പറവൂര്‍: ദേശിയപാതയില്‍ വരാപ്പുഴ പാലത്തിന്റെ അപ്രോച്ച് റോഡില്‍ നിന്ന് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഇരുപത് അടിതാഴ്ച്ചയിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ മേത്തല ചള്ളിയില്‍ വീട്ടില്‍ ഗോവിന്ദന്റെ മകന് തമ്പി (45)യാണ് മരിച്ചത്. തമ്പിക്കൊപ്പം ബസിലുണ്ടായിരുന്ന ഡ്രൈവറും സുഹൃത്തും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ആറോടെയായിരുന്നു അപകടം.
കൊടുങ്ങല്ലൂരിലുള്ള ബ്ലു ബേഡ് എന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.യാത്രക്കാരെ കയറ്റാനായി കലൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം. എതിരെ വന്ന ടെമ്പോട്രാവലറില്‍ ഇടിക്കാതെ വെട്ടിച്ച് മാറ്റുന്നതിനിടെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഇതിനിടെ ബസിന്റെ ചില്ല് തകര്‍ന്ന് പുറത്തേക്ക് തെറിച്ച തമ്പി കല്ലില്‍ തലയിടിച്ച് വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ തമ്പി സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. അപകടത്തെത്തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വരാപ്പുഴ പോലിസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: