ഓരോന്നിനും ഓരോ കാലമുണ്ട്. സിനിമയ്ക്കും. പതിവു പ്രദര്ശനത്തിനുമേലെ ഓരോ സീസനുണ്ട്. ഓണം, വിഷു, ക്രിസ്മസ്, ഈസ്റ്റര്‍, ബക്രീദ്, റംസാന് എന്നിങ്ങനെ ആഘോഷ നാളുകളാണ് ഈസീസണ്‍.പിന്നെ മധ്യവേനല്‍ അവധിക്കാലം. ഇത്തരം നാളുകള്‍ മുന്‍കൂട്ടിക്കണ്ട് സൂപ്പര്‍ താരങ്ങളെവെച്ച് ധാടിയിലും മോടിയിലും സിനിമ റിലീസ് ചെയ്യുക പഴയ പോലെ ഇപ്പഴുമുണ്ട്. എന്നാല്‍ കാറ്റുംകോളുമുള്ളപ്പോള്‍ ഇങ്ങനെ റിലീസിങ്ങിന് ആരും തയ്യാറാവില്ല. പക്ഷേ ചിലര്‍ക്ക് പ്രത്യേക കാലമൊന്നുമില്ല, എപ്പോഴും നല്ല കാലമാണ്. സിനിമ നന്നാകണം എന്ന ഉറപ്പിന് പുറത്താണ് അവരുടെ ആത്മവിശ്വാസം. സീസനെക്കാള്‍ സാദാകാലത്ത് തകര്‍ത്തോടിയ സിനിമകളാണ് ഏറെയും.
സത്യത്തില്‍ പ്രത്യേക സിനിമാക്കാലമൊന്നുമില്ല. ജനത്തിന് സിനിമ അത്യാവശ്യങ്ങളില്‍ ആദ്യത്തേതല്ല. ഇരുപതോ ഇരുപത്തഞ്ചാമത്തേയോ സ്ഥാനമാണെന്ന് ഈയിടെ ഒരു സംവിധായകന് സ്വകാര്യ സംസാരത്തില്‍ പറയുകയുണ്ടായി. ടിവിയും മറ്റു മാധ്യമങ്ങളുള്ളതും എവിടെവെച്ചും സിനിമ കാണാമെന്നതും ഇത്തരം കാലത്തിന്റെ കുത്തക എടുത്തു കളഞ്ഞു. ഇന്നു സിനിമ കാണാന്‍ തിയറ്റര്‍ എന്നല്ല ഒരിടവും വേണ്ടെന്നായിട്ടുണ്ട്. ഇത്തരം ഇടങ്ങളില്‍ നിന്നുമാത്രമല്ല, ചുരുങ്ങിയ പക്ഷം വീട്ടില്‍ നിന്നെങ്കിലും ആള്‍ക്കാരെ തിയറ്ററില്‍ കൊണ്ടുവരുകയെന്നതാണ് ഇന്നത്തെ സിനിമാക്കാരുടെ പ്രധാന വെല്ലുവിളി.സിനിമ വന്നുകണ്ടുപോകാന്‍ മണിക്കൂറുകള്‍ വേണം. കൊച്ചിപോലുള്ള തിരക്കിട്ട നഗരങ്ങളിലാണെങ്കില്‍ പറയുകയും വേണ്ട,ഇ മണിക്കൂറ് കൂടുതല്‍ വേണ്ടി വരും.അത്തരക്കാരെ വേണം വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടു വരാന്‍. ടിവിയില്‍ എത്രകണ്ടാലും ചിലര്‍ ആഘോഷമായൊന്നു സിനിമ കാണാന്‍ തിയറ്ററില്‍ തന്നെ പോകും. ഇതു പക്ഷേ ചെറിയൊരു ശതമാനമാണ്.
സിനിമാസീസണെക്കാളും വലുത് കാഴ്ചക്കാരെ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുവരുകയെന്നതാണ്. അതിന് നല്ല സിനിമകള്‍ വേണം. ഒന്നുകൂടി പറഞ്ഞാല്‍ കാണാന്‍ കൊള്ളാവുന്ന സിനിമ. ഇതാണ് വെല്ലുവിളി. ഇതിനെ എങ്ങനെ മറികടക്കാന്‍ കഴിയും എന്നതാണ് പ്രശ്നം. ഇക്കാര്യത്തില്‍ അതിശയമാണ് ദൃശ്യം. മലയാള സിനിമയുടെ ചരിത്രത്തില്‍ സര്‍വകാല റെക്കോഡാണ് കളക്ഷനില്‍ ദൃശ്യം വാരിക്കൂട്ടിയത്. നൂറു ദിവസം പിന്നിട്ട ചില തിയറ്ററുകളില്‍ ഈ സിനിമ ഇപ്പോഴും നിറഞ്ഞ സദസില്‍ ഓടുകയാണ്. ഇത് വല്ലപ്പോഴും മാത്രം സംഭവിക്കുന്നതാണെന്നു പറയുമ്പോഴും ഇതിനേഴയല്പ്പക്കത്തെത്താനെങ്കിലും കഴിയണ്ടേ. എങ്കിലല്ലേ നിര്‍മാതാവിന്റെ പോക്കറ്റില്‍ പണം വീണ് അടുത്ത സിനിമയ്ക്കുള്ള പാങ്ങുണ്ടാവൂ. ചരിത്രമല്ലെങ്കിലും മുക്കാലും പൊട്ടിപ്പാളീസാകുന്ന മലയാള സിനിമയ്ക്കിടയില്‍ ഓം ശാന്തി ഓശാന പോലുള്ള ചിത്രങ്ങള്‍ പിടിച്ചു നില്‍ക്കുന്നത് കുഞ്ഞു സംഭവമല്ല. തന്നെയാണ്. വലുതായിട്ടൊന്നുമില്ല കണ്ടിരിക്കാം എന്ന് ജനത്തെക്കൊണ്ട് പറയിപ്പിച്ചാല്‍ സംഗതി ശുഭമായി.
പണ്ട് സീസണില്‍ സിനിമ കാണാന്‍ തലക്കിടിയായിരുന്നു. അന്ന് മറ്റൊന്നുമില്ല പകരത്തിന്. ഇന്ന് എന്തെല്ലാമുണ്ട്. അവധിക്കാലത്ത് കുട്ടികളെ വീട്ടുകാര്‍ സിനിമ കാണാന്‍ കൊണ്ടു പോകുന്നത് ശീലമായിരുന്നു. ഇന്നു കുട്ടികള്‍ക്കു അവധി ആഘോഷിക്കാന്‍ എന്തെല്ലാമാണ് വഴികള്‍. പക്ഷേ അപ്പോഴും നല്ല സിനിമകള്‍ മക്കളെ കാണിക്കാന്‍ വീട്ടുകാര്‍ കൊണ്ടുപോകും. നല്ല സിനിമകളാണ് സീസനുണ്ടാക്കുന്നത്. വര്‍ഷങ്ങളായി നമ്മുടെ ആഘോഷ വേളകള്‍ തിരക്കില്ലാത്ത അവധിക്കാലം പോലെയാണ് തിയറ്ററുകള്‍ക്ക്. വീടുകളാകട്ടെ ടിവി പരിപാടികളുടെ തിരക്കിലും. എന്നാല്‍ ഇത്തവണ പതിവിലും വിപരീതമായി നാലഞ്ചു ചിത്രങ്ങളാണ് പ്രതീക്ഷയോടെ വിഷു-ഈസ്റ്ററിനിറങ്ങിയിരിക്കുന്നത്. പ്രതീക്ഷയിലാണ് കാണികളും.
അങ്കിത
പ്രതികരിക്കാൻ ഇവിടെ എഴുതുക: