കൊച്ചി: ‘എങ്ങനേങ്കിലും ബൂത്ത് എത്തിയാല്‍ മതിയായിരുന്നു…’ മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിന് മുമ്പില്‍ തടിച്ചുകൂടിയ ആയിരത്തോളം വരുന്ന ഓഫീസര്‍മാരുടെ ഗദ്ഗദം ഇന്നലെ ഇതായിരുന്നു. മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പിന് ശേഷം മഷിയും പശയും വോട്ടിംഗ് യന്ത്രങ്ങളും ഏറ്റുവാങ്ങി പരിശോധിച്ച് അവരില്‍ പലരും ബൂത്തിലെത്തിയപ്പോഴേക്കും നേരം സന്ധ്യയായി. രാഷ്ട്രീയപാര്‍ട്ടികളുടെ നിശ്ശബ്്ദപ്രചാരണത്തിന്റെ ദിനത്തില്‍ വിയര്‍ത്തുകുളിച്ച് ദുരിതപര്‍വ്വം താണ്ടി പ്രിസൈഡിങ്ങ്, പോളിങ്ങ് ഓഫീസര്‍മാര്‍ വലഞ്ഞദിനമായിരുന്നു ബുധനാഴ്ച. എറണാകുളം മഹാരാജാസ് ഓഡിറ്റോറിയത്തിലും ഗേള്‍സ് ഹൈസ്കൂളിലുമായി ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് സാമഗ്രി വിതരണം സമാധാനപരമായിരുന്നെങ്കിലും കഠിനമായ കാത്തിരിപ്പിന്റെ മണിക്കൂറുകളായി.
പുലര്‍ച്ചെ ഏഴു മുതല്‍ മഹാരാജാസ് ഓഡിറ്റോറിയത്തിന് സമീപം വോട്ടിംഗിനായുള്ള യന്ത്രസാമഗ്രികളും മറ്റും ഏറ്റുവാങ്ങാനെത്തിയ ഓഫീസര്‍മാരുടെ നീണ്ട നിര കാണാമായിരുന്നു. പോളിംഗ് സാമഗ്രി വിതരണത്തിന് മുമ്പ് ബൂത്ത് നമ്പര്‍ ഏതെന്ന് അറിയാനുള്ള നെട്ടോട്ടത്തിലായിരുന്നു. ഓഡിറ്റോറിയത്തിന് മുമ്പില്‍ പല പല നിരകള്‍. പ്രിസൈഡിങ്ങ് ഓഫീസര്മാര്ക്കൊന്ന് ഓരോ പോളിംഗ് ഓഫീസര്‍മാര്‍ക്ക് മറ്റുള്ളവയും. എട്ടുമണിയായതോടെ ഓഫീസര്‍മാരുടെ പക്കല്‍ നിന്നും ഡ്യൂട്ടി ഓര്‍ഡര്‍ മേടിച്ച് ബൂത്തുകളുടെ നമ്പര്‍ നല്കി തുടങ്ങി. കഴിഞ്ഞ വര്‍ഷം പ്രിസൈഡിങ്ങ് ഓഫീസര്മാത്രം ക്യൂ നിന്ന് ബൂത്ത് നമ്പര്‍ മേടിച്ചിരുന്നത് ഇക്കുറി ഒരു ബൂത്തിലേക്ക് പോകേണ്ട ഓരോരുത്തരും നില്‍ക്കേണ്ടിവന്നത് ബുദ്ധിമുട്ട് സൃഷ്ടിച്ചുവെന്ന് പലരും പറഞ്ഞു. റിസര്‍വ്വ് ഓഫീസര്‍മാരായാണ് തങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ചിലര്‍ അറിഞ്ഞത് വിതരണ കേന്ദ്രത്തിലെത്തിയപ്പോഴാണ്. കഴിഞ്ഞ തവണ ഇത് ഓര്‍ഡര്‍ ലഭിക്കുമ്പോള്‍ തന്നെ അറിഞ്ഞിരുന്നെന്ന് പറഞ്ഞ് ചിലര്‍ പ്രശ്നമുണ്ടാക്കിയെങ്കിലും ഉദ്യഗസ്ഥര്‍ ഇടപെട്ട് പരിഹരിച്ചു. ഇരുപതുശതമാനത്തോളം ഉദ്യോഗസ്ഥരെ റിസര്‍വ്വ് ഉദ്യോഗസ്ഥരാക്കി വച്ചിട്ടുണ്ടെന്ന് വിതരണം വിലയിരുത്താനെത്തിയ കളക്ടര്‍ എം.ജി രാജമാണിക്യം പറഞ്ഞു.
തൃക്കാക്കര (083) നിയോജകമണ്ഡലത്തിലേക്കും എറണാകുളം (081) നിയോജകമണ്ഡലത്തിലേക്കുമുള്ള ബൂത്തുകളിലേക്കുള്ള വോട്ടിംഗ് സാമഗ്രി വിതരണമായിരുന്നു മഹാരാജാസ് ഓഡിറ്റോറിയത്തില്‍ നടന്നത്. ഗേള്‍സ് സ്കൂളില്‍ തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ(083) ബൂത്തുകളിലേക്കുള്ള വിതരണവും ക്രമീകരിച്ചിരുന്നു. തൃക്കാക്കര നിയോജകമണ്ഡലത്തിലെ ബൂത്തുകളിലേക്ക്് ഉദ്യോഗസ്ഥരെ അയക്കാന്‍ 15 കൗണ്ടറുകളായിരുന്നു ക്രമീകരിച്ചിരുന്നത്. 9 ബൂത്തുകള്‍ ഒരു കൗണ്ടറിന് കീഴിലുണ്ടായിരുന്നു. എറണാകുളം നിയോജകമണ്ഡലത്തിലേതിനായി 14 കൗണ്ടറുകളും അവയ്ക്കോരോന്നിന് കീഴില്‍ ഒമ്പത് ബൂത്തുകളുമുണ്ടായിരുന്നു. തൃപ്പൂണിത്തുറയിലേക്കുള്ള ബൂത്തുകളിലേക്ക് സാമഗ്രികള്‍ വിതരണ ചെയ്യാന്‍ 17 കൗണ്ടറുകളും അവയ്ക്കോരോന്നിനും കീഴില്‍ ഒമ്പത് ബൂത്തുകളും വരും വിധമായിരുന്നു ക്രമീകരണം.
ഇലക്ട്രല്‍ റോള്‍ മാര്‍ക്ക്ഡ് കോപ്പി, അദര്‍ കോപ്പി, ബാലറ്റ് പോസ്റ്റല്‍ വോട്ട്, പശ, ഓഫീസര്‍മാര്‍ക്കുള്ള തുക, മഷി തുടങ്ങിയവയുടെ വിതരണം കൗണ്ടറുകള്‍ വഴി നടന്നു. ഇതിനിടയില്‍ ഓഫീസര്‍മാര്‍ക്ക് വോട്ടുചെയ്യാനുള്ള ഇഡിസി ഫോം വിതരണം ചെയ്തത് ചിലര്‍ക്ക് ലഭിക്കാതിരുന്നത് ചെറിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. നിയജകമണ്ഡലത്തിന് പുറത്തുള്ള ഓഫീസര്‍മാരുടെ വോട്ട് പോസ്റ്റല്‍ ബാലറ്റ് വഴി ചെയ്യണമെന്നതിലെ ആശയക്കുഴപ്പവും പ്രശ്നം സൃഷ്ടിച്ചു. സ്ട്രോങ്ങ് റൂമില്‍ നിന്ന് വോട്ടിംഗ് മെഷീനും കണ്ട്രോള് യൂണിറ്റും നല്കിയപ്പോഴേക്കും സമയം തിനൊന്നരയായി. ഒരു പ്രിസൈഡിങ്ങ് ഓഫീസറും 3 പോളിംഗ് ഓഫീസര്‍മാരും പോലീസും അടങ്ങുന്ന ആദ്യ സംഘം പുറത്തിറങ്ങിയപ്പോഴേക്കും സമയം പന്ത്രണ്ടു പിന്നിട്ടിരുന്നു. മഹാരാജാസിലെ മരത്തണല്‍ സാമഗ്രികള്‍ പരിശോധിക്കാന്‍ സൗകര്യമായെന്ന് ഓഫീസര്‍മാരുടെ പക്ഷം. ചില പോളിംഗ് ഓഫീസര്‍മാര്‍ എത്തിച്ചേരാന്‍ വൈകിയത് മൂലം ബൂത്തുകളിലേക്ക് മടങ്ങാനാവാതെ പലരും മഹാരാജാസില്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട ഗതികേടും ഉണ്ടായി.
കഴിഞ്ഞതവണ ഒരു നിയോജകമണ്ഡലം മാത്രമേ മഹാരാജാസില്‍ ഇക്കുറി തൃക്കാക്കരയും വന്നത് ചെറിയ തിറക്ക് കൂട്ടിയെന്ന് ഓഫീസര്‍മാര്‍. കളക്ഷന്‍ സമയത്ത് മൂന്ന് മണ്ഡലങ്ങളിലേയും ഇവിടെയാണ് നടക്കുക. ഇതും വ്യാഴാഴ്ച വൈകീട്ട് തിരക്കുവര്ദ്ദിപ്പിക്കുമെന്നും ഓഫീസര്‍മാര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: