ബെര്‍ലിന്‍: എല്ലാം ഭദ്രമെന്നു തോന്നിക്കുന്ന അവസ്ഥയില്‍ നിന്നു ഭീതിയുടെ പടിവാതില്ക്കലെത്തുക സ്പാനിഷ് ജൈന്റ്സ് റയല്‍ മാഡ്രിഡ് അതു ശരിക്കനുഭവിച്ചറിഞ്ഞു. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ആദ്യ പാദ ക്വാര്‍ട്ടറില്‍ ജര്‍മ്മന്‍ ടീം ബൊറൂസിയ ഡോര്‍ട്ട്മുന്‍ഡിനെ 3-0ത്തിനു മുക്കിയ റയല്‍ എതിരാളിയുടെ കളത്തിലെ രണ്ടാം മുഖാമുഖത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുട്ടുകുത്തി. മാര്‍ക്കോ റൂസിന്റെ ഡബിള്‍ സ്ട്രൈക്കാണ് റയലിനെ വീഴ്ത്തിയത്. എങ്കിലും 3-2ന്റെ അഗ്രഗേറ്റ് സ്കോറുമായി കാര്‍ലോ ആന്‍സലോട്ടിയുടെ ടീം സെമിയില്‍ ഇടംഉറപ്പിച്ചു. ഇതോടെ കഴിഞ്ഞ തവണ സെമി ഫൈനലില്‍ ബൊറൂസിയയോടേറ്റ തോല്‍വിക്കു പകരംവീട്ടാനും റയലിനായി.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന തുറുപ്പുചീട്ടിന്റെ അസാന്നിധ്യം, റയലിനെ ബുദ്ധിമുട്ടിച്ച പ്രധാനകാര്യം മറ്റൊന്നുമല്ല. പ്രതിരോധപ്പിഴവുകള്‍ കൂടി ചേര്‍ന്നപ്പോള്‍ മുന്‍ ജേതാക്കള്‍ ശരിക്കും വിയര്‍ത്തു. വലയ്ക്കുകീഴിലെ വിശ്വസ്തന് ഇകര്‍ കസിയസ് നടത്തിയ ചില സേവുകള്‍ റയലിനെ താങ്ങി നിര്‍ത്തിയെന്നു പറയാം.
17-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി എയ്ഞ്ചല്‍ ഡി മരിയ നഷ്ടപ്പെടുത്തിയപ്പോള്‍ ആരംഭിച്ചു റയലിന്റെ കാലക്കേട്. നനഞ്ഞ ഗ്രൗണ്ടില്‍ വഴുതിപ്പോയ മരിയ തൊടുത്ത ദുര്‍ബല ഷോട്ട് ബൊറൂസിയ ഗോളി റൊമാന് വെയ്ഡന്‍ഫെലര്‍ തട്ടിയകറ്റി. ഏഴു മിനിറ്റുകള്‍ പിന്നിടുമ്പോള്‍ ബൊറൂസിയ ലീഡെടുത്തു.
പെപ്പെയുടെ ശക്തിയില്ലാത്ത ബാക്ക് ഹെഡ്ഡര്‍ റൂസിനെ തേടിയെത്തി. പന്തുമായി കസിയസിനെ വകഞ്ഞു മാറിയ റൂസ് ഒഴിഞ്ഞ പോസ്റ്റിലേക്ക് നിറയൊഴിച്ചു (1-0). തുടര്‍ന്നും ബൊറൂസിയ ഗോള്‍ ദാഹത്തോടെ ആക്രമിച്ചു. മാറ്റ്സ് ഹമ്മല്‍സിന്റെ ഹെഡ്ഡര്‍ കസിയസ് ബാറിനു മുകളിലേക്ക് തിരിച്ചുവിട്ടു. 37-ാം മിനിറ്റില്‍ റൂസിന്റെയും ബൊറൂസിയയുടെയും രണ്ടാം ഗോള്‍. റയലിന്റെ അസിയര്‍ ഇലാറെമന്ഡി പൊസഷന്‍ നഷ്ടപ്പെടുത്തിയപ്പോള്‍ റൂസ് പന്ത് കാല്ക്കീഴിലാക്കി. റൂസിന്റെ പാസില്‍ റോബര്‍ട്ടോ ലെവന് ഡോവ്സ്കിയുടെ ഷോട്ട; പക്ഷേയതു പോസ്റ്റിന് ചുംബിച്ചു.
റീബൗണ്ട് പിടിച്ച റൂസിന്റെ കണക്കു കൂട്ടല്‍ പിഴച്ചില്ല (2-0). രണ്ടാം പകുതിയില്‍ റയല്‍ നന്നായി തുടങ്ങി. ഗെരത് ബെയ്ലും കരീം ബെന്സേമയുമൊക്കെ ഒന്നുരണ്ടു തവണ ഗോളിനടുത്തെത്തി. അവസാന പതിനഞ്ചു മിനിറ്റില്‍ മൂന്നാം ഗോള്‍ ലക്ഷ്യമിട്ട് ബൊറൂസിയ താരങ്ങള്‍ ഇരമ്പിയാര്‍ത്തെങ്കിലും കസിയസിന്റെ പരിശ്രമങ്ങള്‍ റയലിനു രക്ഷയൊരുക്കി.
ലണ്ടന്‍: ചെല്‍സിക്കത് നിലനില്‍പ്പിന്റെ യുദ്ധമായിരുന്നു. സ്വന്തംകാണികളുടെ മുന്നില്‍ തോറ്റിരുന്നെങ്കില്‍ ബ്ലൂസിന്റെ മാനം കപ്പലേറിയേനെ.ഒപ്പം ചാമ്പ്യന്‍സ് ലീഗ് പ്രയാണത്തിനും തിരശീലവീഴുകയും ചെയ്യുമായിരുന്നു. പക്ഷേ ഹോസെ മൗറീഞ്ഞോയുടെ കുട്ടികള്‍ അവസരത്തിനൊത്തുയര്‍ന്നു. രണ്ടാംപാദ ക്വാര്‍ട്ടറില്‍ ഫ്രഞ്ച് ടീം പാരീസ് സെയ്ന്റ് ജെര്‍മെയ്നെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അതിജീവിച്ച് ചെല്‍സി സെമിയിലേക്കുള്ള വഴിവെട്ടിത്തുറന്നു. ആദ്യ പാദത്തില്‍ പിഎസ്ജി 3-1 ന് ജയിച്ചിരുന്നു. അഗ്രഗേറ്റ് സ്കോര്‍ 3-3ല്‍ എത്തിയപ്പോള്‍ എവേ ഗോളിന്റെ ആനുകൂല്യം ചെല്‍സിയെ തുണച്ചു.
തുടക്കത്തില്‍ പിഎസ്ജിക്കായിരുന്നു മുന്‍തൂക്കം. ചെല്‍സിയെ തനതു ശൈലിയില്‍ കളിക്കാന്‍ അവര്‍ അനുവദിച്ചില്ല. സൂപ്പര്‍ സ്ട്രൈക്കര്‍ സ്ലാട്ടന് ഇബ്രാഹിമോവിച്ചിന്റെ അഭാവം പിഎസ്ജിയുടെ മുന്നേറ്റങ്ങളെയും ബാധിച്ചു. എന്നാല്‍ ഈഡന് ഹസാര്ഡിനേറ്റ പരുക്ക് ചെല്‍സിയെ ഒന്നുകൂടി പിന്നോട്ടടിച്ചു. എങ്കിലും പകരക്കാരന് ആന്ദ്രെ ഷറിള്‍ ചെല്‍സിക്കുവേണ്ടി ആ കുറവു പരിഹരിച്ചെന്നു വിലയിരുത്താം. 32-ാം മിനിറ്റില്‍ ഒരു നെടുനീളന്‍ ത്രോ ഡേവിഡ് ലൂയിസ് ഹെഡ്ഡ് ചെയ്തു. പന്ത് ചെന്നുവീണത് ഷറിളിന്റെ കാല്ച്ചുവട്ടില്. പെനാല്‍റ്റി ഏരിയയുടെ മധ്യത്തില്‍ നിന്നു ഷറിളിന്റെ ഷോട്ട് പിഎസ്ജിയുടെ വലതുളച്ചു (1-0).
ഒന്നാം പകുതിയില്‍ ഷറിളിന്റെ മറ്റൊരു ഗോള്‍ ശ്രമത്തിന് ക്രോസ് ബാര്‍ പ്രതിബന്ധം തീര്‍ത്തു.
പിന്നാലെ ഓസ്കറിന്റെ ഫ്രീകിക്കിനും അതേ വിധി നേരിടേണ്ടിവന്നു. ശരിക്കു പറഞ്ഞാല്‍ സ്റ്റാന്‍ഫോര്‍ഡ് ബ്രിഡ്ജിലേതു ചെല്‍സിയുടെ ദിനമല്ലെന്നു തോന്നി. അതേസമയം, ലക്ഷ്യബോധമില്ലായ്മയിലൂടെ പിഎസ്ജി എതിരാളിക്ക് സന്തോഷങ്ങള്‍ നല്‍കുകയായിരുന്നു.
എഡിന്‍സന്‍ കവാനി തുറന്ന അവസരം നഷ്ടപ്പെടുത്തിയതടക്കമുള്ള നിമിഷങ്ങള്‍ അതില്‍പ്പെടുന്നു. ഒടുവില്‍ 87-ാം മിനിറ്റില്‍ പകരക്കാരുടെ കൂട്ടത്തിലംഗമായ ഡെംബാ ബാ ചെല്‍സിക്ക് കാത്തിരുന്നു ഗോള്‍ സമ്മാനിച്ചു.
സെസാര്‍ അസ്പിലക്യൂട്ട വഴിതിരിച്ചവിട്ട പന്ത് സെനഗല്‍ താരം ഗോള്‍ വരകടത്തുമ്പോള് ഗ്യാലറി ഇളകിമറിഞ്ഞു (2-0).
പ്രതികരിക്കാൻ ഇവിടെ എഴുതുക: