തിരുവനന്തപുരം: പകര്‍ച്ചവ്യാധി നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് സംസ്ഥാന ആരോഗ്യവകുപ്പ് പൂര്‍ണമായും ചെലവഴിക്കുന്നതില്‍ വീഴ്ചവരുത്തിയതായി രേഖകള്‍. സാമ്പത്തികവര്‍ഷം അവസാനിച്ചപ്പോള്‍ പദ്ധതിവിഹിതത്തിന്റെ 68 ശതമാനം മാത്രമാണ് ചെലവഴിച്ചത്. സാംക്രമികരോഗങ്ങള്‍ തടയേണ്ട സംയോജിത രോഗപ്രതിരോധ വിഭാഗത്തിന് ഇക്കാര്യത്തില്‍ പാളിച്ച സംഭവിച്ചതായാണ് വിലയിരുത്തല്‍. ചരിത്രത്തിലാദ്യമായി ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുതിച്ചുകയറിയ കഴിഞ്ഞവര്‍ഷം കേന്ദ്രപദ്ധതിയായ എന്‍.ആര്.എച്ച്.എം വഴി സംസ്ഥാനത്തെ സംയോജിത രോഗപ്രതിരോധവിഭാഗത്തിന് അനുവദിച്ചുകിട്ടിയത് 770.50 ലക്ഷം രൂപയാണ്.
ഇതില്‍ ഒരുവര്‍ഷം കൊണ്ട് ചെലവഴിച്ചത് വെറും 530 ലക്ഷം മാത്രം. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ നിയന്ത്രണത്തിനുള്ള തുകയില്‍ 1.33 കോടിയിലധികം രൂപ ഇപ്പോഴും ചെലവഴിക്കാതെ കിടക്കുകയാണ്. ജപ്പാന്‍ജ്വരം നിയന്ത്രിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കേണ്ട ഫണ്ടില്‍ ഒമ്പതുലക്ഷം രൂപ ഇപ്പോഴും ബാക്കിയാണ്. മന്തുരോഗ ഗുളിക വാങ്ങേണ്ട തുകയില്‍ 94.5 ലക്ഷം രൂപയാണ് ചെലവഴിക്കാതിരുന്നത്. രോഗം പടര്‍ന്ന് മരണങ്ങള് കൂടിയിട്ടും സംയോജിതരോഗപ്രതിരോധ സെല്‍ അഥവാ ഐ.ഡി.എസ്.പി തുക ചെലവഴിക്കാന്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
പ്രതിരോധപ്രവര്ത്തനങ്ങളിലുണ്ടായ പാളിച്ചയാണ് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയതെന്ന് ഇതില്‍നിന്ന് വ്യക്തമാവും. എന്നാല്‍, കേന്ദ്രത്തില്‍നിന്ന് ലഭിക്കേണ്ട തുകയില്‍ കുറച്ച് ലഭിക്കാന്‍ കാലതാമസം നേരിട്ടതാണ് ഫണ്ട് ചെലവഴിക്കാന്‍ കഴിയാതിരുന്നതിന് ഐ.ഡി.എസ്.പി നല്കുന്ന വിശദീകരണം. അതേസമയം, വേനല്‍മഴയ്ക്കു പിന്നാലെ സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുമെന്ന ഭീതിയിലാണ്.
തിരുവനന്തപുരം ജില്ലയില്‍ ഈമാസം 11 വരെ 26 പേര്‍ക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചതാണ് ആശങ്കക്കിടയാക്കിയിട്ടുള്ളത്. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്പറേഷന് പരിധിയിലും പഞ്ചായത്തുകളിലും ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്കി. ഡെങ്കിക്ക് പുറമെ എലിപ്പനി, സ്ക്രബ് ടൈഫസ്, മലേറിയ തുടങ്ങിയ രോഗങ്ങളും പടരുന്നതായാണ് കണക്കുകളില്‍നിന്ന് വ്യക്തമാവുന്നത്. ഈമാസം ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സംസ്ഥാനത്ത് 15 പേര്‍ക്ക് മലേറിയയും പത്തുപേര്‍ക്ക് എലിപ്പനിയും 177 പേര്‍ക്ക് മഞ്ഞപ്പിത്തവും 34 പേര്‍ക്ക് ടൈഫോയിഡും 200 പേര്‍ക്ക് മന്തുരോഗവും 538 പേര്‍ക്ക് ചിക്കന്‍പോക്സും രണ്ടുപേര്‍ക്ക് സ്ക്രബ് ടൈഫസും സ്ഥിരീകരിച്ചു. ഇക്കാലയളവില്‍ 45,304 പേരാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ പനിബാധിതരായി ചികില്‍സ തേടിയെത്തിയതെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍വര്‍ഷങ്ങളില്‍ മാസം തോറും മൂന്നക്കസംഖ്യ കടന്നിരുന്ന ഡെങ്കിപ്പനി ജനുവരി മുതല്‍ തലസ്ഥാന ജില്ലയില്‍ ഏകദേശം നിയന്ത്രണവിധേയമായിരുന്നു. വേനല്‍മഴയോടെ ആരോഗ്യവകുപ്പിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമാക്കിയിരിക്കുന്നുവെന്നാണ് ഡെങ്കിബാധിതരുടെ കണക്കുകള്‍ നല്കുന്ന സൂചന.
ഈ മാസം ആദ്യ പത്തുദിവസങ്ങളില്‍ സര്‍ക്കാര്‍ ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യാശുപത്രികളുടെ കണക്കുകൂടി എടുത്താല്‍ ഇതിന്റെ മൂന്നിരട്ടിയെങ്കിലും വരും. ഡെങ്കിപ്പനി സ്ഥിരീകരിക്കുന്ന സ്ഥലങ്ങളില്‍ 48 മണിക്കൂറിനകം ഊര്ജിതപ്രതിരോധപ്രവര്ത്തനങ്ങള് നടത്താന്‍ പ്രാഥമിക, സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്കി. കോര്പറേഷന് വാര്‍ഡുകളില്‍ മഴക്കാലപൂര്വപ്രതിരോധപ്രവര്ത്തനം ഉടന്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് കോര്പറേഷന് സെക്രട്ടറിക്കും മേയര്‍ക്കും ഡിഎംഒ കത്ത് നല്‍കിയിട്ടുണ്ട്. വഴിയരികില്‍ കൂടിക്കിടക്കുന്ന കരിക്കിന്തൊണ്ടുകളില് ഡെങ്കി പരത്തുന്ന കൂത്താടികളെ വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടികള്‍.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: