കൊച്ചി: വിദ്യാര്‍ത്ഥികളില്‍ മതവിരോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യംവെച്ച് ഉസ്മാനിയ സര്‍വകലാശാലയില്‍ ചിലര്‍ സംഘടിപ്പിച്ച ‘ബീഫ് ഫെസ്റ്റിവലി’നെ പിന്തുണച്ച ‘ദ ഹിന്ദു’ ദിനപത്രത്തിന്റെ ഇരട്ടത്താപ്പ് പുറത്ത്. ചെന്നൈയിലെ പത്രത്തിന്റെ ആസ്ഥാനത്തുള്ള കാന്റീനില്‍ മാംസഭക്ഷണം കൊണ്ടുവരരുതെന്ന് ജീവനക്കാര്‍ക്ക് മാനേജ്മെന്റ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
കാന്റീനില്‍ മാംസഭക്ഷണം കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണെന്ന് ‘ഹിന്ദു’വിന്റെ മാനേജ്മെന്റ് ജീവനക്കാരെ ഓര്‍മ്മിപ്പിക്കുന്നു. “സഹപ്രവര്‍ത്തകരായ ചിലര്‍ കാന്റീനില്‍ മാംസഭക്ഷണം കൊണ്ടുവന്ന് കഴിക്കുന്നതായി ജീവനക്കാരില്‍നിന്ന് പരാതി ലഭിച്ചിട്ടുണ്ട്. സസ്യഭക്ഷണം കഴിക്കുന്ന ഭൂരിപക്ഷം ജീവനക്കാര്‍ക്കും അസൗകര്യമുണ്ടാക്കുന്നതിനാല് നമ്മുടെ കാന്റീനില്‍ മാംസഭക്ഷണം അനുവദിക്കില്ലെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. കാന്റീനിലെ ഭക്ഷണമുറിയില്‍ സസ്യേതര ഭക്ഷണം കര്‍ശനമായി വിലക്കിയിട്ടുള്ളതാണെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുന്നു. മാംസഭക്ഷണം കൊണ്ടുവരരുതെന്ന് ജീവനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു” എന്നാണ്് പത്രത്തിന്റെ എച്ച്ആര്‍ വിഭാഗം വൈസ് പ്രസിഡന്റ് ഏപ്രില്‍ 10 ന് നല്കിയ നോട്ടീസില്‍ പറയുന്നത്.
2012 മെയ്മാസത്തിലാണ് ആന്ധ്രയിലെ ഉസ്മാനിയ സര്‍വകലാശാല കാമ്പസില്‍ ചിലര്‍ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ഇത് വിദ്യാര്‍ത്ഥികളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടര്‍ന്നുണ്ടായ അക്രമത്തില്‍ രാമറാവു എന്ന പിജി വിദ്യാര്‍ത്ഥിക്ക് കത്തിക്കുത്തേല്‍ക്കുകയും ചെയ്തിരുന്നു. ഒരു സ്വകാര്യബസും ഒരു മാധ്യമവാഹനവും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.
ബീഫ് ഫെസ്റ്റിവലിന് വൈസ്ചാന്‍സലര്‍ എസ്. സത്യനാരായണ അനുവാദം നല്‍കിയതിനെതിരെ എബിവിപി കാമ്പസില്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു. എല്ലാവരുടെയും ഭക്ഷണശീലത്തെ മാനിക്കുന്നുണ്ടെന്നും എന്നാല്‍ പ്രത്യേകം ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത് മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്താനാണെന്നും എബിവിപി നിലപാടെടുത്തു. ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ച പ്രൊഫസര്‍മാരെ സസ്പെന്റ് ചെയ്യണമെന്നും എബിവിപി ആവശ്യപ്പെട്ടിരുന്നു.
വിഷയം രാജ്യവ്യാപകമായി ചര്‍ച്ചയായപ്പോള്‍ ബീഫ് ഫെസ്റ്റിവലിനെ പിന്തുണക്കുന്ന നിലപാടാണ് ‘ദ ഹിന്ദു’ സ്വീകരിച്ചത്. രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹ്യ വൈവിധ്യം കണക്കിലെടുക്കണമെന്ന് ന്യായീകരിക്കുകയായിരുന്നു പത്രം. വൈദിക ബ്രാഹ്മണര്‍ പശുമാംസം ഭക്ഷിക്കുന്നവരായിരുന്നുവെന്നും ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നത് ഒരു വ്യക്തിയുടെ തീരുമാനമാണെന്നും മറ്റും അഭിപ്രായപ്പെടുന്ന ലേഖനവും പത്രം പ്രസിദ്ധീകരിച്ചിരുന്നു.
‘ബീഫ് ഫെസ്റ്റിവലി’നെ പിന്തുണച്ച് ഭക്ഷണശീലത്തിന്റെ കാര്യത്തില്‍ രാജ്യത്തെ സാമൂഹ്യവൈരുധ്യം കണക്കിലെടുക്കണമെന്ന് വാദിച്ചവര്‍ സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരുടെ ഭക്ഷണശീലം പോലും അംഗീകരിക്കുന്നില്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: