കേരളത്തിന്റെ ആദ്യത്തെ പ്രാന്തപ്രചാരകന് മാനനീയ ഭാസ്കര്‍റാവുവിന്റെ പരിലാളനത്തില്‍ വളര്‍ന്ന ്നൂറുകണക്കിന് സംഘപ്രവര്‍ത്തകര്‍ ഇന്നും നമ്മുടെയിടയില്‍ സജീവരായി പ്രവര്‍ത്തിക്കുന്നു. മുപ്പത്തിരണ്ടുവര്ഷങ്ങള്ക്കുമുമ്പ് അദ്ദേഹം. കേരളത്തില്‍നിന്നും പുതിയ ചുമതലയേറ്റെടുക്കാനായി മുംബൈയിലേക്ക് പോയപ്പോഴും പഴയ ബന്ധങ്ങളുടെ ഊഷ്മളത കെടാതെ നോക്കിയിരുന്നു. അഖിലഭാരതീയതലത്തില്‍ വനവാസികല്യാണാശ്രമത്തിന്റെയും അതിനോട് ബന്ധപ്പെട്ട വനവാസി വിഭാഗങ്ങളുടെയും ബഹുമുഖമായ വളര്‍ച്ചയും വികാസവും മുന്‍നിര്‍ത്തി ആ ജനങ്ങള്‍ക്ക്, തങ്ങളും മഹത്തായ ഭാരതീയ പാരമ്പര്യത്തിന്റെയും സംസ്ക്കാരത്തിന്റെയും തുല്യമായ അവകാശികളാണെന്ന ബോധം ഊട്ടിയുറപ്പിക്കുന്ന മഹാദൗത്യം അദ്ദേഹം ഫലപ്രദമായി നടപ്പാക്കി. അതിന്റെ സദ്ഫലങ്ങള്‍ രാജ്യത്തുടനീളമുള്ള വനവാസി മേഖലകളില്നടന്നുവരുന്ന പതിനായിരക്കണക്കിന് സംരംഭങ്ങളുടേയും പ്രകല്പ്പങ്ങളുടേയും രൂപത്തില്‍ ഇന്ന് നമുക്കു കാണാന്‍ കഴിയും. ജീവിതത്തിന്റെ നാനാതുറകളിലും സമുന്നതമായ പദവികള്‍ വിജയകരമായി വഹിക്കുന്ന നൂറുകണക്കിനാളുകളെ ഇന്ന് കാണാന്‍ കഴിയും.
കേരളത്തില്‍ പ്രാന്തപ്രചാരകനായിരുന്നപ്പോഴും അതിന് മുമ്പ്, ഇവിടെത്തെ സംഘപ്രവര്‍ത്തനത്തെ പിച്ചവെപ്പിച്ച കാലത്തും അദ്ദേഹം നിരവധി ചെറുപ്പക്കാരുടെ സ്വഭാവവും സംസ്കാരവും ഉത്തമമായ വിധത്തില്‍ മെനഞ്ഞെടുത്തിരുന്നു. അവര്‍ ഇപ്പോഴും നമ്മുടെയിടയിലുണ്ട്. ഭാസ്കര്‍റാവുവിന്റെ ഓര്‍മകളെ അവര്‍ക്ക് എന്നും തഴുകിത്താലോലിക്കാന്‍ കഴിയുന്നു.
അത്തരത്തിലൊരാളായിരുന്നു ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മസ്ക്കറ്റില്‍ അന്തരിച്ച ഗോപു. അദ്ദേഹത്തെ ഗോപു എന്നല്ലാതെ ശരിയായ പേരില്‍ വിളിക്കേണ്ട അവസരമുണ്ടായിട്ടില്ല. ഗോപാലകൃഷ്ണനോ ഗോപീകൃഷ്ണനോ ആകാം. മരണവാര്‍ത്ത ഭാസ്കര്‍റാവുവിന്റെ കൈകളിലൂടെ തന്നെ വളര്‍ന്ന എറണാകുളത്തെ മറ്റൊരു മുതിര്‍ന്ന സ്വയംസേവകനായ പച്ചാളം വിജയനാണറിയിച്ചത്. ഏതാണ്ട് അഞ്ചരപ്പതിറ്റാണ്ടുകാലത്തെ അടുപ്പമുണ്ടായിരുന്ന ഗോപുവിന്റെ ഓര്മ അയവിറക്കി വളരെ നേരം കഴിഞ്ഞു. 1957 ആദ്യം പ്രചാരകനായി പുറപ്പെട്ട് എറണാകുളം പത്മാ ജംഗ്ഷന് സമീപമുണ്ടായിരുന്ന കാര്യാലയത്തിലെത്തിയതായിരുന്നു ഞാന്‍. ആദ്യം എറണാകുളത്തെ ചില ശാഖകളില്‍ പോയി സ്വയംസേവകരുമായി അടുപ്പം സ്ഥാപിക്കാന്‍, പ്രചാരക് പരമേശ്വര്‍ജി നിര്‍ദ്ദേശിച്ചു. അങ്ങനെ അദ്ദേഹവും പരമാര ശാഖയയുടെ ചുമതല വഹിച്ചിരുന്ന സുരേന്ദ്രനുമൊരുമിച്ച് പോയ സംഘസ്ഥാനില്വെച്ചാണ് ആദ്യമായി ഗോപുവിനെ പരിചയപ്പെട്ടത്. മിക്കവാറും ബാല സ്വയംസേവകര്‍ ഉള്ളശാഖയായിരുന്നു അത്. പരമാരക്ഷേത്രം തുറന്ന മൈതാനത്തായിരുന്നു അന്ന്. ഒരു പുറമതില്‍ മാത്രം. പ്രായത്തിനനുസരിച്ച പൊക്കമില്ലാത്ത ഗോപു സ്കൂളില്‍ പഠിക്കുകയായിരുന്നു. അതേ ശാഖയിലെ സന്താനകൃഷ്ണും ലക്ഷ്മിനാരായണനും പിന്നീട് ഉയര്‍ന്ന ചുമതലകള്‍ വഹിച്ചു. സുധീന്ദ്ര ആസ്പത്രിക്കെതിര്വശത്ത് ചെറിയ വ്യാപാരവുമായി താമസിക്കുന്ന സന്താനകൃഷ്ണനെ അച്ഛനും മുത്തച്ഛനുമൊക്കെ ആയ സ്ഥിതിയില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ എറണാകുളം സന്ദര്‍ശനത്തിനിടയില്‍ കാണാറുണ്ടായിരുന്നു.
നോര്‍ത്ത് സ്റ്റേഷന് റോഡില്‍ ഇഎസ്ഐ ആസ്പത്രിക്ക് സമീപം താമസിച്ചിരുന്ന ഗോപുവിനേയും എറണാകുളത്ത് വരുമ്പോള്‍ കാണാറുണ്ടായിരുന്നു. 1972 ല്‍ ഇഎസ്ഐ ആസ്പത്രി പിടിച്ചെടുക്കല്‍ സമരം നടത്തിയപ്പോള്‍ അതിന് അദ്ദേഹം ഒത്താശ ചെയ്തിരുന്നു. ഗോപുവിന്റെ കുടുംബം മുഴുവന്‍ സംഘവുമായി താദാത്മ്യം പ്രാപിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് പ്രാന്തപ്രചാരകായിരുന്ന ഭാസ്കര്‍റാവുജി താമസിക്കാന്‍ തിരഞ്ഞെടുത്ത വീടുകളിലൊന്ന് അതായിരുന്നു. സ്റ്റേഷനുമായുള്ള സാമീപ്യം എറണാകുളത്തെ താരതമ്യേന ഒഴിഞ്ഞ ഒരു ഭാഗം എന്നീ സൗകര്യങ്ങളായിരുന്നു അതിനു കാരണം. അതിനുശേഷവും അദ്ദേഹം വനവാസി ചുമതല വഹിച്ചിരുന്നപ്പോള്‍ എത്തിയ അവസരങ്ങളില്‍ ഗോപുവിന്റെ വീടു സന്ദര്‍ശിക്കുമായിരുന്നു.
സദാ പ്രസന്നവദനനായിരുന്ന ഗോപു നര്‍മഭാഷണത്തില്‍ കുശലനുമായിരുന്നു. മകന്റെ കൂടെ വിദേശത്താണ് അവസാനകാലം കഴിഞ്ഞതെന്ന് മരണവാര്ത്തയോടൊപ്പമാണ് അറിഞ്ഞത്. എന്റെ വിവാഹ സമയത്ത് ഉപഹാരങ്ങള്‍ സ്വീകരിക്കേണ്ട എന്ന് നിശ്ചയിച്ചിരുന്നെങ്കിലും അദ്ദേഹം സമ്മാനിച്ച വസ്തു സ്വീകരിക്കാതെ കഴിഞ്ഞില്ല. കുറേ വര്‍ഷങ്ങളായി സജീവപ്രവര്ത്തനത്തിലില്ലാതിരുന്നതിനാലാവാം പുതിയ തലമുറയിലെ ആള്ക്കാര് ഗോപുവിനെ വേണ്ടവിധം അറിയാതിരുന്നത്.
ഏതാണ്ട് അതേ സമയത്തുതന്നെയാണ് കോട്ടയം ജില്ലയിലെ കൂരോപ്പടയിലെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന ശിവരാമന് ചേട്ടന്റെ ദേഹവിയോഗവും ഉണ്ടായത്. പ്രാന്തപ്രചാരക് പി.ആര്.ശശിധരന്റെ അച്ഛന് എന്നനിലയ്ക്കാണ് അദ്ദേഹം അടുത്ത കാലത്തായി അറിയപ്പെട്ടത്. തൊടുപുഴയിലെ സംഘപ്രവര്‍ത്തകരോടൊപ്പം അദ്ദേഹത്തിന്റെ അന്ത്യസംസ്കാര കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. ആ ഭാഗത്തെ ആദ്യകാലപ്രവര്‍ത്തകര്‍ മുഴുവനും തന്നെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. 1950 കളില്‍ എം.എ.സാര്‍ വാഴൂര്‍ വിദ്യാധിരാജ ഹൈസ്കൂളിലെ അധ്യാപകന്റെ വേഷത്തില്‍ സംഘപ്രചാരകനായി പ്രവര്‍ത്തിച്ച കാലത്ത് കൂരോപ്പടയിലും ആനിക്കാട്ടും ളാക്കാട്ടൂരും മറ്റുമുള്ള സ്വയംസേവകര്‍ പത്തും പന്ത്രണ്ടും കിലോമീറ്റര്‍ നടന്ന് വാഴൂര്‍ പോയി സംഘപ്രവര്‍ത്തനത്തിന്റെ പരിചയം നേടിയിരുന്ന കാലത്തെപ്പറ്റി എസ്.ശിവരാമപ്പണിക്കര്‍ നാഞ്ഞിലത്തു ഗോപാലന്‍നായരും മറ്റും അനുസ്മരിക്കുകയുണ്ടായി. അതേകാലത്തുതന്നെ പൊന്‍കുന്നം സ്കൂളിലെ അധ്യാപക വേഷത്തില്‍ പ്രചാരകനായി ചെന്ന എ.വി.ഭാസ്ക്കര്ജിയേയും ചിലര്‍ പരാമര്‍ശിച്ചു. 1964 ല്‍ ഞാന്‍ കോട്ടയം ജില്ലാ പ്രചാരകനായി ചെല്ലുന്ന കാലത്തുതന്നെ ശിവരാമന് ചേട്ടന് മുതിര്‍ന്ന സ്വയംസേവകരുടെ കൂട്ടത്തിലായിക്കഴിഞ്ഞിരുന്നു. അവിടത്തെ രണ്ടാം തലമുറ സ്വയംസേവകരില്‍ ഒരാള്‍ പ്രാന്തപ്രചാരകനായി എന്നത് കൂരോപ്പടക്കാര്‍ക്ക് അന്തസ്സനുഭവിക്കാവുന്ന കാര്യം തന്നെ. കേരളത്തിന്റെ മിക്കവാറും എല്ലാ സ്ഥലങ്ങളിലുമുള്ള കാര്യകര്‍ത്താക്കള്‍ ശിവരാമന് ചേട്ടന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
കഴിഞ്ഞയാഴ്ച കാസര്‍കോട്ടെ ഒരു മുതിര്‍ന്ന സ്വയംസേവകന്റെ ചരമവാര്‍ത്തയും ജന്മഭൂമിയിലൂടെ അറിയാനിടയായി. നിരവധി വര്‍ഷങ്ങളായി സംഘത്തിലും പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടിയിലും സുപ്രധാനമായ ചുമതലകള്‍ വഹിച്ചിരുന്ന കെ.ജഗദീശാണ് അദ്ദേഹം. സംസ്ഥാന സമിതികളില്‍ അംഗമായിരുന്നു. ഞാന്‍ കാസര്‍കോട്ടെ പ്രവര്‍ത്തനങ്ങളുടെ ചുമതലകള്‍ വഹിച്ചിരുന്ന കാലത്തൊക്കെ അദ്ദേഹം ഒരുമിച്ചുവരാറുണ്ടായിരുന്നു.
അദ്ദേഹത്തെ ഓര്‍മിക്കാന്‍ ഒരു വിശേഷാല്‍ കാരണം കൂടിയുണ്ട്. ചങ്ങനാശ്ശേരിയിലെ വാഴപ്പിള്ളിശാഖയില് വന്നിരുന്ന ജഗദീശന് എന്ന കോളേജ് വിദ്യാര്‍ത്ഥിയുമായുള്ള രൂപസാദൃശ്യം കൗതുകകരമായിരുന്നു. പൊക്കവും പ്രായവുമൊക്കെ കാഴ്ചയില്‍ സമാനമാണ്. പെരുന്നയിലെ കാര്യാലയത്തില്‍ കോളേജിലെ വിശ്രമവേളകളില്‍ വന്നിരുന്ന സംഭാഷണത്തിലേര്‍പ്പെടുന്ന ധാരാളം യുവാക്കളില്‍ പ്രമുഖനായിരുന്ന ജഗദീശന്. ഏതുകാര്യത്തിലും ഒരു സംശയാലുത്വം അദ്ദേഹത്തിനുണ്ടായിരുന്നു.
1967 ല്‍ കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ നടന്ന ഗണേശോത്സവഘോഷ യാത്രക്കു നേരെ ആക്രമണമുണ്ടാകുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ പോലീസ് വെടിവെച്ചതില്‍ എബിവിപിക്കാരായ രണ്ടു വിദ്യാര്‍ത്ഥികള്‍ (ശാന്താറാം ഷേണായി, സുധാകര്‍ അഗ്ഗിത്തായ) കൊല്ലപ്പെട്ടു. സെപ്തംബര്‍ 11 ന് കേന്ദ്രസര്‍ക്കാരിനെതിരെ ഇഎംഎസിന്റെ സപ്തകക്ഷി മുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ച ബന്ദില്‍ പങ്കെടുക്കാതെ നഗരത്തില്‍ ഗണേശോത്സവം ആഘോഷപൂര്‍വം നടത്തിയതായിരുന്നു പ്രകോപനം.
കാസര്‍കോട്ടെത്തി നേരിട്ടു സ്ഥിതിഗതികള്‍ മനസ്സിലാക്കി റിപ്പോര്‍ട്ടു നല്കാന് നിയുക്തനായ ഞാന്‍ അവിടെ ചെന്നു. ശ്മശാന മൂകമായിരുന്നു മല്ലികാര്‍ജ്ജുനക്ഷേത്രവും പരിസരങ്ങളും അവിടത്തെ യുവപ്രവര്‍ത്തകര്‍ സംഭവസ്ഥലം ചൂണ്ടിക്കാട്ടി. ക്ഷേത്രമതില്ക്കകത്ത് ആ വിദ്യാര്‍ത്ഥികള്‍ വെടിയേറ്റു വീണ സ്ഥലത്തെ ചോര ഉണങ്ങിയിരുന്നില്ല. തോക്കില്‍നിന്നു ഉതിര്‍ന്ന ഉണ്ടകളുടെ കവചങ്ങള്‍ അവിടെ കിടപ്പുണ്ടായിരുന്നു. വിവരങ്ങള്‍ മനസ്സിലാക്കാനായി ഏതാനും പ്രവര്‍ത്തകരുമായി ഒരു വീട്ടിന്റെ പുറത്തളത്തില് ഇരുന്നു സംസാരിച്ചു. അക്കൂട്ടത്തിലാണ് ചിരപരിചിതനായ ഒരു ചെറുപ്പക്കാരനെ കണ്ടത്.
“ജഗദീശാ നിങ്ങള്‍ എങ്ങനെ ഇവിടെ?” എന്നന്വേഷിച്ചാലോ എന്നു വിചാരിച്ചു. ഓരോരുത്തരായി പരിചയപ്പെട്ടപ്പോള്‍ അയാള്‍ ജഗദീശ് തന്നെ. സുഗമമായി മലയാളം സംസാരിക്കാന്‍ തടസ്സമുണ്ടെങ്കിലും ഒരുവിധം ഒപ്പിക്കും. ചങ്ങനാശ്ശേരിയിലെ ജഗദീശന്റെ അതേ പ്രായവും ഛായയുമുള്ള അദ്ദേഹത്തിന്റെ പേരും അതുതന്നെയായി എന്നത് രസകരമായി. കാര്യം അദ്ദേഹത്തോടു പറയുകയും ചെയ്തു.
പിന്നീട് വര്‍ഷങ്ങള്‍ തന്നെ ജഗദീശനുമായി അടുത്തു പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായി. നിത്യവും കൈകാര്യം ചെയ്യുന്ന പാത്രങ്ങള്‍ കൂട്ടിമുട്ടി ശബ്ദമുണ്ടാക്കുന്നതുപോലെ ജഗദീശനും മറ്റുളളവരുമായി ഇണങ്ങിയും ഇണങ്ങാതെയുമുള്ള ബന്ധം ഉണ്ടായിരുന്നുവെന്നുവെന്നറിയാന് കഴിഞ്ഞു. 2004 ല്‍ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ ഒരു പരിപാടിക്കും പിന്നീട് അടിയന്തരാവസ്ഥാ പീഡിതരുടെ സംഗമത്തിനും കാസര്‍കോട് പോയപ്പോഴും അദ്ദേഹവുമായ പഴയ ഊഷ്മള ബന്ധം പുതുക്കാന്‍ കഴിഞ്ഞു.
ചങ്ങനാശ്ശേരിയിലെ ജഗദീശന് പിഎസ്സി നിയമനം കിട്ടി കുറച്ചുകാലം കാസര്‍കോട്ടു ജോലി ചെയ്തവിവരം അദ്ദേഹം തന്നെ ഒരിക്കല്‍ പറഞ്ഞു. ആ ജഗദീശന്മാര് കണ്ടുമുട്ടിയില്ല.
ജന്മഭൂമിയിലെ വാര്‍ത്തയും അനുസ്മരണവും വായിച്ചപ്പോള്‍ മനസ്സില്‍ കടന്നുവന്നത് എഴുതിയെന്നുമാത്രം.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: