ഈശ്വരന്‍ അനുഗ്രഹിച്ചു നല്‍കിയ തേന്‍തുള്ളിപോലുള്ള മധുര സ്വരം…ആരും ഒന്ന് കേട്ടിരുന്നു പോകും… പ്രായം 50 പിന്നിടുമ്പോഴും ആ മധുരസ്വരം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നതിന് പിന്നില്‍ പ്രത്യേകിച്ച് രഹസ്യമൊന്നുമില്ലെന്നാണ് ഈ കലാകാരിയുടെ പക്ഷം. സിനിമാ- സീരിയല്‍ മേഖലകളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചുവരുന്ന സുമംഗലയാണ് ഈ മധുരസ്വരത്തിന്റെ ഉടമ.
പ്രായം ഇത്രപിന്നിട്ടെങ്കിലും ശബ്ദത്തിന് ഇപ്പോഴും വിറയലില്ല, ഓരോ ദിനം കടന്നുപോകുമ്പോഴും ശബ്ദത്തിന്റെ സൗകുമാര്യത ഏറി വരുന്നു. എറണാകുളം വരാപ്പുഴ സ്വദേശിയായ സുമംഗല 2007-ലാണ് ഡബ്ബിങ് മേഖലയിലേക്ക് കടന്നുവരുന്നത്. ഫെഫ്കയിലൂടെയുള്ള തുടങ്ങിയ ആ യാത്ര ഇന്ന് അഭിനയലോകത്ത് എത്തിനില്‍ക്കുന്നു.
കുട്ടിക്കാലത്ത് സംഗീതത്തിനോടായിരുന്നു താല്‍പ്പര്യം. തിരുവനന്തപുരത്തെ സ്കൂള്‍ കാലഘട്ടത്തില്‍ തുടങ്ങിവെച്ച ശബ്ദത്തിന്റെ വഴിയിലേക്കുള്ള ആദ്യ യാത്രയെ ജീവിതത്തിലെ സുന്ദരമായ കാലഘട്ടം എന്നു പറയാനാണ് അവര്‍ക്ക് ഏറെ ഇഷ്ടം. റേഡിയോയിലെ ‘ബാലലോകം’എന്ന ആ പരിപാടി ഇന്നും ഓര്‍മ്മയില്‍ മങ്ങാതെ കിടക്കുന്നു.
എറണാകുളത്തെ ഒരു പരസ്യ കമ്പനിയില്‍ ജോലിചെയ്തുവരുമ്പോഴാണ് സുമംഗലയുടെ ജീവിതം മാറ്റിമറിക്കപ്പെട്ടത്. സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ പ്രോഗ്രാം മാനേജരാകാന്‍ അവസരം ലഭിച്ചതോടെ ഡബ്ബിങ്ങിന്റെ മേഖലയിലേക്കുള്ള വഴിയുംതെളിഞ്ഞു. അങ്ങനെ പരിപാടികള്‍ക്ക് ശബ്ദം നല്‍കിത്തുടങ്ങി.
അക്കാലത്തൊക്കെ പരിപാടിയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ് ശബ്ദം നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ കൊച്ചി എഫ്.എമ്മിലടക്കം പരിപാടികള്‍ക്ക് ശബ്ദം നല്‍കാന്‍ സുമംഗലക്ക് അവസരം ലഭിച്ചു. പരിചയസമ്പന്നരായ പലരും ഉണ്ടായിട്ടും ഇവരുടെ ശബ്ദം വേറിട്ടുനിന്നു.
ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് ഈ മേഖലയില്‍ തുടരാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങളായി ഈ മേഖലയില്‍ നില്‍ക്കുന്ന പലരുടെയും ഇടയിലേക്ക് വളരെ വൈകിയാണ് ചെന്നതെങ്കിലും പരിചയസമ്പന്നരായ പലരും ഇരു കയ്യുംനീട്ടിയാണ് തന്നെ സ്വീകരിച്ചതെന്ന് ഈ കലാകാരി പറയുന്നു. ചലച്ചിത്ര നടി താരാകല്ല്യാണിന്റെ അമ്മ സുബ്ബലക്ഷ്മിക്കുവേണ്ടിയാണ് ആദ്യം ശബ്ദം നല്‍കിയത്. മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിക്ക് ശബ്ദം നല്‍കുന്നതും സുമംഗലയാണ്.
2007- മുതല്‍ ഈ കാലം വരെയും എത്ര പേര്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ടെന്ന് ഇവര്‍ക്ക് ഓര്‍മ്മയില്ല. ഓര്‍മ്മ മങ്ങിയിട്ടല്ല. എണ്ണിയാല്‍ തീരാത്ത അത്ര തവണ ശബ്ദം നല്‍കിയിട്ടുണ്ടെന്നും അവയൊന്നും എണ്ണിവെക്കാറില്ലെന്നും സുമംഗല പറയുന്നു.
ഡബ്ബിങ് ജോലികള്‍ ചെയ്തു വരുന്നതിനിടെയാണ് അഭിനയലോകത്തേക്കുള്ള ചുവടുമാറ്റം. “അഭിനയിക്കാനുള്ള കഴിവുണ്ടെന്ന് പലരും പറഞ്ഞെങ്കിലും കാമറക്കു മുന്നില്‍ നില്‍ക്കാന്‍ ആദ്യമൊന്നും താല്‍പ്പര്യമുണ്ടായിരുന്നില്ല. അടച്ചിട്ടമുറിയില്‍ ആരെയും കാണാതെ ശബ്ദം നല്‍കുന്നത് എളുപ്പമാണെന്നും കാമറയുടെ മുന്നില്‍ അത് പറ്റില്ലെന്നും വിചാരിച്ചിരുന്നു. ഇപ്പോള്‍ അഭിനയത്തിനോടാണ് താല്‍പ്പര്യം. വലിയ വലിയ കഥാപാത്രങ്ങളല്ലെങ്കിലും സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിക്കുന്നുണ്ട്.”- സുമംഗല പറഞ്ഞു.
ശബ്ദത്തിന്റെയും അഭിനയത്തിന്റെയും മേഖലകളില്‍ വൈകി വന്ന ആളാണ് ഈ കലാകാരി. പ്രായത്തിന്റെ പരിഗണനയാണ് ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു. അമ്മ വേഷങ്ങളാണ് അധികവും ചെയ്യുന്നത്. പ്രമാണി, ചട്ടക്കാരി, ഉലകംചുറ്റം വാലിഭന്‍ തുടങ്ങിയവയാണ് സുമംഗലയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.
തിരക്കേറിയതിനാല്‍ ഇപ്പോള്‍ സീരിയല്‍ മാറ്റിനിര്‍ത്തി സിനിമയില്‍ മാത്രമാണ് ഡബ്ബ് ചെയ്യുന്നത്. “അഭിനയിക്കുന്നവരില്‍ നിന്നുമാത്രമല്ല പലരില്‍ നിന്നും അവജ്ഞ നേരിടേണ്ടി വരുന്ന മേഖലയാണ് ഡബ്ബിങ്. പലപ്പോഴും നമ്മുടെ പേരുകള്‍ സിനിമാക്കാര്‍ വിട്ടു പോകുന്നു. സിനിമയുടെ തുടക്കത്തില്‍ അല്ലെങ്കില്‍ അവസാനമെങ്കിലും പേരുകളൊക്കെ എഴുതിച്ചേര്‍ത്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. പല നടിമാരും സ്വന്തം വിജയത്തിനുപിന്നില്‍ മറ്റാരുടെയും പേര് ചേര്‍ക്കാന്‍ ആഗ്രഹിക്കാത്തവരാണ്.” സുമംഗല കൂട്ടിച്ചേര്‍ത്തു.
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ മകള്‍ കൂടിയാണ് സുമംഗല. “കാര്‍ട്ടൂണുമായിട്ട് യാതൊരു ബന്ധവുമില്ലെങ്കിലും എഴുത്തിനോട് ചെറിയ കമ്പമുണ്ട്. പലയിടത്തും സംസാരിക്കുന്നതുകേട്ട് അച്ഛന്‍ തന്നെയാണ് എന്റെ തലയില്‍ എന്തൊക്കെയോ ഉണ്ടെന്ന് പറഞ്ഞത്. ഒരു നോവലിന്റെ പണിപ്പുരയിലാണ്. പ്രസിദ്ധീകരിച്ചില്ലെങ്കിലും എഴുത്ത് വിടില്ല.”- അവര്‍ പറഞ്ഞു നിര്‍ത്തി…
ഭര്‍ത്താവ് കെ.ജി.സുനിലിനും ഇളയമകനുമൊത്താണ് ഇപ്പോള്‍ താമസം. മൂത്തമകന്‍ കുടുംബത്തിനൊപ്പം ബംഗളൂരുവിലാണ്.
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: