ഗുരുവായൂര്‍: അവധിദിനമായ ഇന്നലെ വിവാഹത്തിരക്ക് മൂലം ഗുരുവായൂര്‍ ക്ഷേത്രനഗരി വീര്‍പ്പ്മുട്ടി. മേടത്തിലെ മൂലം നക്ഷത്രമായ ഇന്നലെ മുഹൂര്‍ത്ത സമയം വളരെ കൂടുതലായിരുന്നു. 142 വിവാഹങ്ങളും, 525 കുട്ടികളുടെ ചോറൂണും ക്ഷേത്രത്തില്‍ നടന്നു. ക്ഷേത്ര നഗരിയുടെ മദ്ധ്യത്തില്‍ പ്രധാന റോഡുകളെല്ലാം പൊളിച്ചിട്ടത് ഭക്തജനങ്ങളെ വലച്ചു. ഇതുമൂലം ആയിരക്കണക്കിന് തീര്‍ത്ഥാടകരും, വിവാഹപാര്‍ട്ടികളും ദുരിതത്തിലായി.
ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരുടേയും, വിവാഹ പാര്‍ട്ടിക്കാരുടേയും വാഹനങ്ങള്‍ ക്ഷേത്രസന്നിധിയിലേക്ക് പ്രവേശിപ്പിക്കനാകാതെ നട്ടം തിരിഞ്ഞതിനാല്‍, പലര്‍ക്കും മുഹൂര്‍ത്ത സമയത്ത് ക്ഷേത്രസന്നിധിയിലെത്താന് കഴിഞ്ഞില്ലെന്നും പരാതിയുണ്ട്. ഉച്ചവരെ മാത്രം ഒരോ വാഹനം പോകാനുള്ള വഴിയാണ് അധികൃതര്‍ തുറന്നിട്ടത്.
അവധിദിനങ്ങളില്‍ നല്ല തിരക്കുണ്ടാകുമെന്നറിഞ്ഞിട്ടും ഒന്നരയാഴ്ചയിലേറെയായി പൊളിച്ചിട്ട റോഡ് നേരെയാക്കാതിരുന്നത് യാത്രക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രധാന നടപാതകള്‍ മുഴുവനും സഞ്ചാരയോഗ്യമല്ലാതാക്കിയിട്ടുണ്ട്. കിഴക്കേനട ബസ് സ്റ്റാന്റ് പരിസരത്തുപോലും റോഡ് പൂര്‍ണ്ണമായും തടസ്സപ്പെടുത്തിക്കഴിഞ്ഞു.
വാട്ടര്‍ അതോറിറ്റിയുടെ പ്രവൃത്തികള്‍ക്കായാണ് റോഡുകള്‍ പൊളിച്ചിട്ടിരിക്കുന്നത്. അഴുക്കുചാല്‍ പദ്ധതിയുടെ പണികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ പലതവണ ആസൂത്രണങ്ങള്‍ നടന്നിട്ടും ഒന്നുംതന്നെ ഫലപ്രദമായിട്ടില്ല. ശബരിമല കാലഘട്ടമൊഴിച്ചാല്‍ ഗുരുവായൂരില്‍ ഏറ്റവുമധികം തീര്‍ത്ഥാടകരെത്തുന്നത് വേനലവധിയിലും, വൈശാഖ കാലത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: