കോട്ടയം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്ത് സംബന്ധിച്ച് വി. എസ്. അച്യുതാനന്ദന് നടത്തുന്ന പ്രസ്താവനകള്‍ ഒരു അവിശ്വാസിയുടെ രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്ന് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആരോപിച്ചു. ജീവിതത്തില്‍ ഇന്നുവരെ ഒരു രൂപ പോലും കാണിക്കയായി സമര്‍പ്പിക്കാത്തവര്‍ ക്ഷേത്ര സമ്പത്ത് സംബന്ധിച്ച് അഭിപ്രായങ്ങള്‍ പറയുന്നതില്‍ ഗൂഢോദ്ദേശ്യമുണ്ട്.
നൂറ്റാണ്ടുകളായി ശ്രീ പദ്മനാഭക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന സമ്പത്ത് സംബന്ധിച്ച് അഭിപ്രായങ്ങള്‍ പറയേണ്ടത് ഹിന്ദു മതാചാര്യന്മാരും ഹൈന്ദവ സംഘടനകളും വിശ്വാസി സമൂഹവുമാണ്. മറിച്ചുള്ളവരുടെ ഇടപെടലുകളും പരാമര്‍ശനങ്ങളും വിശ്വാസികളുടെ വികാരങ്ങളെ ആളിക്കത്തിക്കാന്‍ മാത്രമേ ഉപകരിക്കൂ. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം സംബന്ധിച്ച് ഈശ്വരാരാധനയില്‍ വിശ്വാസമില്ലാത്തവര്‍ മുന്‍കൈയെടുത്ത് നടത്തുന്ന ഏതൊരു നീക്കവും വെടക്കാക്കി തനിക്കാക്കാനുള്ള ശ്രമം മാത്രമാണ്. തിരുവിതാംകൂര്‍ രാജകുടുംബത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിക്കുന്നവരുടെ കണ്ണ് ക്ഷേത്രസമ്പത്തിലാണെന്ന സത്യം ഈശ്വരവിശ്വാസികള്‍ തിരിച്ചറിയണമെന്നും ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: