കാസര്‍കോട്: കനത്ത വേനലില്‍ ജില്ല ദാഹിച്ചുവലയുമ്പോഴും നടപടികളില്ലാതെ സര്‍ക്കാര്‍. വരള്‍ച്ചാ ദുരിതാശ്വാസ നടപടികള്‍ക്ക് രൂപം നല്‍കുന്നതിന് യോഗം വിളിച്ചുചേര്‍ക്കാന്‍ പോലും ഇതുവരെ ജില്ലാ ഭരണകൂടത്തിനായിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതും തുടര്‍ന്ന് വന്ന നീണ്ട അവധികളുമാണ് ഇതിന് കാരണം. കഴിഞ്ഞ വര്‍ഷം വേനല്‍മഴ ലഭിച്ചതാണ് ജില്ലയ്ക്ക് ആശ്വാസമായത്. ഇത്തവണ വേനല്‍ മഴ ഏറ്റവും കുറവ് ലഭിച്ച ജില്ലകളിലൊന്നാണ് കാസര്‍കോട്. മുഖ്യമന്ത്രിയുടേയും ജില്ലയുടെ ചുമതലയുള്ള കൃഷിമന്ത്രിയുടേയും നേതൃത്വത്തില്‍ വിപുലമായ യോഗം വിളിച്ചു ചേര്‍ത്താണ് കഴിഞ്ഞ തവണ വരള്‍ച്ച നേരിടുന്നതിന് നടപടികള്‍ കൈക്കൊണ്ടത്. പഞ്ചായത്തുതലത്തില്‍ വിവിധ പദ്ധതികള്‍ ആരംഭിക്കുന്നതിനും ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ലോറികളില്‍ വെള്ളമെത്തിക്കാനും തീരുമാനമെടുത്തിരുന്നു. എന്നാല്‍ പഞ്ചായത്തുകള്‍ പദ്ധതി സമര്‍പ്പിക്കുമ്പോഴും ഏറെ വൈകിയിരുന്നു. ഇതിനാല്‍ വരള്‍ച്ചാ ദുരിതാശ്വാസം കാര്യക്ഷമമായില്ല. ഈ സാഹചര്യത്തിലാണ് ഇത്തവണ വേനല്‍ കടുക്കുമ്പോഴും പ്രാരംഭ നടപടികള്‍ പോലും ആരംഭിക്കാതിരിക്കുന്നത്. സാങ്കേതികമായ നൂലാമാലകള്‍ പൂര്‍ത്തിയാക്കി ആശ്വാസ നടപടികള്‍ തുടങ്ങുമ്പോഴേക്കും വേനല്‍ കടന്നുപോകുമെന്നാണ് ജനപ്രതിനിധികള്‍ തന്നെ തരുന്ന മറുപടി. കുടിവെള്ള പദ്ധതികള്‍ കടന്നുചെന്നിട്ടില്ലാത്ത നിരവധി കോളനികളാണ് ഇതിലേറെയും. വേനലിന് മുമ്പ് തന്നെ ഇവിടങ്ങളില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടുതുടങ്ങും. ലോറികളില്‍ വെള്ളമെത്തിച്ച് ഇവ പരിഹരിക്കാനായിരുന്നു കഴിഞ്ഞ തവണ പഞ്ചായത്തുകള്‍ക്ക് നല്കിയ നിര്‍ദ്ദേശം. ഭൂരിഭാഗം പഞ്ചായത്തുകളും വൈകിയെങ്കിലും പദ്ധതി സമര്‍പ്പിച്ച് ഇത് നടപ്പിലാക്കിയിരുന്നു. ഇത്തവണ ഗ്രാമപഞ്ചായത്തുകളുടെ തനത് ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ വരെ ചിലവഴിച്ച് കുടിവെള്ള ക്ഷാമം നേരിടാനാണ് സര്‍ക്കാരിണ്റ്റെ ഉത്തരവ്. ഇത് പിന്നീട് ജില്ലാ കലക്ടറുടെ പ്രത്യേക ഫണ്ടില്‍ നിന്നും മടക്കി നല്‍കും. ഉത്തരവ് ലഭിച്ച് ഏറെ നാളായെങ്കിലും ജില്ലയിലെ ഒരു പഞ്ചായത്തും കുടിവെള്ള ക്ഷാമം നേരിടുന്നതിന് സ്വന്തമായി നടപടികള്‍ സ്വീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പും അവധിയും തന്നെയാണ് ഇവര്‍ക്കും പറയാനുള്ളത്. വരവ് കുറവുള്ള പഞ്ചായത്തുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ചെലവഴിക്കുന്നതിനുള്ള സാമ്പത്തിക പ്രയാസവും പ്രസിഡണ്ടുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമെയാണ് ഫണ്ട് ലഭിക്കുന്നതിനുള്ള കാലതാമസം. കഴിഞ്ഞ തവണ ലോറികളില്‍ വെള്ളമെത്തിച്ച കരാറുകാര്‍ക്ക് ആറ് മാസത്തോളം വൈകിയാണ് തുക നല്‍കിയത്. ഇത്തവണ കരാറുകാര്‍ മൂന്നോട്ട് വരാത്തതും പഞ്ചായത്തുകള്‍ക്ക് തലവേദനയായിട്ടുണ്ട്. വരള്‍ച്ച നേരിടുന്നതിണ്റ്റെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ കുടിവെള്ള പദ്ധതികളാണ് കഴിഞ്ഞ വര്‍ഷത്തില്‍ തുടക്കമിട്ടത്. മഴക്കാലമെത്തിയപ്പോള്‍ പദ്ധതിയുടെ കാര്യവും മറന്നു. മിക്കതും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു കിടക്കുകയാണ്. പല പഞ്ചായത്തുകളിലും ജലനിധി പദ്ധതികള്‍ പകുതി പോലും എത്തിയിട്ടില്ല. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളും പൂര്‍ത്തിയാവാന്‍ വരും വര്‍ഷങ്ങള്‍ കാത്തിരിക്കണം. ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന ബഹുമതിയും ചില പഞ്ചായത്തുകള്‍ക്ക് സ്വന്തം. ഫണ്ട് ലഭിക്കാത്തതിണ്റ്റെ പേരില്‍ പദ്ധതികള്‍ മുടങ്ങുമ്പോള്‍ തുക ചെലവഴിക്കാതെ അനിശ്ചിതത്വത്തിലായ പദ്ധതികളും അനവധി. ജലസ്രോതസ്സുകള്‍ ശുചീകരിച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്നവ പോലും പഞ്ചായത്തുകള്‍ മുന്‍ കയ്യെടുക്കുന്നില്ലെന്നതാണ് വാസ്തവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: