നമ്മുടെ ഓള്‍ഡ് ജനറേഷന് (തന്നെ, തന്നെ പഴയ തലമുറ) ചില സംസ്കാരങ്ങളൊക്കെ ഉണ്ടായിരുന്നു. വര്‍ത്തമാനത്തിലും പ്രവൃത്തിയിലും ആയത് കാണാമായിരുന്നു. എന്നാല്‍ ന്യൂജന്‍ (പുതിയ തലമുറ) അങ്ങനെയൊന്നുമില്ല. എന്തും ഏതും ആവാം. എന്തിനും ഒരു ലോജിക്ക് വേണമെന്ന ശാഠ്യമൊന്നുമില്ല. എന്നും ഇതുപോലെ ന്യൂജന്‍ ഉണ്ടായിരുന്നില്ലേ എന്ന ചോദ്യം അവഗണിക്കുന്നില്ല. സംസ്കാര സമ്പന്നമായ ഓള്‍ഡ് ജനറേഷന്റെ വീതം പറ്റിയായിരുന്നു അന്നൊക്കെ ന്യൂജന്‍ മുന്നേറിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സമൂലമായ മാറ്റമാണ്. ന്യൂജന്‍ കൈമാറുന്ന വാക്കും പ്രവൃത്തിയും ഓള്‍ഡ് ജന്‍ സ്വീകരിക്കുന്നു. അതില്‍ അഭിമാനം കൊള്ളുന്നു. ന്യൂജനില്ലാത്ത ഒരു ഗുണം പക്ഷേ, ഓള്ഡ്ജന് ഉണ്ട്. അതെന്താണെന്നുവെച്ചാല്‍ ലോജിക്ക്. ഈ സാധനം ഉണ്ടെങ്കില്് എന്തും ഏതും ആവാം.
അങ്ങനെയത്രേ നമുക്ക് കൊല്ലത്തെ ഒരു നേതാവിന് പുതിയ വിളിപ്പേര് കിട്ടിയത്. മൂത്താശാന്റെ കീഴില്‍ എല്ലാ അഭ്യാസമുറകളും പഠിച്ച് പയറ്റിത്തെളിഞ്ഞ നേതാവ് ഒരു സുപ്രഭാതത്തില്‍ ബദ്ധശത്രു അരിങ്ങോടരുടെ കളരിവാതുക്കല്‍ പഞ്ചപുച്ഛമടക്കി നില്ക്കുന്ന കാഴ്ച ഏത് ചേകവര്ക്കാണ് സഹിക്കുക. മാനം, മര്യാദ, നേരെവാ നേരെപോ നിലപാട് എന്നിവ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന വടക്കന്‍ ചേകവരുടെ മനപ്രയാസം മുപ്പത്തി മുക്കോടി ദേവതകള്‍ക്കും ഇല്ലായ്മ ചെയ്യാനാവില്ല. മാത്രവുമല്ല, വലിയൊരങ്കത്തിന് എഴുത്തോല കുറിച്ച് പരിശീലനം തുടങ്ങേണ്ട സമയത്താണ് അത് സംഭവിച്ചത്. പിന്നെ മടിച്ചു നിന്നിട്ടെന്ത് പ്രയോജനം. അങ്ങനെയാണ് ന്യൂജന്‍ സിനിമയിലും മറ്റ് കലാസാംസ്കാരിക രംഗത്തും എടുത്തു വീശുന്ന ഡയലോഗുകളിലെ സാഹിത്യം കൊണ്ട് ഒരു വീക്ക് വീക്കിയത്. പിന്നെ പറഞ്ഞുവന്നാല്‍ മേപ്പടി ചേകവരെ മനസാ അഭിനന്ദിച്ചുപോകും. ശ്രേഷ്ഠഭാഷയുടെ ശക്തി എത്രയുണ്ടെന്ന് പൊടുന്നനെ മാലോകരെ അറിയിച്ചുകൊടുത്തില്ലേ? ഇപ്പോഴിതാ ചേകവര്ക്കെതിരെ മുള്ള് മുരട് മൂര്‍ഖന്‍ പാമ്പൂള്പ്പെടെയുള്ള ചില സാഹിത്യ നായകന്മാര് രംഗത്തുവന്നിരിക്കുന്നു. ഛായ്, എന്തസംബന്ധം. ആംഗലേയത്തിലല്ലല്ലോ ചേകവര്‍ മൊഴിഞ്ഞത്. തന്നെയുമല്ല തന്റെ ശിഷ്യനെയാണ് അങ്ങനെ വിശേഷിപ്പിച്ചതെന്ന് നേര് നേരെയും നേരത്തെയും പറയുന്ന ജിഹ്വ വഴിപോലും വെളിപ്പെടുത്തിയിട്ടില്ല. പിന്നെന്തിനിങ്ങനെ കോലാഹലം. ഒരു ശ്രേഷ്ഠഭാഷയുടെ കൃത്യതയും ശക്തിയും മാലോകര്‍ക്ക് മനസ്സിലാക്കിച്ചുകൊടുക്കാന്‍ കാണിച്ച താന്‍പോരിമയ്ക്ക് ഇതാ കാലികവട്ടത്തിന്റെ കലക്കന്‍ അഭിനന്ദനം. പരമാവസ്ഥയിലെത്തിയ എല്ലാ ചേകവന്മാര്ക്കും വേണ്ടി ഇത് സമര്‍പ്പിച്ചുകൊണ്ട് നന്ദി, നമസ്കാരം.
വോട്ട് കാലമായാല്‍ യഥാര്‍ത്ഥ വില്ലന്മാരെ എളുപ്പം മനസ്സിലാക്കാം. പത്രപ്രവര്‍ത്തനത്തില്‍ (ദൃശ്യത്തിലും) നിഷ്പക്ഷത വേണമെന്നാണ് അടിസ്ഥാന തത്വം. എന്നാല്‍ അതത്രയും പരണത്തുവെച്ചാണ് ചില ആങ്കര്‍മാരും വാര്‍ത്താവായനക്കാരും സംസാരിക്കുക. അഭിമുഖക്കാരന്റെ വായിലേക്ക് നാലു പേജ് ചോദ്യം കുത്തിക്കയറ്റുന്നവര്, എന്താണ് താന്‍ ചോദിക്കുന്നതെന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവര്‍, അസംബന്ധ വിശദീകരണം വഴി പ്രേക്ഷകരെ വെളളം കുടിപ്പിക്കുന്നവര്‍…. ഇത്യാദി വഹകള്‍ എമ്പാടുമുണ്ട്. കോട്ടയം മുത്തശ്ശി മാധ്യമത്തില്‍നിന്നുള്ള ദൃശ്യ വിഭാഗത്തിന്റെ എതിരഭിപ്രായ പരിപാടിയില്‍ ശബരിമല ശാസ്താവിന്റെ ശിഷ്യന്റെതെന്ന് തോന്നിക്കുന്ന പേരുള്ള വിദ്വാന് കഴിഞ്ഞ ദിവസം ചാനലില്‍ ഇളകിയാടുന്നത് കണ്ടപ്പോള്‍ സോണിയാ-രാഹുല്‍ പ്രഭൃതികളില്‍ നിന്ന് കനത്ത അച്ചാരം വാങ്ങിയ പ്രതീതിയാണുളവാക്കിയതെന്ന് പലരും കാലികവട്ടത്തോട് പറഞ്ഞു. കേന്ദ്രത്തില്‍ മോദി ഭരണം ഒരു കാരണവശാലും വരാതിരിക്കാന്‍ ആവുന്നതൊക്കെ ചെയ്യണമെന്ന താല്‍പ്പര്യം പ്രേക്ഷകരില്‍ അടിച്ചേല്‍പ്പിക്കാന്‍ മാര്‍ജാരമാര്‍ഗം തന്നെയാണ് മേപ്പടിയാന് സ്വീകരിച്ചത്. മോദിപ്പാര്ട്ടിയില് നിന്ന് ആരെയും വിളിക്കാത്തതിനാല്‍ എല്ലാവര്ക്കും നിറഞ്ഞാടാന്‍ അവസരമുണ്ടായി. ഇമ്മാതിരി വിദ്വാന്മാര്ക്ക് മാധ്യമ പ്രവര്‍ത്തനത്തെക്കാള്‍ നന്ന് കപ്പലണ്ടിക്കച്ചവടം എന്നാണ് ഒരു വിധപ്പെട്ടവരൊക്കെ പറയുന്നത്. ഏതായാലും ഇത്യാദി വേഷം കെട്ടലുകാരെ നിയന്ത്രിക്കാന്‍ അതിന്റെ മൂത്താശാന്മാര് വിചാരിച്ചാല്‍ കുറച്ചൊക്കെ കഴിയും. ഇനി മൂത്താശാന്മാരും അതേ വഴി തന്നെയാണെങ്കില്‍ ജനങ്ങള്‍ നേരിട്ട് രംഗത്തിറങ്ങേണ്ടിയും വരും. അത് അത്ര സുഖകരമാകാനിടയില്ല.
സത്യം ചിലര്‍ മൂടിവെക്കുന്നത് കൊണ്ട് ഒരിക്കലും പുറത്തുവരാതിരിക്കില്ല എന്നു പറയുന്നു നമ്മുടെ മാധ്യമം ആഴ്ചപ്പതിപ്പ്. അവരുടെ ഏപ്രില്‍ 07 ലെ ലക്കത്തില്‍ തുടക്കം പംക്തിയില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും മൂടിവെക്കുന്നതും എന്ന തലക്കെട്ടിലാണ് ഇതുള്ളത്. സംഘപരിവാറിനെതിരെ നട്ടാല്‍ പൊടിക്കാത്ത പെരും നുണകളുടെ വിത്തിട്ട് മുളപ്പിക്കലാണല്ലോ മേപ്പടിയാന്മാരുടെ സ്ഥിരം കലാപരിപാടി. അത് എത്രമാത്രം മ്ലേച്ഛവും ക്രൂരവുമാണെന്ന് മറ്റൊരു സംഭവത്തിന്റെ ഉള്ളറകളിലൂടെ പോയ അവര്‍ തന്നെ പറയുന്നത് വായിക്കുമ്പോള്‍ ചെറിയൊരു സുഖമുണ്ട്. രണ്ടു വരി വായിക്കുക: കാലം മാറിയിരിക്കുന്നു. നമ്മുടെ വന്‍കിട പത്രങ്ങളും മാധ്യമങ്ങളും മൂടിവെക്കുന്നതുകൊണ്ടുമാത്രം സത്യം പുറത്തുവരാതിരിക്കില്ല. അതുപോലെ, ഭീകരത ചില പ്രത്യേക സമുദായത്തിനു മാത്രം ചാര്‍ത്തിക്കൊടുക്കുന്ന രീതിയും ഏറെക്കാലം വിലപ്പോവില്ല. ഇതു തന്നെയാണ് പത്രാധിപരേ പരശ്ശതം വായനക്കാര്‍ക്കും താങ്കളോട് പറയാനുള്ളത്. ഇടക്കൊക്കെ കണ്ണാടിയെടുത്ത് മുഖം നോക്കണം. മറ്റുള്ളവരുടെ നേരെ വിരല്‍ ചൂണ്ടുമ്പോള്‍ മുന്നു വിരല്‍ ആര്‍ക്കുനേരെ ചൂണ്ടപ്പെടുന്നു എന്നും കാണണം.
കറുകറുത്ത രാവ് എനിക്ക് ആഴത്തിലുള്ള രണ്ടു കണ്ണുകള്‍ തന്നു, വെളിച്ചം തേടാന്‍
എന്ന ഗ്രൂചെങ്ങിന്റെ ഒരു ചൈനീസ് കവിത തുടക്കത്തിന്റെ ഒടുവില്‍ കൊടുത്തിട്ടുണ്ട്. ആഴത്തിലുള്ള കണ്ണുകള്‍ വെളിച്ചം തേടാനാണെങ്കില്‍ മാധ്യമം അത് കുത്തിപ്പൊട്ടിച്ച് ഇവിടെ ഇരുട്ടാണേ എന്ന് അലമുറയിടുകയാണ്. ആര്‍ക്കെന്ത് ചെയ്യാനാവും ?
തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് തകരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് എതിരായി കേരളം വിധിയെഴുതുമെന്ന് കെപിസിസി അദ്ധ്യക്ഷനും പറയുന്നു. ഇരുവരുടെയും നിലപാടുകളും വിശകലനങ്ങളും മലയാളം വാരിക (ഏപ്രില്‍ 11)യില്‍ കാണാം. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് എന്തൊക്കെ കഴിവുകള്‍ വേണം, ഏത് നിലപാട് സ്വീകരിക്കണം തുടങ്ങിയ സംശയങ്ങള്‍ക്ക് പാര്‍ട്ടിയുടെ ചട്ടക്കൂടിന്റെ കാഠിന്യം വ്യക്തമാക്കിക്കൊടുക്കുന്നു അതിന്റെ സെക്രട്ടറി. നേരെ ചൊവ്വെ പറഞ്ഞാല്‍ മുമ്പ് എന്തൊക്കെ കുറ്റവും കുറവും ഉണ്ടെങ്കിലും പാര്‍ട്ടി തൊട്ടാല്‍ എല്ലാം ഗംഗയില്‍ കുളിച്ചുകയറിയ അവസ്ഥയാവും എന്ന്. ഒന്നുകൂടി ലളിതമാക്കിയാല്‍ ഏത് മൂന്നാംകിടയ്ക്കും പാര്‍ട്ടി ലേബലുണ്ടെങ്കില്‍ പിന്നെ പ്രശ്നമല്ല.
താന്‍ പ്രായോഗികവാദിയാണെന്ന നിലപാടാണ് കെപിസിസി അദ്ധ്യക്ഷന്റേത്. അതുകൊണ്ടാണത്രെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തി കടന്നുപോകാന്‍ താല്‍പ്പര്യമില്ല. മറിച്ച് ഇടപെട്ട് പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ഇരു നേതാക്കളെയും കണ്ട് സംസാരിച്ചത് ദ ന്യു ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ റസിഡന്റ് എഡിറ്റര്‍ (കേരളം) വിനോദ് മാത്യുവാണ്. വോട്ടുചെയ്യാന്‍ പോവുന്നവരും അല്ലാത്തവരും വായിച്ചാല്‍ കുറച്ചൊക്കെ ഗുണമുണ്ട് എന്നതാണിതിലെ മറ്റൊരുവശം.
ഏറെ കാലത്തിനു ശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പ് (ഏപ്രില്‍ 19) അതിന്റെ സ്വത്വാത്മക ഗരിമയില്‍ എത്തിയതില്‍ വളരെയേറെ പേര് സന്തോഷിക്കുന്നുണ്ടാവും. മലയാള സാഹിത്യത്തില്‍ ഒരു വിസ്ഫോടനമുണ്ടാക്കുന്ന സംഭവഗതികളെക്കുറിച്ച് വാരിക പറയുന്നു. നാം ഇതുവരെ വായിച്ച ഇന്ദുലേഖ യഥാര്‍ത്ഥ ഇന്ദുലേഖ ആയിരുന്നില്ല. വനിതകളെ ശാക്തീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇംഗ്ലീഷ് വിദ്യാഭ്യാസം അവര്‍ക്കു ലഭിച്ചാല്‍ അത് ഏറെ പ്രയോജനപ്പെടുമെന്ന് ചന്തുമേനോന്‍ കരുതിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ഇന്ദുലേഖയിലെ പ്രധാനപ്പെട്ട അന്ത്യഭാഗം എന്തുകൊണ്ടോ മാറ്റിമറിക്കപ്പെട്ടു.
മലയാളത്തിലെ ആദ്യ സ്ത്രീവിമോചക പ്രസ്താവമെന്ന് വിശേഷിപ്പിക്കാവുന്ന വരികളാണ് ഏതൊക്കെയോ ഗൂഢനീക്കങ്ങളാല്‍ ഒഴിവാക്കപ്പെട്ടത്. സ്ത്രീകളെ പുരുഷന്റെ വരുതിയില്‍ നിര്‍ത്തണമെന്ന താല്പ്പര്യമാവുമോ അതിന്റെ പിന്നില്‍? വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്ന് മലയാളത്തിലെ രണ്ട് നിരൂപകര്‍ യഥാര്‍ത്ഥ ഇന്ദുലേഖയെ കണ്ടെത്തി. ഗളഛേദം ചെയ്യാത്ത അന്ത്യഭാഗം മാതൃഭൂമിയില്‍ അതേ പഴയ മലയാള അക്ഷരങ്ങളോടെ പുനരവതരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മലയാള ഭാഷാ വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യ കുതകികള്ക്കും ഗവേഷകര്‍ക്കും ആയതു നല്കുന്ന ആഹ്ലാദം അളവില്ലാത്തതാണ്. ഡോ.പി.കെ. രാജശേഖരനും ഡോ.പി. വേണുഗോപാലനുമാണ് ക്ലേശകരമായ ദൗത്യം വിജയപഥത്തിലെത്തിച്ചത്. ഇരുവരോടും മലയാണ്മ ഏറെ കടപ്പെട്ടിരിക്കുന്നു; ഒപ്പം മാതൃഭൂമിയോടും.
കോവിലന്റെ വിഖ്യാതമായ തട്ടകം നോവലിന്റെ രണ്ടാം ഭാഗത്തിന് തയാറാക്കിയ മൂന്നു ഭാഗമുള്ള അപ്രകാശിതവും അപൂര്‍ണവുമായ രചനയും മാതൃഭൂമിയുടെ ഈ ലക്കത്തിലുണ്ട്. കോവിലന്റെ മകള്‍ പ്രൊഫ. വിജയ. വി.എ. യാണ് എഴുതിയിരിക്കുന്നത്. ‘അച്ഛന്റെ കുട്ടി അച്ഛനെ വായിക്കുന്നു’ എന്ന് തലക്കെട്ട്. പുതുവഴികളിലൂടെയുള്ള മാതൃഭൂമി യുടെ പ്രയാണം ഇനിയെങ്കിലും കെടുവഴി തേടാതിരിക്കട്ടെ.
അമ്പലപ്പുഴ പാല്‍പ്പായസം അതീവരുചികരമാണ്, പരിശുദ്ധിയുള്ളതാണ്, പവിത്രമാണ്, ദേവചൈതന്യം കുടികൊള്ളുന്നതാണ്. എന്നുവെച്ച് ദിനേന അതു തന്നെ സേവിച്ചാല്‍ എന്താവും സ്ഥിതി? പിന്നെയത് കാണുമ്പൊഴേ മനംപിരട്ടും. ഓര്‍ത്താല്‍ പോലും അതാവും സ്ഥിതി. മലയാളികളുടെ പ്രിയങ്കരനായ രമേശന് നായരുടെ കവിതകള്‍ എല്ലാ ആഴ്ചയും കൊടുക്കുന്നു ദേശീയവാരിക. എത്ര അരോചകം എന്നു പറയുന്നില്ല. അങ്ങനെ പറയുന്നതുപോലും അരോചകമല്ലേ? കവിയെയും വായനക്കാരെയും ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ശരിയോ എന്നു താഴ്മയായി ചോദിക്കാന്‍ 10 രൂപ കൊടുത്ത് വാരിക വാങ്ങുന്നവര്‍ക്ക് അവകാശമുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ചിന്തിച്ചാല്‍ സമൂഹത്തിന് നല്ലത് ഭവിക്കും.
തൊട്ടുകൂട്ടാന്‍
ഓരോ നെന്മണിയെയും
പ്രത്യേകം പ്രത്യേകം
എടുത്തോമനിക്കാനാകാതെ
അവള് നിരാശപ്പെട്ടു.
ഓരോ നെന്മണിയിലും
എഴുതിയിരുന്നു
വിശ്വാസം തകര്‍ന്ന
അവളുടെ പേര്
ദേശമംഗലം രാമകൃഷ്ണന്
കവിത: അന്നന്നത്തെ അപ്പം
മലയാളം വാരിക (ഏപ്രില്‍ 11)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: