഇവരുടെ സേവനം നിര്‍ണ്ണായകമാണ്. പൊതുജനങ്ങളുടെ പരാതികള്‍ ഒരു പരിധിവരെ പരിഹരിക്കാനും ഈ സംവിധാനം സഹായകവുമാണ്.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷ സ്വീകരിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നത് ബിഎല്‍ഒ മാരുടെ ചുതലയാണ്. ഇതിന് പുറമേയാണ് തെരഞ്ഞെടുപ്പിന് സമ്മതിദായകര്‍ക്കുള്ള വോട്ടിംഗ് സ്ലിപ്പുകള്‍ വീടുകളില്‍ എത്തിക്കുന്ന ശ്രമകരമായ ജോലിയും. ഒരു ബൂത്തില്‍ 300 മുതല്‍ 500 വരെ വോട്ടര്‍മാരുണ്ടാകും. ഇവരുടെ സ്ലിപ്പുകള്‍ എത്തിക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ ജോലിയാണ്. തെരഞ്ഞെടുപ്പ് ദിവസം ബൂത്തുകളില്‍ പരിമിതമായ സൗകര്യത്തില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതും ഇവരുടെ ചുമതലയാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തുന്ന മറ്റ് ഉദ്യോഗസ്ഥര്‍ 800 മുതല്‍ 1500 രൂപാവരെ രണ്ടുദിവസത്തെ സേവനത്തിന് കൈപ്പറ്റിയപ്പോള്‍ ബിഎല്‍ഒ മാര്‍ വെറുംകൈയോടെയാണ് മടങ്ങിയത്. ഫണ്ട് അനുവദിച്ച് പ്രതിഫലം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണിവര്‍.
പി.എ. വേണുനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: