സിംഗപ്പൂര്‍: ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധു, കെ. ശ്രീകാന്ത്, സായി പ്രണീത് എന്നിവര്‍ സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
വനിതാ വിഭാഗത്തില്‍ എട്ടാം സീഡ് പി.വി. സിന്ധു ജപ്പാന്റെ ഷിസുക ഉചിഡയെ തകര്‍ത്താണ് ക്വാര്‍ട്ടറിലെത്തിയത്. ഒരു മണിക്കൂറും മൂന്നുമിനിറ്റും നീണ്ട പോരാട്ടത്തില്‍ 21-17, 17-21, 21-16 എന്ന സ്കോറിനാണ് സിന്ധു ജപ്പാന് താരത്തെ കീഴടക്കിയത്. അതേസമയം മറ്റൊരു മത്സരത്തില്‍ ദേശീയ ചാമ്പ്യന്‍ പി.സി. തുളസി രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ട് പുറത്തായി. 35 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ ലോക രണ്ടാം നമ്പര്‍ ചൈനയുടെ വാങ്ങ് യിഹാങ്ങിനോട് 21-19, 21-7 എന്ന സ്കോറിനാണ് കീഴടങ്ങിയത്. ക്വാര്‍ട്ടറില്‍ വാങ്ങ് യിഹാങ്ങാണ് സിന്ധുവിന്റെ എതിരാളി.
പുരുഷ വിഭാഗത്തില്‍ ഏഴാം സീഡ് വിയറ്റ്നാമിന്റെ ടിന് മിന് ഗ്വിനെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ അട്ടിമറിച്ചാണ് ഇന്ത്യയുടെ കെ. ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തിയത്. 58 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ 18-21, 21-15, 21-8 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ വിജയം. മറ്റൊരു മത്സരത്തില്‍ സായി പ്രണീത് സിംഗപ്പൂരിന്റെ സി ലിയാങ്ങ് വോംഗിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അവസാന എട്ടില്‍ ഇടം പിടിച്ചത്. വെറും 39 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 24-22, 21-19 എന്ന സ്കോറിനാണ് സായിപ്രണീത് വിജയം സ്വന്തമാക്കിയത്. അതേസമയം മറ്റൊരു ഇന്ത്യന്‍ താരമായ പ്രണോയ്. എച്ച്.എസ് ചൈനയുടെ പെന്‍ഗ്യു ദുവിനോട് ഒരു മണിക്കൂറും ആറ് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 21-17, 18-21, 21-12 എന്ന സ്കോറിന് പരാജയപ്പെട്ട് പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ കെ. ശ്രീകാന്ത് ചൈനയൂടെ യുന്‍ ഹുവുമായും സായിപ്രണീത് അഞ്ചാം സീഡ് ചൈനയുടെ പെന്‍ഗ്യു ദുവുമായും ഏറ്റുമുട്ടും. പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ആല്വിന് ഫ്രാന്‍സിസ്-അരുണ്‍ വിഷ്ണു സഖ്യം ഇന്തോനേഷ്യന്‍ സഖ്യത്തോട് 21-17, 24-22 എന്ന സ്കോറിന് പരാജയപ്പെട്ട് പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: