കൊച്ചി: ഡ്രെയിനേജ് വൃത്തിയാക്കാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശികളായ മായാവ് എന്ന മാധവ്(65), രാജു(45) എന്നിവരാണു മരിച്ചത്. എറണാകുളം ജെട്ടിക്കു സമീപമുള്ള കൊളംബോ ജംഗ്ഷനിലെ ഡ്രയിനേജ് വൃത്തിയാക്കിനി റങ്ങുമ്പോഴായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. മതദേഹം തമഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.
രാവിലെ 11 മണിയോടെയായിരുന്നു ഇവര്‍ ഡ്രയിനേജ് വൃത്തിയാക്കാനായി ഇവിടെ എത്തിയത്. ഇവരോടൊപ്പം മറ്റു മൂന്നു തൊഴിലാളികളുമുണ്ടായിരുന്നു. ആദ്യം ഇറങ്ങിയതു മാധവായിരുന്നു. മാധവിനു ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്നു ഇയാളെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു രാജു ഇറങ്ങിയത്. യാതൊരുവിധ സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെയാണു തൊഴിലാളികള്‍ ഡ്രയിനേജിനുള്ളിലിറങ്ങിയതെന്നു ദൃക്സാക്ഷികള്‍ പറയുന്നു. സംഭവസ്ഥലത്തു ഉടന്‍തന്നെ ഫയര്‍ഫോഴ്സ് എത്തിയെങ്കിലും രക്ഷാ പ്രവര്‍ത്തനം തുടങ്ങാന്‍ ഒരു മണിക്കൂറോളം വൈകി. ഫയര്‍ഫോഴ്സിന്റെ പക്കല്‍ വെളിച്ചത്തിനാവശ്യമായ ഉപകരണങ്ങളൊന്നും ഇല്ലാതിരുന്നതാണു കാരണമെന്നു പറയപ്പെടുന്നു. അടുത്തുള്ള ഫ്ലാറ്റില്‍നിന്നു ടോര്‍ച്ചു വാങ്ങിക്കൊണ്ടുവന്നാണത്രെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
അപ്പോഴേക്കും രണ്ടു പേരും മരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം വൈകിയതു കാരണമാണു തൊഴിലാളികള്‍ മരിച്ചതെന്നും ആക്ഷേപമുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ സീവേജ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വേണം ഡ്രയിനേജ് തുറക്കേണ്ടിയിരുന്നത്. എന്നാല്‍ സംഭവം നടന്നു മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയില്ല. മാധവിന്റെ സഹോദരന്റെ മകനാണ് രാജു. ലായം റോഡിലായിരുന്നു മാധവും രാജുവും താമസിച്ചിരുന്നത്. ഭാര്യ പൊന്നമ്മാളും പേരക്കുട്ടിയും മാധവിനൊപ്പമുണ്ട്. രാജുവിന്റെ കുടുംബം നാട്ടിലാണ്. ഇവര്‍ ഇന്നു നാട്ടിലേക്കു പോകാനിരുന്നതായിരുന്നു. അസ്വാഭാവിക മരണത്തിനു സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: